ലോക കിരീടമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ലയണല്‍ മെസി എന്ന മെസിഹ ഒരു ചുവടു കൂടി മുന്നേറിയപ്പോള്‍ തകര്‍ന്നുവീണത് തന്റെ മുന്‍ഗാമി ഗ്രബിയേല്‍ മാലാഖ എന്നു ലോകം വിളിച്ച ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റിക്കാര്‍ഡുകള്‍. ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏകദേശം 89,000 കാണികളെ സാക്ഷിനിര്‍ത്തി ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് മെസി നിരവധി നേട്ടങ്ങള്‍ മറികടന്നത്.
ക്രൊയേഷ്യക്കെതിരായ കളിയില്‍ പെനല്‍റ്റിയിലൂടെ അര്‍ജന്റീനയുടെ ആദ്യ ഗോളടിച്ചപ്പോള്‍ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ നേട്ടം അഞ്ചായി. അസിസ്റ്റുകളുടെ എണ്ണം മൂന്ന്. ഒരു കളിയില്‍ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കില്‍ ലോകകപ്പിലെ നാല് മത്സരങ്ങളില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി. 2006ല്‍ സെര്‍ബിയയ്ക്കെതിരെയും ഈ ലോകകപ്പില്‍ മെക്സിക്കോ, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെയും മെസി ഗോളും അസിസ്റ്റും നേടി.
ക്രൊയേഷ്യക്കെതിരായ ഗോളോടെ ലോകകപ്പിലെ മെസിയുടെ ഗോള്‍ നേട്ടം 11. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരമെന്ന റിക്കാര്‍ഡും ഇനി മെസിയുടെ പേരില്‍. ബാറ്റിസ്റ്റ്യൂട്ടയെ (10) മറികടന്നു. ഈ ലോകകപ്പില്‍ നിലവില്‍ ഏറ്റവുമധികം ഗോള്‍ നേടിയതും അസിസ്റ്റ് നല്കിയതും കൂടുതല്‍ ഷോട്ടുതിര്‍ത്തതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും മെസി. നേടിയ അഞ്ച് ഗോളില്‍ മൂന്നും പെനല്‍റ്റിയിലൂടെ. ഫൈനലിലും പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയാല്‍ റിക്കാര്‍ഡ് സ്വന്തമാക്കാം. ഒരു ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ പെനല്‍റ്റിയിലൂടെ നേടുന്ന താരമാകും. 1966-ല്‍ പോര്‍ച്ചുഗലിന്റെ യൂസേബിയോയും 1978-ല്‍ നെതര്‍ലന്‍ഡ്സിന്റെ റെന്‍സെന്‍ബ്രിങ്കുമാണ് ഇത് നേരത്തേ സ്വന്തമാക്കിയവര്‍.
തീര്‍ന്നില്ല മെസിയുടെ നേട്ടങ്ങള്‍. കൂടുതല്‍ ലോകകപ്പ് മത്സരം കളിച്ച ജര്‍മനിയുടെ മുന്‍ ഇതിഹാസ താരം ലോതര്‍ മത്തേയൂസിന്റെ റിക്കാര്‍ഡിനൊപ്പവുമെത്തി (25 മത്സരങ്ങള്‍). ഫൈനലില്‍ കളിക്കാനിറങ്ങുന്നതോടെ ഈ റിക്കാര്‍ഡും മെസിക്ക് സ്വന്തം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടിയതും മെസിയാണ്. ഇത്തവണത്തെ നാലെണ്ണമുള്‍പ്പെടെ പത്ത്. ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ഗോളോ അസിസ്റ്റോ നേടിയ താരം എന്ന ബ്രസീലിയന്‍ മുന്‍ താരം റൊണാള്‍ഡോയുടെ റിക്കാര്‍ഡിനൊപ്പവുമെത്തി (13 മത്സരങ്ങള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: