കൊച്ചി : പെരുമ്പാവൂര്‍ അല്ലപ്രയില്‍ പ്ലൈവുഡ് ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് അപകടം. ഒഡീഷ സ്വദേശി മരിച്ചു. രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രത്തന്‍ കുമാര്‍ മബല്‍ എന്നയാളാണ് മരിച്ചത്.
മുടിക്കല്‍ സ്വദേശിയായ ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള പ്ലൈക്കോണ്‍ ലാമിനേറ്റ് എന്ന സ്ഥാപനത്തിലാണ് വെള്ളിയാഴ്ച രാവിലെ ബോയിലര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്ന് വീണു.
അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സ്ഫോടനത്തില്‍ രത്തന്‍ കുമാറിന്റെ നെഞ്ചില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് മറ്റ് ജീവനക്കാരുടെ മൊഴി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.
















