കണ്ണൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വന്‍തിരിച്ചടി നേരിട്ട മേഖലകളില്‍ ഒന്നായിരുന്നു സര്‍ക്കസ് മേഖല. കൊവിഡാനനന്തരം കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ നാമമാത്രമായ കമ്പനികള്‍ വീണ്ടും സര്‍ക്കസ് പ്രദര്‍ശനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചു. കൊവിഡാനന്തരം സര്‍ക്കസിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന തലശ്ശേരിയുള്‍പ്പെടുന്ന കണ്ണൂരിലെ സര്‍ക്കസ് പ്രേമികള്‍ക്കും വീണ്ടും ഈ കലയെ നേരിട്ട് ആസ്വദിക്കാനുളള അവസരം സംജാതമായിരിക്കുകയാണ്. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തില്‍ പ്രദര്‍ശനം നടക്കുന്നയിടങ്ങളില്‍ സര്‍ക്കസ് സ്നേഹികളായ നാട്ടുകാര്‍ പ്രദര്‍ശനം കാണാനെത്തിച്ചേരുന്നുണ്ടെങ്കിലും മേഖലയുടെ മുന്നോട്ടുളള പ്രയാണം ആശങ്കയിലാണെന്ന് കണ്ണൂരില്‍ നടക്കുന്ന ജംബോ സര്‍ക്കസിന്റെ മാനേജിംഗ് പാര്‍ട്ണര്‍മാരില്‍ ഒരാളായ അജയ് ശങ്കര്‍ പറയുന്നു.
കൊവിഡിന് മുമ്പ് തന്നെ ഊര്‍ദ്ധ്വശ്വാസം വലിച്ചു തുടങ്ങിയ മേഖല കൊവിഡാനന്തരം സര്‍ക്കസ് കലാകാരന്മാരെ ലഭ്യമാകാത്ത സ്ഥിതിയിലാണ്.
പുതുതായി മേഖലയിലേക്ക് കടന്നുവരാന്‍ ആരും തയ്യാറാവാത്ത സ്ഥിതിയാണ്. ഇന്‍ഷൂറന്‍സ് ഒഴികെ ഒരുതരത്തിലുളള ആനുകൂല്യങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സര്‍ക്കസ് മേഖലയ്ക്കോ കലാകാരന്മാര്ക്കോ ഇതുവരെ അനുവദിക്കപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് രൂപയാണ് പ്രതിദിനം സര്‍ക്കസ് ടെന്റുകളിലെ ചിലവ്.
ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് സാധന സാമഗ്രികള്‍ കടത്തിക്കൊണ്ടുപോകാന്‍ ട്രക്കുകള്‍ക്കടക്കം വലിയ വാടകയാണ് ചിലവഴിക്കേണ്ടി വരുന്നത്. പ്രദര്‍ശന നഗരികള്‍ക്കാവട്ടെ ഉയര്‍ന്ന വാടകയാണ് പല നഗരങ്ങളിലും നല്‍കേണ്ടി വരുന്നത്. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങളാണ് മേഖല അഭിമുഖീകരിക്കുന്നത്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായവരെ മാത്രമേ സര്‍ക്കസ് കലാകാരന്മാരായി ഉള്‍പ്പെടുത്താന്‍ പാടുളളൂവെന്ന നിയമം മേഖലയ്ക്ക് തിരിച്ചടിയായതായും ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. നന്നേ ചെറുപ്പത്തിലെ മെയ്വഴക്കം വരുത്തിയാല്‍ മാത്രമേ ട്രിപ്പീസ് അടക്കമുളള അഭ്യാസപ്രകടനങ്ങള്‍ നന്നായി കാഴ്ചവെയ്ക്കാനാകൂവെന്നിരിക്കെ പ്രായപൂര്‍ത്തിയായവര്‍ ഈ മേഖലയിലേക്കെത്തിയതു കൊണ്ട് വലിയ പ്രയോജനമില്ലാത്ത സ്ഥിതിയാണ്.
മേഖലയിലേക്ക് കടന്നുവരുന്ന കലാകാരന്മാരെ പരിശീലിപ്പിക്കാന്‍ പരിശീലകരെ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുകയാണ്. ജംബോ സര്‍ക്കസ് കൂടാരത്തില്‍ 82 വയസ്സ് പിന്നിട്ട പരിശീലകന് ഇപ്പോഴും പരിശീലനം നടത്തുകയാണ്. 2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തലശ്ശേരി കേന്ദ്രീകരിച്ച് സര്‍ക്കസ് അക്കാദമി പ്രഖ്യാപന നടത്തുകയും 2010ല്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ കിട്ടാതായതോടെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കേരളത്തില്‍ നിന്നുളള കലാകാരന്മാരെ മാത്രമേ പ്രവേശിപ്പിക്കൂയെന്ന നിബന്ധനയാണ് അക്കാദമിയുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ വഴിയൊരുക്കിയതെന്ന് സര്‍ക്കസ് സ്നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂരില്‍ പ്രദര്‍ശനം നടക്കുന്ന സര്‍ക്കസില്‍ ഒരേ ഒരു കലാകാരന് മാത്രമാണ് കേരളത്തില്‍ നിന്നുളളത്. മറ്റുളളവരെല്ലാം നേപ്പാളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ സര്‍ക്കസ് മേഖലയില്‍ കടന്നുവരുന്ന ഇതര സംസ്ഥാനങ്ങളിലെ കലാകാരന്മാര്ക്ക് പ്രവേശന അനുമതി നല്കിയിരുന്നുവെങ്കില് അക്കാദമി നന്നായി വിജയിച്ചേനെയെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ സമീപഭാവിയില്‍ സര്‍ക്കസെന്ന കല നാടിന്റെ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമാകുന്ന സ്ഥിതിയാണെന്ന് സര്‍ക്കസ് കലാകാരന്മാരും ഉടമകളും സാക്ഷ്യപ്പെടുത്തുന്നു.
കണ്ണൂരില്‍ നടക്കുന്ന ജംബോ സര്‍ക്കസ് ആരംഭിച്ചത് എം.വി. ശങ്കരനായിരുന്നു. മക്കളായ അജയ്ശങ്കറും അശോക് ശങ്കറുമാണ് നിലവില്‍ സര്‍ക്കസ് നടത്തി കൊണ്ടുപോകുന്നത്. കൊവിഡാനന്തരം ജോലിയില്ലാതായതോടെ നിരവധി പേര് തിരിച്ച് സ്വന്തം നാടുകളിലേക്ക് പോയത് കനത്ത തിരിച്ചടിയായി. പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. എന്നാല്‍ നിലവില്‍ 160 ഓളം കലാകാരന്മാരുളള ജംബോ സര്‍ക്കസ് പുതുമയാര്‍ന്ന ഐറ്റങ്ങളോടെ നിറഞ്ഞ സദസ്സില്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പുരോഗമിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: