കോഴിക്കോട്: അന്ന് ജില്ലാ കലോത്സവങ്ങളിലാണ് ഗായത്രി പങ്കെടുത്തത്. ആറാം ക്ലാസുകഴിഞ്ഞപ്പോള്‍ ദുബായിലായി പഠനം. അതിനാല്‍ സംസ്ഥാന കലോത്സവ വേദികളിലൊന്നും പ്രതിഭ പ്രകടിപ്പിക്കാനവസരം കിട്ടിയില്ല. എന്നാല്‍, ഇന്ന് ഗായത്രി എന്ന ഈ പത്തനംതിട്ടക്കാരി മിസ് കോസ്മോസ് ഇന്റര്‍നാഷണല്‍ ആയി മത്സരിച്ച് ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. അതിന് സഹായിച്ചതില്‍ പ്രധാനം നൃത്തവും മറ്റ് കലാ പ്രവര്‍ത്തനവും മുഖ്യം.
കോഴിക്കോട്ട് 61ാം സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുമ്പോള്‍, പൂനെയില്‍നിന്ന് കോഴിക്കോട്ടെത്തി കലോത്സവത്തില്‍ മികച്ച് പ്രകടനങ്ങള്‍ കാണാന്‍ കൊതിയറിയിക്കുകയാണ് ഗായത്രി. മുഴുവന്‍ പേര് ഗായത്രി ശ്രീലത. പത്തനംതിട്ടയാണ് നാട്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് കഴിഞ്ഞ് പൂനെയില്‍ ടാറ്റാ മോട്ടോഴ്സില്‍ സീനിയര്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. നൃത്തം, പ്രസംഗം തുടങ്ങിയ ഇനങ്ങളിലാണ് സ്കൂള്‍തലത്തില്‍ ഗായത്രി മത്സരിച്ചിരുന്നത്. ഇന്ന് അറിയപ്പെടുന്ന നര്‍ത്തകിയുമാണ്.
കഥകളിയാണ് പ്രിയപ്പെട്ട നടനകല. എല്ലാ ഭാരതീയ നൃത്ത സമ്പ്രദായങ്ങളും വഴങ്ങും. അതേപോലെ വെസ്റ്റേണ്‍ കലകളും. കലോത്സവം കുട്ടികളിലെ പഠന മികവിനുപുറമേയുള്ള പ്രതിഭ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നു. ഒരു മത്സരമെന്നതിനപ്പുറം നമ്മുടെ സര്‍ഗവൈഭവത്തെ ഉണര്‍ത്തുന്നതാണ് ഇത്തരം വേദികള്‍. ഇത്തരം വേദികളിലൂടെയാണ് ലോക സൗന്ദര്യ മത്സരത്തിന്റെ വേദിയില്‍ നില്ക്കാന് ആത്മവിശ്വാസം നല്‍കിയതെന്നും ഗായത്രി പറയുന്നു.
2021 ല്‍ ഇന്ത്യയില്‍നിന്ന് മിസ് കോസ്മോസ് വേള്‍ഡ് മത്സരത്തില്‍ ഗായത്രി തിരഞ്ഞെടുക്കപ്പെട്ടു. 2022 ജൂണ്‍വരെ പരിശീലനമായിരുന്നു. മുന്‍കാലങ്ങളില്‍ മിസ് കോസ്മോസ് ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ വിജയിച്ചവരുള്പ്പെടെയായിരുന്നു ട്രെയിനര്‍മാര്‍. ലോകരാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. അവിടെ മത്സരംവദിയില്നില്ക്കുമ്പോള് ഗായത്രിയല്ല, മിസ് ഇന്ത്യ കോസ്മോസ് ആണ് എന്ന വികാരം ഉത്തരവാദിത്വം കൂട്ടി.
കാരണം, രാജ്യത്തിന്റെ പേരിലാണ് ഞാന്‍ അടയാളപ്പെടുത്തപ്പെട്ടത്. മിസ് കോസ്മോസ് ഇന്റര്‍നാഷണല്‍ കിരീടം അണിഞ്ഞപ്പോള്‍ ജഡ്ജിങ് കമ്മിറ്റി ചോദിച്ചു: ‘മിസ് കോസ്മോസ് വേള്‍ഡിന്റെ സൂപ്പര്‍ പവര്‍ എന്താണ്?’ ഗായത്രി പറഞ്ഞു: ”എന്റെ സൂപ്പര്‍പവര്‍, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിലൂടെ സൂപ്പര്‍ പവറായ ഇന്ത്യയെ പ്രതിനീധീകരിക്കുന്നതാണ് എന്റെ പവര്‍.” അളന്നുതൂക്കി കൃത്യമായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച് ഗായത്രി പറഞ്ഞത് ഏറ്റവും ദൃഢമായ മറുപടിയായിരുന്നു.
ഒരുകാലത്ത് ഗായത്രി കഥകളിയില്‍ കൃഷ്ണവേഷം കെട്ടിയാടാത്ത ക്ഷേത്രങ്ങളില്ല, മധ്യതിരുവിതാംകൂറില്‍ പ്രത്യേകിച്ച്. നൃത്തം എനിക്ക് ശ്വാസവായുവാണ്. കഥകളി ഏറെ ഇഷ്ടം, അതില്‍ കൃഷ്ണവേഷത്തിലാണ് കമ്പം, ഗായത്രി പറയുന്നു.
ദുബായിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ സതീഷ് കുമാറാണ് അച്ഛന്. അമ്മ ഡോ. ശ്രീലത. സഹോദരന് ഗോപീകൃഷ്ണന് ഐടി എഞ്ചിനീയറിങ് പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: