ന്യൂദല്‍ഹി : രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മിഷന്‍. ലോക്‌സഭ പ്രതിപക്ഷ നേതാവിനെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുക്കകയും വിഷയത്തില്‍ നോട്ടീസ് അയയ്‌ക്കുകയും ചെയ്തു.
ചൗധരിയുടെ പരാമര്‍ശം അപമാനമുളവാക്കുന്നതും, സ്ത്രീവിരുദ്ധവും ആണെന്ന വിലയിരുത്തലിലാണ് വനിതാ കമ്മീഷന്റെ നടപടി. അടുത്ത മാസം മൂന്നിന് ഹാജരാകാനാണ് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം നേരിട്ട് ഹാജരായി നല്‍കണമെന്നും പ്രത്യേക നിര്‍ദ്ദേശമുണ്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടികള്‍ക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്‌ട്രപത്‌നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്‌ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്‌ട്രപത്‌നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു.
പ്രസ്താവന വിവാദമായതോടെ രാഷ്‌ട്രപതിയെ നേരില്‍ കാണാന്‍ അധിര്‍ രഞ്ജന്‍ ചൗധരി സമയം തേടി. നേരിട്ട് ഖേദം അറിയിക്കാന്‍ തയ്യാറാണെന്നും ചൗധരി അറിയിച്ചു. സംഭവം രാജ്യസഭയിലും ലോക്സഭയിലും വിവാദമായ സാഹചര്യത്തിലാണ് ഈ തിരുമാനം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്‌ട്രപത്‌നി’യെന്നു വിശേഷിപ്പിച്ചത് നാക്കുപിഴയാണ്. മാപ്പ് പറയേണ്ട കാര്യമില്ലെന്നും ഇതിന്റെ പേരില്‍ തൂക്കിലേറ്റണമെങ്കില്‍ തൂക്കിലേറ്റാമെന്നുമായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി ആദ്യം പ്രതികരിച്ചത്. എന്നാല്‍ വിവാദമായതോടെ ഖേദം അറിയിക്കാന്‍ തയ്യാറാണെന്ന് ചൗധരി പറയുകയായിരുന്നു.
അതേസമയം വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കപ്പെട്ടു. കോണ്‍ഗ്രസ് ഭരണഘടനാ പദവിയേയും, ദ്രൗപദി മുര്‍മുവിന്റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും മന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും സഭയില്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ സഭാ നടപടികള്‍ മൂന്ന് മണിവരെ നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: