പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം ഈടാക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കോടതിക്ക് കടുത്ത അതൃപ്തി പ്രകടിപ്പിക്കേണ്ടിവന്നത് ഇടതുമുന്നണി ഭരണത്തില്‍ നിലനില്‍ക്കുന്ന ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്നുള്ള റവന്യു റിക്കവറിക്ക് ആറുമാസംകൂടി നീട്ടത്തരണമെന്ന ആവശ്യം നിരസിച്ച കോടതി, ജനുവരിക്കകം അത് പൂര്‍ത്തിയാക്കണമെന്നും, ഇതു സംബന്ധിച്ച പുതിയ സത്യവാങ്മൂലവുമായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാവാനും നിര്‍ദ്ദേശിച്ചത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ഈ തീവ്രവാദ സംഘടന ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലില്‍ വന്‍തോതില്‍ അക്രമങ്ങള്‍ അരങ്ങേറുകയും, പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സ്വമേധയാ കേസെടുക്കുകയും, മറ്റു ഹര്‍ജികള്‍ പരിഗണിക്കുകയും ചെയ്ത കോടതി അഞ്ചരക്കോടിയോളം രൂപ പ്രതികളില്‍നിന്ന് ഈടാക്കാന്‍ ഉത്തരവിടുകയുമായിരുന്നു. ഒരു മാസത്തിനകം ഇത് നടപ്പാക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ ക്ലെയിംസ് കമ്മീഷണറെ നിയോഗിച്ചതൊഴികെ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. ഇപ്പോള്‍ ഉത്തരവു നടപ്പാക്കാന്‍ വേണ്ടത്ര ജീവനക്കാരില്ലെന്നു പറഞ്ഞ് ആറുമാസംകൂടി സമയം നീട്ടിനല്കാന് സര്‍ക്കാര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല.
പോപ്പുലര്‍ ഫ്രണ്ടുകാരില്‍നിന്ന് നാശനഷ്ടങ്ങള്‍ ഈടാക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയെ വിമര്‍ശിച്ച കോടതി, പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടെടുക്കരുതെന്നും വ്യക്തമാക്കിയിരിക്കുന്നു. സാങ്കേതികമായ കാരണങ്ങളാലാണ് റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാനാവാത്തതെന്ന സര്‍ക്കാരിന്റെ മറുപടി ഒഴികഴിവാണ്. ക്ലെയിംസ് കമ്മീഷണര്‍ക്ക് ഓഫീസ് ഒരുക്കാത്തതും ജീവനക്കാരെ അനുവദിക്കാത്തതും സര്‍ക്കാരിന്റെ ബോധപൂര്‍വമായ വീഴ്ചയാണ്. യഥാര്‍ത്ഥത്തില്‍ സാങ്കേതികമായ കാരണങ്ങളാലല്ല, രാഷ്ട്രീയമായ കാരണങ്ങളാലാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മെല്ലെപ്പോക്കു നയം സ്വീകരിക്കുന്നത്. സാങ്കേതികമായ കാരണങ്ങള്‍ പറയുന്നത് കോടതി ഉത്തരവിനെ സമര്‍ത്ഥമായി മറികടക്കാനാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റും കാര്യത്തില്‍ കോടതികളില്‍ നല്കുന്ന ഉറപ്പുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല എന്നതാണ് സത്യം. തങ്ങള്‍ നിയമം അനുസരിക്കുന്നുണ്ടെന്ന് വരുത്താനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം ഉറപ്പുകള്‍. ഇവ പാലിക്കാതിരുന്നാല്‍ കോടതി വിമര്‍ശിച്ചെന്നിരിക്കും. അതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ മനസ്സിലിരുപ്പ്. നിയമം വേറെയായിരിക്കാം. കോടതിക്ക് അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യാം. പക്ഷേ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. അതിനെ ഹനിക്കുന്ന നടപടികളൊന്നും ഞങ്ങള്‍ എടുക്കില്ല. ഇതാണ് സര്‍ക്കാര്‍ പറയാതെ പറയുന്നത്.
കോടതി ഉത്തരവുകള്‍ പാലിക്കാതെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതില്‍ വ്യക്തമായ രാഷ്ട്രീയ താല്പര്യമുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പോപ്പുലര്‍ ഫ്രണ്ടിനൊപ്പമാണ് സിപിഎം. പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് കൂടുതല്‍ പ്രകടമാവുകയും ചെയ്തു. ഈ മതതീവ്രവാദ സംഘടനയ്ക്ക് നിര്‍ബാധം പ്രവര്‍ത്തിക്കാനും, അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കാനും ഭരണതലത്തില്‍ ഒത്താശ ലഭിക്കുന്നതായി നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളതാണ്. പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയിട്ടുള്ള അരുംകൊലകളില്‍ പോലീസിന്റെ ഭാഗത്തുനിന്നുപോലും മൃദുസമീപനമുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിനെ പൊടുന്നനെ നിരോധിക്കുമെന്ന് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും വിചാരിച്ചതല്ല. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് നിരോധന പ്രഖ്യാപനമുണ്ടായതും, മതതീവ്രവാദികളായ നേതാക്കളെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും. ഈ നേതാക്കളെ ഒരുതരത്തിലും സഹായിക്കാനാവാത്ത സ്ഥിതി സംസ്ഥാന സര്‍ക്കാരിന് വന്നു. ഇതിന്റെ പ്രത്യുപകാരമായാണ് പോലീസിനെ നിഷ്ക്രിയമാക്കി മിന്നല്‍ ഹര്‍ത്താലില്‍ പോപ്പുലര്‍ ഫ്രണ്ടിന് അഴിഞ്ഞാടാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയത്. ഇപ്പോള്‍ സംഘടന നിരോധിക്കപ്പെട്ടിരിക്കാം. നേതാക്കള്‍ ജാമ്യം പോലും കിട്ടാതെ ജയിലിലുമാണ്. എന്നാലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് മതതീവ്രവാദികളെ ബോധ്യപ്പെടുത്തുന്നതിനാണ് കോടതി ഉത്തരവുകളെപ്പോലും സര്‍ക്കാര്‍ ലംഘിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാതെ യാഥാര്‍ത്ഥ്യം കാണാന്‍ കോടതികള്‍ തയ്യാറാവുകയും, കര്‍ശനമായ നടപടികള്‍ ഉണ്ടാവുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: