രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണ് ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം, അമൃതകാലത്തെ ഒന്നാം ബജറ്റാണിതെന്ന കാര്യം അധികമാരും ശ്രദ്ധിച്ചതായി തോന്നുന്നില്ല. അടുത്ത ഇരുപത്തിയഞ്ച് വര്‍ഷത്തെ മുന്നില്‍ക്കണ്ട് ഏഴ് അടിസ്ഥാന തത്വങ്ങളിലും മുന്‍ഗണനകളിലും ഊന്നിക്കൊണ്ടുള്ള ബജറ്റാണിത്. സപ്ത ഋഷി എന്നു പേരിട്ടിട്ടുള്ള ഇൗ തത്വങ്ങള്‍ അമൃതകാലത്ത് രാജ്യത്തിന് വഴികാട്ടുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തുകയുണ്ടായി. സമഗ്ര വികസനം, അന്ത്യോദയം, അടിസ്ഥാന മേഖലയും നിക്ഷേപവും, കര്‍മശേഷി ഉപയോഗിക്കല്‍, ഹരിതവളര്‍ച്ച, യുവശക്തി, ധനകാര്യ മേഖല എന്നിവയിലാണ് ഈ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സാങ്കേതിവിദ്യയെ ആശ്രയിച്ചും വിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയുമുള്ള ഒരു സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ആരോഗ്യകരമായ ഒരു സമ്പദ് വ്യവസ്ഥ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത്. നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറയുകയുണ്ടായി. ഇതിന് അനുസൃതമായ പ്രഖ്യാപനങ്ങളാണ് നടത്തിയിട്ടുള്ളത്. സാമ്പത്തിക മാന്ദ്യമുള്‍പ്പെടെ ലോക സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശരിയായ ദിശയിലാണെന്ന ആത്മവിശ്വാസം ഈ ബജറ്റ് നല്‍കുന്നുണ്ട്.
എല്ലാ അര്‍ത്ഥത്തിലും സന്തുലിത ബജറ്റാണ് നിര്‍മല സീതാരാമന് അവതരിപ്പിച്ചിട്ടുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ പ്രീണിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടുമില്ല. കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും റെയില്‍വേയ്ക്കും പ്രതിരോധത്തിനും സ്ത്രീശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനുമൊക്കെ വലിയ തുകതന്നെയാണ് നീക്കിവച്ചിട്ടുള്ളത്. ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. മഹാമാരിയുടെ കാലത്ത് 800 ദശലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ നല്കിയതിന്റെയും, 120 ദശലക്ഷം ശുചിമുറികള്‍ നിര്‍മിച്ചതിന്റെയും, 96 ദശലക്ഷം പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്തതിന്റെയും തുടര്‍ച്ചയായാണ് ബജറ്റില്‍ ക്ഷേമപദ്ധതികൡലേക്ക് തുക നീക്കിവച്ചിട്ടുള്ളത്. മധ്യവര്‍ഗത്തിനു മാത്രമാണ് ഈ ബജറ്റ് ഗുണം ചെയ്യുകയെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വരുമാനനികുതി കൊടുക്കുന്നവര്‍, ശമ്പളം വാങ്ങുന്ന സര്‍ക്കാരുദേ്യാഗസ്ഥര്‍, യുവസംരംഭകര്‍, താഴ്ന്ന മധ്യവര്‍ഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, ഭൂരഹിത തൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ എന്നിങ്ങനെ എല്ലാ മേഖലകളിലുമുള്ളവര്‍ക്കും ഗുണം ലഭിക്കുന്നവിധം പണം വകയിരുത്തിയിട്ടുണ്ട്. ആദായനികുതി നല്‍കേണ്ട പരിധി ഏഴ് ലക്ഷമായി ഉയര്‍ത്തിയത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഇതുവഴി വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കുകയും സാമ്പത്തിക ഇടപാടുകള്‍ സജീവമാക്കുകയും ചെയ്യും. ആദായനികുതിയുടെ പരിധി ഉയര്‍ത്തണമെന്നത് വളരെക്കാലത്തെ ആവശ്യമായിരുന്നു. ഇക്കാര്യത്തില്‍ ശക്തമായ തീരുമാനമാണ് ബജറ്റില്‍ എടുത്തിട്ടുള്ളത്.
പിന്നാക്കക്കാര്‍, ദൡതുകള്‍, ഗോത്രവര്‍ഗക്കാര്‍, വനിതകള്‍ എന്നിങ്ങനെ അധഃസ്ഥിതരും ദുര്‍ബലരുമായ ജനവിഭാഗങ്ങളുടെ ജീവനോപാധികള്‍ ഉറപ്പുവരുത്തുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ഇവര്‍ അവഗണിക്കപ്പെടില്ലെന്ന വ്യക്തമായ സന്ദേശമാണിത്. ദുര്‍ബല ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി 15,000 കോടി രൂപ നീക്കിവച്ചതും, ഗോത്രമേഖലയിലെ സ്കൂളുകളില്‍ പുതുതായി 3800 അധ്യാപകരെ നിയമിക്കുമെന്ന പ്രഖ്യാപനവും ഇതിനു തെളിവാണ്. വടക്കു കിഴക്കന്‍ മേഖലയിലെയും മധ്യ ഇന്ത്യയിലെയും ഗോത്രവിഭാഗങ്ങള്‍ക്ക് ഇതിന്റെ ഗുണം കൂടുതലായി ലഭിക്കും. സൂക്ഷ്മ-ചെറുകിട വ്യവസായ സംരംഭകര്‍ക്കും വലിയ തുകയാണ് നീക്കിവച്ചിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനവിരുദ്ധമെന്ന് വ്യാഖ്യാനിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ലെന്നത് പ്രതിപക്ഷത്തെ നിരാശപ്പെടുത്തുന്നു. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ സില്‍വര്‍ലൈനിനെക്കുറിച്ച് പരാമര്‍ശിക്കാതിരുന്നത് അതിന്റെ മറവില്‍ വന്‍ അഴിമതിക്ക് കോപ്പുകൂട്ടിയിരുന്നവരെ അമര്‍ഷം കൊള്ളിച്ചിരിക്കുന്നത് സ്വാഭാവികം. ജനസംഖ്യയിലെ വലിയൊരു വിഭാഗം മധ്യവര്‍ഗക്കാരുള്ള കേരളത്തില്‍ ഇപ്പോഴത്തെ ബജറ്റ് പലതരത്തില്‍ ഗുണം ചെയ്യും. ഇക്കാരണത്താല്‍ കുപ്രചാരണം വിലപ്പോവില്ല. സാമ്പത്തിക അച്ചടക്കം പാലിച്ചും ധനക്കമ്മി വര്‍ധിപ്പിക്കാതെയും രൂപം നല്‍കിയിട്ടുള്ള സമഗ്രവും ശക്തവും സുതാര്യവുമായ ബജറ്റാണിതെന്ന് നിസ്സംശയം പറയാം. അമേരിക്കയെയും ബ്രിട്ടനെയും പോലുള്ള വന്‍ശക്തികളുടെ വളര്‍ച്ചാനിരക്കുകള്‍ കുറയുമ്പോള്‍ വലിയ സാമ്പത്തിക കുതിപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ കുതിച്ചുചാട്ടത്തിനുള്ള രൂപരേഖയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: