ലഖ്‌നൗ : മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ കേസരി നാഥ് ത്രിപാഠി(88) അന്തരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൈയ്‌ക്ക് പൊട്ടലും ശ്വാസ തടസ്സവുംമൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹം ഒരാഴ്ച മുമ്പാണ് വീട്ടില്‍ തിരിച്ചെത്തിയത്. 1934 നവംബര്‍ 10-ന് അലഹബാദിലാണ് കേസരി നാഥ് ത്രിപാഠി ജനിച്ചത്. മൂന്ന് തവണ യുപി നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അധ്യക്ഷ പദവി കൂടി അദ്ദേഹം വഹിച്ചിട്ടുണ്ട്.
2014 മുതല്‍ 2019 വരെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്നു. ഈ സമയത്ത് ബീഹാര്‍, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കി. ഉത്തര്‍പ്രദേശിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ കൂടിയായിരുന്നു അദ്ദേഹം. ആറ് തവണ ഉത്തര്‍പ്രദേശ് നിയമസഭയില്‍ അംഗമായിരുന്നു. 1977 മുതല്‍ 1979 വരെയുള്ള ബിജെപി ഭരണകാലത്ത് യുപിയിലെ ധനകാര്യ, വില്‍പന നികുതി മന്ത്രിയായിരുന്നു. അലഹബാദ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്നു.
എഴുത്തുകാരനും കവിയും കൂടിയായിരുന്ന ത്രിപാഠി, നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘മനോനുകൃതി’, ‘ആയുപങ്ക്’ എന്നീ രണ്ട് സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന സാഹിത്യകൃതികള്‍. അദ്ദേഹത്തിന്റെ ‘സഞ്ചയിത: കേസരി നാഥ് ത്രിപാഠി’ എന്ന പുസ്തകത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കേസരി നാഥ് ത്രിപാഠിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ നേതാക്കളെല്ലാം അനുശോചനം രേഖപ്പെടുത്തി.
















