ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് 2026 നേരിട്ട് വീക്ഷിക്കാനെത്തുന്നവര്‍ക്കായി ഫിഫ നിബന്ധനകള്‍ പുറത്തിറക്കി. ആള്‍ക്കൂട്ടങ്ങള്‍ അണിനിരക്കുന്ന ഗാലറികളില്‍ നിന്ന് വുവുസേലയും മറ്റ് വിസിലുകളുടെയും കുഴലുകളുടെയും ശബ്ദം കേള്‍ക്കാന്‍ പാടില്ല. അതിനാല്‍ അത്തരം വസ്തുക്കളൊന്നും സ്റ്റേഡിയത്തില്‍ അനുവദിക്കില്ല. കൂടാതെ ദേഹത്ത് ചായം തേച്ചെത്തുന്നതിനും നിരോധനമുണ്ട്. ഓരോ ടീമിന്റെയും ജേഴ്‌സിയുടെ നിറം മുഖത്തും നഗ്നദേഹത്തും ചായം തേച്ചെത്തുന്നത് ലോകകപ്പുകളില്‍ പതിവാണ്. അത് ഇക്കുറി നടക്കില്ല.
2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലാണ് പ്ലാസ്റ്റിക്കിന്റെ നീളമുള്ള കുഴലായ വുവുസേല ഹിറ്റായത്. തുടര്‍ന്ന് 2014 ബ്രസീല്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടയിലും ഈ കുഴല്‍നാദം ആവര്‍ത്തിക്കപ്പെട്ടു. വുവുസേലയ്‌ക്കും വിസിലുകള്‍ക്കും മാത്രമല്ല, അരോചകമായ ശബ്ദമുണ്ടാക്കുന്ന എല്ലാ ഉപകരണങ്ങള്‍ക്കും സ്റ്റേഡിയത്തിലേക്ക് വിലക്കുണ്ട്.











