കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തനം തടസപ്പെടുത്തി. ഇന്ന് വൈകിട്ട് ഏഴേമുക്കാലോടെയാണ് മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പാലരിവട്ടത്തെ ഓഫീസില്‍ അതിക്രമിച്ച് കയറിയത്.
ഓഫീസിനുളളില്‍ മുദ്രവാക്യം വിളിച്ച ഇവര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രവര്‍ത്തകരെ നീക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനുമുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധിക്ഷേപ ബാനറും കെട്ടി. അതിക്രമിച്ച് കയറി ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നല്കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു.
സെക്യൂരിറ്റി ജീവനക്കാരെ തളളിമാറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കടന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ക്യാമാറാ ദൃശ്യങ്ങളും പരാതിക്കൊപ്പം തെളിവായി നല്‍കിയിട്ടുണ്ട്
ഏഷ്യാനെറ്റ് ന്യൂസിന്റെ മയക്ക് മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ‘നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന റോവിംഗ് റിപ്പോര്‍ട്ടാണ് എസ് എഫ് ഐ യെ പ്രകോപിപ്പിച്ചത് . പതിനാല് വയസ്സുള്ള വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടവരുമായി മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയെന്നും, സമാന പ്രായമുള്ള പലരുമായും മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയെന്നും വാര്‍ത്തയിലെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയിലെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചെന്ന് പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്കൂളിലെ കുട്ടികളെയും വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്കൂള്‍ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാര്‍ത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികള്‍ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ സഹപാഠി പീഡിപ്പിച്ച കാര്യത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിപ്രകാരം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതായും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന സൂചനയും മുഖ്യമന്ത്രിയുടെ മറുപടിയിലുണ്ട്
ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിനുള്ളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. സംഘടനകളുടെ മറപിടിച്ച് ക്രിമിനലുകളെ വളരാന്‍ അനുവദിക്കരുത്. മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമ നടപടി ഉറപ്പാക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനും സെക്രട്ടറി കെ.എന്‍.സാനുവും ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: