സിപിഎം അണികളോട് ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്താനും ചടങ്ങിന് വരുന്നവര്‍ക്ക് സേവനം ചെയ്യണമെന്നുമുള്ള സിപിഎം നേതാവ് പി. ജയരാജന്റെ ഫെയ്സ് ബുക്കിലൂടെയുള്ള ആഹ്വാനം വര്‍ഷങ്ങളായി സിപിഎമ്മിന് സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപാന്തര പ്രാപ്തിയുടെ പ്രതിഫലനമാണ്. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ ഇന്ത്യയില്‍ രൂപംകൊണ്ട രണ്ട് പ്രസ്ഥാനങ്ങളാണ് ആര്‍എസ്എസും കമ്യൂണിസ്റ്റ് പ്രസ്ഥാനവും. ആര്‍എസ്എസ് തുടക്ക കാലഘട്ടം മുതല്‍ ഭാരതത്തിന്റെ ദേശീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. സാംസ്കാരിക പൈതൃകങ്ങളെ അംഗീകരിച്ചും, ആചാരാനുഷ്ഠാനങ്ങളെ മുന്‍നിര്‍ത്തിയും പ്രവര്‍ത്തിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ തുടക്കകാലം മുതല്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലും മതനിരാസത്തിലും വിശ്വാസപ്രമാണങ്ങളെ എതിര്‍ത്തും, ഇന്ത്യന്‍ ദേശീയതയെ എതിര്‍ത്തുമാണ് മുന്നോട്ടുപോയിരുന്നത്. രണ്ട് പ്രസ്ഥാനങ്ങളും ഒരു നൂറ്റാണ്ടിനോടടുക്കുമ്പോള്‍, ആര്‍എസ്എസ് എന്താണോ പറഞ്ഞിരുന്നത്, ആ ആശയങ്ങളെയും പ്രവര്‍ത്തനത്തെയും പിന്തുടരാനും ശ്രമം നടക്കുന്നു എന്നുള്ളത് കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയാണ്.
ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ആര്‍എസ്എസും അതിന്റെ ആശയങ്ങള്‍ പിന്തുടരുന്ന പ്രസ്ഥാനങ്ങളും ഇന്ന് ഭാരതത്തിലും ലോകത്തും അജയ്യശക്തിയായി. കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്ത് അപ്രസക്തമായി കേവലം കേരളമെന്ന ഒരു ചെറിയ സംസ്ഥാനത്ത് മാത്രം ഒരുങ്ങി. രാജ്യം തുടര്‍ച്ചയായി രണ്ടാമതും ബിജെപി ഭരിക്കുന്നു. 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി നിലകൊള്ളുന്നു. എന്നാല്‍ 1950 കളില്‍ രാജ്യത്തെ പ്രതിപക്ഷകക്ഷിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി, ഒരു ഘട്ടത്തില്‍ നെഹ്റുവിനുശേഷം നമ്പൂതിരിപ്പാട് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നുവരെ മുദ്രാവാക്യം വിളിക്കാന്‍ പര്യാപ്തമായ രീതിയില്‍ പ്രതാപത്തില്‍ നിന്നിരുന്ന, മൂന്നര പതിറ്റാണ്ടുകാലം ബംഗാളും കാല്‍നൂറ്റാണ്ടുകാലം ത്രിപുരയും അടക്കിവാണിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ലോക്സഭയില്‍ 3 എംപിമാര്‍ മാത്രവും (അതില്‍ രണ്ടെണ്ണം ഡിഎംകെയുടെ സംഭാവനയാണ്) കേരളമെന്ന കൊച്ചു സംസ്ഥാനത്തില്‍ മാത്രം ഭരണവും നടത്തുന്ന പ്രസ്ഥാനമായി തകര്‍ന്നടിഞ്ഞു.
കമ്യൂണിസ്റ്റ് സിദ്ധാന്തം വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അതിഷ്ഠിതമാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നാണ് അവരുടെ സിദ്ധാന്തം. മതവിശ്വാസങ്ങള്‍ക്കെതിരാണ് അവര്‍. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ ഇല്ലാതായി എന്നു വിശ്വസിക്കുന്നവരാണ്. അനാഥമായി കിടന്നിരുന്ന ബിംബം ശുദ്ധീകരിച്ച് തളിക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച്, തളി ക്ഷേത്രം പുനരുദ്ധരിക്കാന്‍ വന്ദ്യവയോധികനായിരുന്ന കേരളഗാന്ധി കേളപ്പജി പരിശ്രമിച്ചപ്പോള്‍ അതിനെ അപമാനിച്ച് ‘പട്ടിപാത്തിയ കല്ലിന്മേല് ചന്ദനംചാര്‍ത്തിയ കേളപ്പ’ എന്ന മുദ്രാവാക്യം വിളിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. ‘ബിംബമെന്നാല്‍ കല്ലെന്നും ഭജനം, പൂജനം, ആരാധനകള്‍ ഭ്രാന്തന്മാരുടെ ജല്‍പ്പനമെന്നും’ മുദ്രാവാക്യം വിളിച്ചവരാണവര്‍. ക്ഷേത്രകമ്മറ്റികളിലും ഉത്സവങ്ങളിലും കമ്യൂണിസ്റ്റുകള്‍ പങ്കെടുക്കരുതെന്ന് തിട്ടൂരമിറക്കിയവര്‍, പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തില്‍വച്ച് പാര്‍ട്ടി സഖാക്കള്‍ വീടു കൂടലിനും മറ്റും ഗണപതിഹോമം പോലുള്ള ചടങ്ങുകള്‍ നടത്താന്‍ പാടില്ല എന്ന് വാറോലയും ഇറക്കിയവരാണ് കമ്യൂണിസ്റ്റുകള്‍. എന്നാല്‍ ഒരു സവിശേഷത, ഇതെല്ലാം ഹിന്ദു സഖാക്കള്‍ക്കു മാത്രമേ ബാധകമാക്കിയിരുന്നുള്ളൂ എന്നതാണ്. ഇതര മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പള്ളിയിലും ചര്‍ച്ചിലും പോകാം, ഹജ്ജിനു പോകാം, വെഞ്ചിരിക്കാം, മമ്മോദീസ മുക്കാം. ഇത് ഹിന്ദു ആചാരത്തോടും ക്ഷേത്രങ്ങളോടും മാത്രമുള്ള എതിര്‍പ്പായിരുന്നു എന്നുള്ളതാണ് സത്യം.
കാലാന്തരത്തില്‍ സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവുന്നത് തിരിച്ചറിഞ്ഞതും ഭാരതം പോലുള്ള ഒരു രാജ്യത്ത് നിലനില്ക്കണമെങ്കില് പോലും ഈ വിശ്വാസങ്ങളെയും ആചാരങ്ങളെയും അംഗീകരിച്ചാല്‍ മാത്രമേ കഴിയൂ എന്നു മനസ്സിലാക്കിയതും കാരണം പതുക്കെ അവരുടെ നിലപാടുകളില്‍ മാറ്റം വരാന്‍ തുടങ്ങി. ക്ഷേത്രകമ്മറ്റികളില്‍ കയറിക്കൂടി സജീവമാകണമെന്നും ഉല്സവകമ്മറ്റികളില് മുന്നിലുണ്ടാകണമെന്നും നിര്‍ദ്ദേശം നല്‍കിത്തുടങ്ങി. ഇന്ന് സിപിഎം നേതാക്കള്‍ നിയന്ത്രിക്കുന്ന ക്ഷേത്രകമ്മറ്റികള്‍ വ്യാപകമാകുന്നു.
ശബരിമലക്ക് മാലയിടുന്നതും, കറുപ്പുടുക്കുന്നതും സഖാക്കള്‍ക്ക് നിഷിദ്ധമായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1957 ല്‍ ശബരിമല തീവെപ്പ് കേസ് അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്ന് വാഗ്ദാനം നല്കി വിശ്വാസികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയപ്പോള്‍ ശബരിമല തീവെപ്പ് കേസന്വേഷണം അട്ടിമറിച്ച ചരിത്രമായിരുന്നു അന്നെടുത്തത്. കാലമേറെ പിന്നിട്ടപ്പോള്‍ കണ്ണൂരിലെ ചുവപ്പുകോട്ടകളില്നിന്നുപോലും ഭാരവാഹികളായ സഖാക്കന്മാര് പോലും പാര്‍ട്ടി വിലക്ക് ലംഘിച്ച് ശബരിമലക്ക് പോകാന്‍ വ്രതം നോറ്റ്, മാലയിട്ട്, ശരണമന്ത്രങ്ങള്‍ വിളിച്ച് ക്ഷേത്രങ്ങളിലേക്കും ശബരിമലക്കും പോകുന്ന ദൃശ്യങ്ങള്‍ നിത്യകാഴ്ചകളായി മാറി. തുടക്കത്തില്‍ എതിര്‍ത്ത് നോക്കിയെങ്കിലും അത് ഫലിക്കാതെ വന്നപ്പോള്‍ പാര്‍ട്ടി നിലപാട് മാറ്റി. മാലയിടുന്നവരെ വിലക്കിയാല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ആളെ കിട്ടില്ല എന്നു മനസ്സിലാക്കി. അവരെ പിന്തുണക്കാന്‍ തയ്യാറായി. ഇപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും അയ്യപ്പന്‍വിളക്കും അന്നദാനവും തുടങ്ങുന്നത് ഒരു വാര്‍ത്തയല്ലാതായിരിക്കുന്നു. ഏറ്റവുമൊടുവില്‍ ശബരിമലയിലേക്ക് യുവതികളെ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും, കാല്‍ചുവട്ടിലെ മണ്ണ് പൂര്‍ണമായും ഒലിച്ചുപോകുന്നു എന്നു മനസ്സിലാക്കി ആ ശ്രമത്തില്‍നിന്നും സര്‍ക്കാരിന് പിന്തിരിയേണ്ടിവന്നു.
ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് ഗുരുവായൂര്‍ അമ്പലനടയില്‍ തൊഴുതുനിന്നതിന് പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഒരു നിലപാടും ഇല്ലാതെ എന്തു ചെയ്യണമെന്നറിയാത്ത പ്രത്യയശാസ്ത്ര പ്രതിസന്ധി സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. കടകംപള്ളിയോട് വിശദീകരണം ചോദിച്ച സിപിഎം മഞ്ചേരി ലോക്സഭാ മണ്ഡലത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച് ജയിച്ച ടി.കെ. ഹംസ ഹജ്ജിനു പോയപ്പോള്‍ വിശദീകരണം ചോദിക്കാനോ മുസ്ലിം സഖാക്കള്‍ പള്ളിയില്‍ പോയി 5 നേരം നിസ്കരിക്കുമ്പോള്‍ വിശദീകരണം ചോദിക്കാനോ തയ്യാറല്ല എന്നുള്ളത് കാണാതിരുന്നുകൂട.
ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായ നിലവിളക്ക് കൊളുത്തുന്നതിനോടും പ്രാര്‍ത്ഥന ചൊല്ലുന്നതിനോടും സിപിഎമ്മിനുള്ള എതിര്‍പ്പ് പ്രകടമായിരുന്നു. സ്കൂള്‍ കലോത്സവത്തിലും ശാസ്ത്രമേളയിലും പ്രാര്‍ത്ഥന ചൊല്ലിയപ്പോഴും നിലവിളക്ക് കൊളുത്തിയപ്പോഴും അതിലുളള പ്രതിഷേധം അവര്‍ രേഖപ്പെടുത്തിയിരുന്നു. യോഗാപരിപാടിയില്‍ പങ്കെടുത്ത ശ്രീമതിടീച്ചര്‍ പ്രാര്‍ത്ഥന പാടിയപ്പോള്‍ പുച്ഛഭാവത്തോടെ മുഖംതിരിച്ചത് സാംസ്കാരിക കേരളം കണ്ടതാണ്. എന്നാല്‍ ഇന്ന് പതുക്കെ പഴയ നിലപാടില്‍നിന്നും മാറി ഇത്തരം ആചാരങ്ങളോടുള്ള എതിര്‍പ്പ് പാര്‍ട്ടി മയപ്പെടുത്തിയിരിക്കയാണ്.
നേരത്തെ പാര്‍ട്ടി പരിപാടികളില്‍ ചുവപ്പുതോരണങ്ങളാണ് തൂക്കിയിരുന്നത്. എന്നാല്‍ ഇന്ന് ചുവപ്പ് തോരണങ്ങളില്നിന്ന് കുരുത്തോല തൂക്കുന്നതിലേക്കും, മാല തൂക്കുന്നതിലേക്കും മാറ്റം സംഭവിച്ചു. 1982 ല്‍ വിശ്വഹിന്ദു പരിഷത്ത് കര്‍ക്കടക മാസം രാമായണമാസമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ അതിനെ വര്‍ഗ്ഗീയമായി കണ്ട് എതിര്‍ത്തവരാണ് കമ്യൂണിസ്റ്റുകള്‍. കാലങ്ങള്‍ മാറിയപ്പോള്‍ ഇന്ന് അവര്‍ രാമായണമാസത്തെ അനുകൂലിക്കുന്നു. രാമായണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. രാമായണം ഫെസ്റ്റ് നടത്തുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ ചെറിയ തോതില്‍ ആരംഭിച്ച ശോഭായാത്രകള്‍ ഇന്ന് ജനകീയ ആഘോഷമായി മാറിയിരിക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളിലെ സിപിഎം കുടുംബങ്ങളില്‍നിന്നുപോലും കൃഷ്ണവേഷം കെട്ടാന്‍ വ്രതം നോറ്റ് രക്ഷിതാക്കള്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ തുടങ്ങി. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ സ്വന്തമായി ബാലസംഘത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. തുടക്കത്തില്‍ ഒന്നോ രണ്ടോ നടത്തിയെങ്കിലും അന്നേ ദിവസം തന്നെ നടത്തിയ സമാന്തര ശോഭായാത്രകള്‍ പൊളിഞ്ഞതോടെ ആ പരിപാടിയും നിര്‍ത്തിവെക്കേണ്ടിവന്നു.
അതുപോലെതന്നെ ദേശീയ, നവോത്ഥാന നേതാക്കന്മാര്ക്കും എതിരായിരുന്നു എന്നും സിപിഎം നിലപാട്. അവരെ എല്ലാ സന്ദര്‍ഭത്തിലും അപമാനിച്ചിരുന്നു, അവഹേളിച്ചിരുന്നു. സ്വാമി വിവേകാനന്ദന് കമ്യൂണിസ്റ്റുകാര്‍ക്ക് ബൂര്‍ഷ്വാ സന്യാസിയായിരുന്നു. കോളേജുകളില്‍ എബിവിപി പോലുള്ള സംഘടനകള്‍ വിവേകാനന്ദജയന്തി ആഘോഷിക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധിച്ചിരുന്നു. കന്യാകുമാരിയില്‍ ഏകനാഥ റാനഡെയുടെ നേതൃത്വത്തില്‍ സ്വാമി വിവേകാനന്ദന് സ്മാരകം പണിയാന്‍ ശ്രമം നടക്കുമ്പോള്‍ ഭാരതത്തിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും സഹായം നല്കാന് അഭ്യര്‍ത്ഥിച്ചു. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞത് ഈ വര്ഗ്ഗീയവാദിക്ക് സ്മാരകം പണിയാന്‍ സിപിഎം സര്‍ക്കാര്‍ ഒരു നയാപൈസ തരില്ല എന്നായിരുന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ ഇന്ന് സ്വാമി വിവേകാനന്ദന് കമ്യൂണിസ്റ്റുകള്‍ക്ക് സ്വീകാര്യനായിരിക്കുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം, സിപിഐ സമ്മേളനങ്ങളിലെ ബോര്‍ഡുകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി കാവിയുടുത്ത വിവേകാനന്ദന് ജ്വലിച്ചുനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: