തിരുവനന്തപുരം: “ക്ഷേത്രസ്വത്ത് മാത്രം എങ്ങിനെയാണ് പൊതുമുതല്‍ ആകുന്നത്? ഒന്നുകില്‍ എല്ലാ ആരാധനാലയങ്ങളും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം. അല്ലെങ്കില്‍ ക്ഷേത്രങ്ങള്‍ ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണം” – എന്ന് തുടങ്ങുന്ന പി.കെ. ഷിബി എഴുതിയ പോസ്റ്റ് വൈറലാകുന്നു.
ബ്രിട്ടീഷുകാര്‍ എന്തിനാണ് ക്ഷേത്രങ്ങള്‍ കയ്യടക്കിയതെന്നും ഷിബി ഈ പോസ്റ്റില്‍ വിവരിക്കുന്നു:”സാംസ്കാരിക കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങളെ പിടിച്ചടക്കി ഭാരതീയമായ എല്ലാത്തിനെയും ഇല്ലാതാക്കി, വൈദേശികഭരണവിരുദ്ധ വികാരം പരമാവധി കുറക്കുക, മതപരിവർത്തനം എളുപ്പമാക്കുക എന്നൊക്കെയുള്ള സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടിയാണ് ബ്രിട്ടീഷുകാർ ക്ഷേത്രങ്ങളെ ഭരണകൂടത്തിന്റെ വരുതിയിലാക്കിയത്”.
എഴുപതുകളിൽ, മതേതരം എന്ന വാക്ക് ആരുമറിയാതെ ഭരണഘടനയിൽ കുത്തിക്കേറ്റിയപ്പോഴെങ്കിലും, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ ദേശസാൽക്കരിക്കാമായിരുന്നില്ലേ ? അല്ലെങ്കിൽ ക്ഷേത്രങ്ങളെ ഭക്തർക്ക് വിട്ടുകൊടുക്കാമായിരുന്നില്ലേ ? – ഷിബി ചോദിക്കുന്നു.
“പ്രളയംമൂലം ആയിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാംപുകളിൽ ആയപ്പോൾ, കൃസ്ത്യാനികളായ എല്ലാവര്ക്കും പള്ളികളിൽ നിന്നും വീട് വെക്കാനും, വീട് വാടകക്കെടുക്കുവാനുമുള്ള ധനസഹായം, വീട്ടുപകരണങ്ങൾ എല്ലാം അവിടുത്തെ പള്ളികൾ കൊടുത്തു… മുല്സിങ്ങൾക്കും കേരളത്തിലെ മോസ്‌കുകൾ കേന്ദ്രീകരിച്ചുകൊണ്ട് പണപ്പിരിവ് നടത്തി എല്ലാ സഹായവും നൽകി… ഒരുകൊല്ലം കഴിഞ്ഞിട്ടും, ഹിന്ദുക്കൾ മാത്രം ഇപ്പോഴും റോഡിൽക്കൂടി നടക്കുന്നുണ്ട്…” – സ്വന്തം അനുഭവം പറഞ്ഞ് ഷിബി വിവരിക്കുന്നു.
ഇതാണ് ഷിബിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പള്ളികളും, മോസ്‌കുകളും മറ്റെല്ലാ വിഭാഗങ്ങളുടെയും ആരാധനാലയങ്ങളും സർക്കാർ നിയന്ത്രണത്തിൽ അല്ലെന്നിരിക്കെ എന്തിനാണ് ക്ഷേത്രങ്ങളുടെ മേൽ മാത്രം സർക്കാരുകൾ അധികാരം സ്ഥാപിക്കുന്നത് ? സാംസ്കാരിക കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങളെ പിടിച്ചടക്കി ഭാരതീയമായ എല്ലാത്തിനെയും ഇല്ലാതാക്കി, വൈദേശികഭരണവിരുദ്ധ വികാരം പരമാവധി കുറക്കുക, മതപരിവർത്തനം എളുപ്പമാക്കുക എന്നൊക്കെയുള്ള സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ബ്രിട്ടീഷുകാർ ക്ഷേത്രങ്ങളെ ഭരണകൂടത്തിന്റെ വരുതിയിലാക്കിയെങ്കിൽ, കഴിഞ്ഞ 75 കൊല്ലം ഭരിച്ച ഭാരതസർക്കാരുകൾ എന്ത് ചെയ്തു ? 9 കൊല്ലം ഭരിച്ച ബിജെപി എന്തുചെയ്തു ? എഴുപതുകളിൽ, മതേതരം എന്ന വാക്ക് ആരുമറിയാതെ ഭരണഘടനയിൽ കുത്തിക്കേറ്റിയപ്പോഴെങ്കിലും, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ ദേശസാൽക്കരിക്കാമായിരുന്നില്ലേ ? അല്ലെങ്കിൽ ക്ഷേത്രങ്ങളെ ഭക്തർക്ക് വിട്ടുകൊടുക്കാമായിരുന്നില്ലേ ?
എന്റെ നാട്ടിൽ കഴിഞ്ഞ കൊല്ലം പ്രളയംമൂലം ആയിരക്കണക്കിനാളുകൾ ദുരിതാശ്വാസ ക്യാംപുകളിൽ ആയപ്പോൾ, കൃസ്ത്യാനികളായ എല്ലാവര്ക്കും പള്ളികളിൽ നിന്നും വീട് വെക്കാനും, വീട് വാടകക്കെടുക്കുവാനുമുള്ള ധനസഹായം, വീട്ടുപകരണങ്ങൾ എല്ലാം അവിടുത്തെ പള്ളികൾ കൊടുത്തു… മുല്സിങ്ങൾക്കും കേരളത്തിലെ മോസ്‌കുകൾ കേന്ദ്രീകരിച്ചുകൊണ്ട് പണപ്പിരിവ് നടത്തി എല്ലാ സഹായവും നൽകി… ഒരുകൊല്ലം കഴിഞ്ഞിട്ടും, ഹിന്ദുക്കൾ മാത്രം ഇപ്പോഴും റോഡിൽക്കൂടി നടക്കുന്നുണ്ട്… സർക്കാർ സഹായം എല്ലാവര്ക്കും ഒരുപോലെയാണ് കൊടുക്കുന്നത്… ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ പിടിച്ചുവെച്ചിരിക്കുന്ന സർക്കാർ, ഹിന്ദുക്കൾക്കായി ഒന്നും കൊടുത്തില്ല..!! എല്ലാം ഞാൻ നേരിട്ട് കണ്ടതാണ്… എന്നെ വല്ലാതെ വേദനിപ്പിച്ച കാര്യമാണത്..!!
കോവിഡ് വന്നപ്പോഴും സ്ഥിതി ഇതുതന്നെ ആയിരുന്നു… ഓരോ മാസവും വീട്ടിലാവശ്യമായ എല്ലാ സാധനങ്ങളും മിക്ക പള്ളികളിൽ നിന്നും കൊടുത്തിരുന്നു… മാസങ്ങളോളം ഇത് തുടർന്ന് പോന്നു… എന്നാൽ, ക്ഷേത്രങ്ങളുമായി ചേർന്ന് ജീവിച്ചിരുന്ന പതിനായിരക്കണക്കിന് കലാകാരന്മാർ പട്ടിണി കിടന്നു… കുറെപ്പേരൊക്കെ കൂലിപ്പണിക്ക് പോയി… ഒരുപാടുപേർ ആത്മഹത്യ ചെയ്തു… ഇത്രമേൽ സ്വത്തുള്ള ഗുരുവായൂരിൽ നിന്നോ മറ്റോ അവർക്കുവേണ്ടി മാസാമാസം എന്തെങ്കിലും കൊടുക്കാൻ സർക്കാരിന് തോന്നിയോ ? ഏതെങ്കിലും ഹിന്ദു സംഘനകൾക്ക് അതിനുള്ള അവകാശമുണ്ടോ ? എന്റെ വീട്ടിൽ വരുന്ന സഹായി പറഞ്ഞത് അവരുടെ ഭർത്താവ് അടുത്തിടെ അപകടത്തിൽപ്പെട്ടപ്പോൾ സർജറിയുടെയും, ചികിത്സയുടെയും എല്ലാ ചെലവും വഹിച്ചത് അവരുടെ പള്ളിയാണെന്ന്… അദ്ദേഹത്തിന് ജോലിക്ക് പോകാൻ കഴിയുന്നതുവരെ മാസാമാസം ചെലവിനുള്ള കാശും കൊടുത്തു… കാണിക്കയിടുന്ന ഒരു ഭക്തനുവേണ്ടി ഇങ്ങനെ എന്തെങ്കിലും സഹായം ചെയ്യാൻ ഏതെങ്കിലും ഒരു ക്ഷേത്രത്തിന് അവകാശമുണ്ടോ ?
ഞാനൊക്കെ പഠിച്ച, സർക്കാർ ശമ്പളം കൊടുക്കുന്ന എയ്‌ഡഡ് കൃസ്ത്യൻ സ്‌കൂളിലും, കോളേജിലുമൊന്നും ഒരൊറ്റ അന്യമതസ്ഥർ പോലുമില്ല ജോലിക്കാരായി..!! അധ്യാപകർ പോയിട്ട് ഒരു പ്യൂണുപോലും ഇല്ല… ഈയിടെ വിവാദത്തിൽപ്പെട്ട കേരളവർമ കോളേജ് നോക്കൂ… അത് ദേവസ്വം ബോർഡിന്റെ കോളേജാണ്… വിവാദാനായിക പ്രിയ വർഗ്ഗീസ് അവിടുത്തെ ജീവനക്കാരിയാണ്… അതുപോലെ എത്രയോ നൂറുക്കണക്കിന് ജീവനക്കാർ എല്ലാ മതത്തിൽ നിന്നുമുണ്ട്..!!
സംഘടിത മതങ്ങൾ ആശുപത്രികളും, കോളേജുകളും, സ്‌കൂളുകളും, അവരുടെ ആയിരക്കണക്കിന് ആരാധനാലയങ്ങൾക്ക് ചുറ്റും കടകളും, സൂപ്പർ മാർക്കറ്റുകളും വരെ നടത്തി അവരവരുടെ മതക്കാർക്ക് ജോലിയും, ജീവിതമാർഗ്ഗവും കൊടുക്കുമ്പോൾ, ക്ഷേത്രങ്ങളിൽ എന്തുനടക്കണമെന്ന് സർക്കാർ തീരുമാനിക്കും… ശബരിമലയും, ഗുരുവായൂരും, ഏറ്റുമാനൂരും പോലെയുള്ള ആരാധനാകേന്ദ്രങ്ങളിലെ അവശ്യസാധനങ്ങൾ സപ്ലൈ ചെയ്യുന്നതിൽപ്പോലും ഹിന്ദുമതക്കാർക്കു യാതൊരു പരിഗണനയും നൽകുന്നില്ല എന്നോർക്കണം..!!
ഇതൊക്കെ പറഞ്ഞാൽ നമ്മൾ വർഗ്ഗീയവാദിയാകും… ഒന്നുകിൽ എല്ലാ മതസ്ഥാപനങ്ങളും സർക്കാർ നിയന്ത്രണത്തിൽ ആക്കണം… അതാണ് ഏറ്റവും നല്ലത്… അല്ലെങ്കിൽ, ഹിന്ദുക്കളുടെ ആരാധനാലയങ്ങൾ അവർക്കു വിട്ടു കൊടുക്കണം..!! അതിൽ ഇരട്ടത്താപ്പ് പാടില്ല.. കേരളത്തിൽ സാമ്പത്തികമായി ഏറ്റവും പിന്നിൽ നിൽക്കുന്നത് ഹിന്ദു സമൂഹമാണെന്നു പല സർവേകളും പറയുന്നു… അതിന്റെ പ്രധാനപ്പെട്ട ഒരു കാര്യം ക്ഷേത്രങ്ങളെ സർക്കാരുകൾ വരുതിയിൽ ആക്കിയിരിക്കുന്നതുതന്നെയാണ്..!! അതുകൊണ്ടുതന്നെ, സംഘടിത മതങ്ങൾ വിലപേശലിലൂടെയും, ബലപ്രയോഗത്തിലൂടെയും അവർക്കു വേണ്ടത് സർക്കാരുകളിൽ നിന്നും പിടിച്ചു വാങ്ങുമ്പോൾ, അസംഘടിത ഭൂരിപക്ഷങ്ങൾക്കു അർഹമായതുപോലും നിഷേധിക്കപ്പെടുന്നു… ഒന്നര പതിറ്റാണ്ടു മുൻപേ ഇത് പരസ്യമായി പറഞ്ഞതിന്റെ പേരിൽ അധികാരഭ്രഷ്ടനാക്കപ്പെട്ട AK ആന്റണിയെ ഓർക്കുന്നു..!!
ക്ഷേത്രത്തിലെ വരുമാനം, ഭക്തർ സർക്കാരിന് കൊടുക്കുന്ന ദാനമല്ല….!! അത് നികുതിപ്പണം പോലെ, തന്നിഷ്ടത്തിന് എടുത്തുപയോഗിക്കുന്ന സർക്കാർ, താഴെപ്പറയുന്ന കാര്യങ്ങളിൽ ഒരു ധവളപത്രം ഇറക്കാൻ തയ്യാറാവണം..!!
കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയുമായി എത്ര ആരാധനാലയങ്ങളുണ്ട് ? അതിൽ എത്ര ക്ഷേത്രങ്ങൾ സർക്കാർ അധീനതയിലുണ്ട് ?
ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഓരോ ക്ഷേത്രത്തിനും എത്ര ആസ്തിയുണ്ട് ? ഓരോ ക്ഷേത്രത്തിലും എത്ര കോടിയുടെ സ്വർണ്ണമുണ്ട് ?
1947 നു ശേഷം ഇപ്പറഞ്ഞ ക്ഷേത്രങ്ങളുടെ എത്ര ഏക്കർ സ്വത്തുക്കൾ മറ്റുള്ളവർ കൈവശപ്പെടുത്തിയിട്ടുണ്ട് അല്ലെങ്കിൽ സർക്കാർ മറ്റുള്ളവർക്ക് പതിച്ചുകൊടുത്തിട്ടുണ്ട് ?
ക്ഷേത്ര സ്വത്തുക്കൾ പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും മറ്റുമായി സർക്കാർ എത്ര കോടി ലോൺ എടുത്തിട്ടുണ്ട് ?
കേരളത്തിലെ എല്ലാ സർക്കാർ അധീന ക്ഷേത്രങ്ങളിൽ നിന്നുമായി എത്ര വരുമാനം ഓരോ കൊല്ലവും സർക്കാരിന് കിട്ടുന്നു ?
ക്ഷേത്ര പരിസരത്തുള്ള കടകളുടെ വാടകയിനത്തിൽ മാസമാസം എത്ര വരുമാനം കിട്ടുന്നു ?
മേൽപ്പറഞ്ഞ വരുമാനമൊക്കെ സർക്കാർ എങ്ങനെയൊക്കെ ഉപയോഗിക്കുന്നു ? ഹിന്ദുസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി ക്ഷേത്രവരുമാനത്തിന്റെ എത്ര ശതമാനം എങ്ങനെയൊക്കെ ഉപയോഗിക്കുന്നു ?
കഴിഞ്ഞ 75 കൊല്ലത്തിൽ ക്ഷേത്ര സ്വത്തിൽ എത്ര വർദ്ധനവ് വന്നിട്ടുണ്ട് ?
ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമന മാനദന്ധം എന്താണ് ? ഹിന്ദു മതത്തിനു എത്ര സംവരണം ഉണ്ട് ?
ദേവസ്വം ബോർഡുകളിൽ എത്ര രൂപ നീക്കിയിരുപ്പുണ്ട് ? അതെങ്ങനെയാണ് വിനിയോഗിക്കുന്നത് ?
ഇതൊക്കെ അറിയാനുള്ള അവകാശം ഇവിടുത്തെ ഓരോ ഹിന്ദുവിനുമുണ്ട്, പറയാനുള്ള ബാധ്യത സർക്കാരിനും..!!
(ആരാധനാലയങ്ങളിൽ പോകുകയോ, വഴിപാട് നടത്തുകയോ ചെയ്യുന്ന ശീലം പണ്ടേ എനിക്കില്ല… വല്ലപ്പോഴും കൊടുത്താൽത്തന്നെ, അന്നദാനത്തിനുള്ള കാശേ കൊടുക്കൂ..)
പ്രതികരിക്കാൻ ഇവിടെ എഴുതുക: