പാലക്കാട്: ചിറ്റൂരില്‍ വീട്ടുടമയും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. 31.5 പവന്‍ സ്വര്‍ണ്ണം നഷ്ടമായി. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടിലാണ് മോഷണം നടന്നത്. ചിറ്റൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കാണ് മോഷണം നടന്നത്. അമ്പാട്ടുപാളയം കോലാക്കളത്തില്‍ സുന്ദരേശനും ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. പ്രാര്‍ത്ഥന മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 31.5 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. അലമാരിക്ക് പുറത്തുവച്ച താക്കോല്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.
പൂജയ്‌ക്കായി ഉപയോഗിക്കുന്ന മോതിരം എടുക്കാനായി അലമാര തുറന്നപ്പോഴാണ് സുന്ദരേശന്‍ മോഷണ വിവരം അറിയുന്നത്. ചിറ്റൂര്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ചിറ്റൂര്‍ ഡിവൈഎസ്പി പറഞ്ഞു. പ്രദേശത്ത് ഇതാദ്യമായാണ് ഇത്ര വലിയ കവർച്ച നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: