(ആദിശക്തി ഗായത്രി സാധന -2)
സൃഷ്ടിയുടെ ആരംഭസമയത്തു സര്‍വത്ര ജലരാശി മാത്രമാണുണ്ടായിരുന്നതെന്ന് പുരാണകഥകളില്‍ പ്രതിപാദിച്ചുകാണുന്നു. ജലമദ്ധ്യത്തില്‍ വിഷ്ണുഭഗവാന്‍ ശയനസ്ഥനായിരുന്നു. വിഷ്ണുവിന്റെ നാഭിയില്‍നിന്നും ഒരു താമര ഉത്ഭവിച്ചു. താമരപ്പൂവിന്മേല്‍ ബ്രഹ്മാവ് അവതരിച്ചു. അദ്ദേഹം ഏകാകിയായിരുന്നു. അത്ഭുതപരതന്ത്രനായി അദ്ദേഹം വിഷ്ണുവിനോട് തന്നെ എന്തിനാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചു. ‘എന്താണു ഞാന്‍ ചെയ്യേണ്ടത്? എന്തെങ്കിലും ചെയ്യാനുള്ള സാധനങ്ങള്‍ എവിടെനിന്നു നേടും?’ ഈ ജിജ്ഞാസയ്‌ക്കുള്ള മറുപടി ഇപ്രകാരം അരുളപ്പെട്ടു. ‘ഗായത്രിയെ മാദ്ധ്യമമാക്കി തപസ്സുചെയ്യുക. വേണ്ട മാര്‍ഗനിര്‍ദ്ദേശം ഉള്ളില്‍നിന്നുതന്നെ ഉണ്ടാകും.’അദ്ദേഹം അശരീരിയിലൂടെ അരുളപ്പെട്ട ഗായത്രീമന്ത്രസാധനയ്‌ക്കായി തപസ്സുതുടങ്ങി.
സാധന പൂര്‍ത്തിയായി. ഗായത്രീദേവി സംപ്രീതയായി രണ്ടു ഭാഗങ്ങളായി രൂപമെടുത്ത് വരദാനവും മാര്‍ഗദര്‍ശനവും നല്‍കി അനുഗ്രഹിക്കാനായി പ്രത്യക്ഷപ്പെട്ടു. ആ രണ്ടു വിഭാഗത്തില്‍ ഒന്നിന് ഗായത്രി എന്നും മറ്റേതിന് സാവിത്രി എന്നും പേരു നല്‍കപ്പെട്ടു. ഗായത്രി തത്ത്വജ്ഞാനപരമായ പക്ഷവും സാവിത്രി ഭൗതികമായ കാര്യങ്ങള്‍ക്കുവേണ്ടി ഈ തത്ത്വജ്ഞാനം പ്രയോജനപ്പെടുത്താനുള്ള പ്രായോഗികപക്ഷവും ആകുന്നു. ജഡപദാര്‍ത്ഥങ്ങളുടെ സൃഷ്ടി സാവിത്രി മുഖേനയും ചൈതന്യഭാവങ്ങളായ സംവേദനശക്തി, വിശ്വാസം, അഭിലാഷം, കര്‍മ്മോന്മുഖത മുതലായ വിഭൂതികളുടെ ഉദ്ഭവം ഗായത്രിമുഖേനയും സംഭവിച്ചു. ഈ ലോകം ജഡത്തിന്റെയും ചൈതന്യത്തിന്റെയും പ്രകൃതിയുടെയും പരമാത്മാവിന്റെയും സംയോജനത്താല്‍ മാത്രമാണു പ്രത്യക്ഷത്തില്‍ കാണപ്പെടുകയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്.
മേല്‍പ്രസ്താവിച്ചതിന്റെ സാരം ഗായത്രിയുടെ തത്ത്വദര്‍ശനത്തില്‍ സാമൂഹ്യമായ സംയോജനാത്മകമായ സദ്ബുദ്ധിക്കു പ്രാധാന്യം നല്‍കിയിരിക്കുന്നു എന്നാണ്. ഈ തത്ത്വം പ്രായോഗികമാക്കുന്ന മനുഷ്യന്‍ ബുദ്ധിമാനും ശക്തിമാനും ആയിത്തീരുന്നു. ഭൗതികപദാര്‍ത്ഥങ്ങളെ സംസ്‌ക്കരിച്ച് അവയെ സല്‍ക്കാര്യങ്ങള്‍ക്കുവേണ്ടി പ്രയോജനപ്രദമാക്കുന്ന ഭൗതികശാസ്ത്രം സാവിത്രിവിദ്യയുടെ ഒരു പക്ഷമാണ്. രണ്ടുപക്ഷങ്ങളുംകൂടി ചേരുമ്പോള്‍ സമഗ്രമായ ഉന്നമനം സംഭവിക്കുന്നു. പൂര്‍ണതയ്‌ക്കായി രണ്ടു കൈയ്യും രണ്ടു കാലും ആവശ്യമാണ്. രണ്ടു ശ്വാസകോശങ്ങളും രണ്ടു വൃക്കകളും അഭിലഷണീയമാണ്. രണ്ടു ചക്രങ്ങളുടെ സഹായത്തോടെ മാത്രമേ വണ്ടി ചലിക്കുകയുള്ളൂ. അതുപോലെത്തന്നെ ഗായത്രീമഹാശക്തിയുടെ സമ്പൂര്‍ണമായ പ്രയോജനം ലഭിക്കണമെങ്കില്‍ അതിന്റെ രണ്ടു പക്ഷങ്ങളും ഗ്രഹിക്കുകയും സ്വന്തം ജീവിതത്തിലേയ്‌ക്കു പകര്‍ത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്.
തത്ത്വജ്ഞാനം വിശ്വാസങ്ങളെയും ഭാവനകളെയും സ്വാധീനിക്കുന്നു. ഇത് ചിന്തനം, സ്വഭാവം, പെരുമാറ്റം എന്നിവയിലൂടെ പ്രകടമാകുന്നു. ഗായത്രിയുടെ തത്ത്വജ്ഞാനം ഈ തലത്തിലുള്ള ഉല്‍കൃഷ്ടതയെ അനുവര്‍ത്തിക്കുവാനും തത്സംബന്ധമായ വിശ്വാസങ്ങളെ സ്വാംശീകരിക്കുവാനും പ്രേരണ നല്‍കുന്നു. ഉല്‍കൃഷ്ടത, ആദര്‍ശവാദം, സദാചാരം, സ്വഭാവശുദ്ധി, കര്‍ത്തവ്യപരായണത മുതലായ മാനവോചിത മഹദ്ഗുണങ്ങളെ അന്യൂനമായി നിലനിര്‍ത്തുന്ന വിശ്വാസങ്ങള്‍ക്കു ഗായത്രിയുടെ തത്ത്വജ്ഞാനമെന്നു പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: