തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. അങ്ങാടിയില്‍ തോറ്റതിന് ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്തിട്ട് കാര്യമില്ല. ജനാധിപത്യത്തെയും ഭരണഘടനയേയും ചവിട്ടിമെതിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ബിജെപി ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
ഈ മാസം 18,19 തീയതികളില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗവര്‍ണറെ ഭീഷണിപ്പെടുത്തി ഭരണഘടനയെ അട്ടിമറിക്കാനുള്ള സിപിഎം ഗൂഢാലോചന തുറന്നു കാണിക്കാന്‍ ബിജെപി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. സ്വജനപക്ഷപാതവും അഴിമതിയും ധിക്കാരവും മാത്രമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതു കൊണ്ടാണ് ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുമെന്ന് സിപിഎം ഭീഷണി മുഴക്കുന്നത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ സിപിഎമ്മിന് വിശ്വാസമില്ല. സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കുന്ന പിണറായി സര്‍ക്കാരും നിയമവാഴ്ച അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി.
തിരുവനന്തപുരം മേയറുടേതല്ല കത്തെന്നാണ് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് പറയുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്ക് മേയറുടെ ഓഫീസില്‍ നിന്നും ഔദ്യോഗിക സീല്‍ ഉപയോഗിച്ച് കത്തയച്ചയാളെ കണ്ടു പിടിച്ചുകൂടേ. അങ്ങനെയെങ്കില്‍ കേരളത്തിലെ ആഭ്യന്തരവകുപ്പിനെയാണ് ആദ്യം പിരിച്ചുവിടേണ്ടത്. സിപിഎം മലര്‍ന്ന് കിടന്ന് തുപ്പുകയാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയറോട് രാജിവെക്കാനാണ് ഗോവിന്ദന് ആവശ്യപ്പെടേണ്ടത്. ഗവര്‍ണര്‍ പറയുന്നതെല്ലാം സത്യമാണെന്ന് തിരുവനന്തപുരം മേയറുടെ കത്തോടെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും ബോധ്യമായി കഴിഞ്ഞു. ഗവര്‍ണര്‍ക്കെതിരെ ലഘുലേഖയുമായി വീടുകളില്‍ പോയാല്‍ ശബരിമല പ്രക്ഷോഭ കാലത്തെ അനുഭവം ആവര്‍ത്തിക്കും. സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ പാര്‍ട്ടി ഓഫീസ് വഴി വിതരണം ചെയ്യാനുള്ള സിപിഎം ശ്രമം ഇനി വിജയിക്കില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: