തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ എസ്ഡിപിഐ. ബിജെപി സര്‍ക്കാര്‍ തുടരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ ഭാഗമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയും നിരോധിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിഷനോട് നിലപാട് തേടുകയും ചെയ്തതിന് പിന്നാലെയാണ് എസ്ഡിപിഐയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിനും ജനങ്ങള്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളിയാണ്. ബിജെപിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ റെയ്ഡും അറസ്റ്റും കൊണ്ട് ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍പ്പറത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനകീയ പ്രതിഷേധങ്ങളേയും സംഘടനകളെയും അടിച്ചമര്‍ത്തുകയാണ്. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ മതേതര പാര്‍ട്ടികളും ജനങ്ങളും ഒറ്റക്കെട്ടായി ബിജെപി നേതൃത്വം കൊടുക്കുന്ന ഏകാധിപത്യ ഭരണകൂടത്തെ എതിര്‍ക്കേണ്ട സാഹചര്യമാണുള്ളതെന്നും എംകെ ഫൈസി കൂട്ടിച്ചേര്‍ത്തു.
എന്‍ഐഎ, ഇഡി, രാജ്യവ്യാപക തെരച്ചിലിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് പോപ്പുലര്‍ ഫ്രണ്ട്, റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന് എന്നീ സംഘടനകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ ഇനി ഈ സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിരോധനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: