തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വായ്പ എടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ വായ്പ നല്‍കുന്നതിനെതിരെ ആര്‍ബിഐ ജാഗ്രതാ നോട്ടീസ് ഇറക്കി. ഗ്യാരന്റിയുടെ അടിസ്ഥാനത്തിലുള്ള ഓഫ് ബജറ്റ് ബോറോയിങ് വായ്പകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകളുടെ തിരിച്ചടവ് സര്‍ക്കാര്‍ ബജറ്റില്‍നിന്നുള്ള ഗ്രാന്റില്‍നിന്നാണ് പണം കണ്ടെത്തുന്നതെങ്കില്‍ അവയും നിഷിദ്ധമാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഐസക്ക് പറയുന്നു. ഇത്തരം തുകകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന വാര്‍ഷിക വായ്പയില്‍നിന്ന് തട്ടിക്കിഴിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ കോടതിയിലേ തീര്‍പ്പാകുവെന്നും അദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളെ ഇത്തരത്തില്‍ ശ്വാസംമുട്ടിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്താണു ധാര്‍മികാവകാശമെന്നും ഐസക്ക് പറയുന്നു. കേരള സര്‍ക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ്ങിന് എതിരായിട്ടാണല്ലോ സിഎജിയും കേന്ദ്രസര്‍ക്കാരും ഇറങ്ങിയിട്ടുള്ളത്. ഓഫ് ബജറ്റ് ബോറോയിങ് എന്നു പറഞ്ഞാല്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ള ചെലവുകള്‍ക്കുവേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളോ ഏജന്‍സികളോ വഴി സര്‍ക്കാര്‍ തിരിച്ചടവ് ചുമതല ഏറ്റുകൊണ്ട് വായ്പയെടുക്കുന്നതിനെയാണ്.
കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യത്തില്‍ വളരെ പരിചയസമ്പന്നരായിട്ടുള്ളവര്‍. 2020-21ലെ ബജറ്റ് പ്രസംഗത്തിന്റെ അനുബന്ധത്തില്‍ പറയുന്നത് 2019-20ല്‍ 1.73 ലക്ഷം കോടി രൂപ ഇങ്ങനെ വായ്പയെടുത്തിട്ടുണ്ടെന്നാണ്. 2020-21ല്‍ 1.86 ലക്ഷം കോടി രൂപ ഇപ്രകാരം വായ്പയെടുക്കുമെന്നാണ്. ഏതെല്ലാം സ്കീം നടപ്പാക്കാനാണ് ഇത്തരത്തില്‍ വായ്പയെടുക്കുന്നതെന്ന കാര്യവും രേഖയില്‍ പറയുന്നുണ്ട്. പക്ഷേ, ഈ തുകകള്‍ കേന്ദ്രസര്‍ക്കാരിന്റെ കടബാധ്യതയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് ഒഴിവാക്കിക്കൊണ്ടാണ് ധനകമ്മിയുടെ കണക്ക് ഉണ്ടാക്കിയിട്ടുള്ളത്. എന്തേ കേരളത്തില്‍ വരുമ്പോള്‍ പെന്ഷന് കമ്പനിയെടുത്ത താല്‍ക്കാലിക വായ്പ കേരള സര്‍ക്കാരിന്റെ അനുവദനീയമായ വാര്‍ഷിക വായ്പയില്‍ ഉള്‍പ്പെടുത്തണമെന്നു ശഠിക്കുന്നത്.
ഓഫ് ബജറ്റ് ബോറോയിങ്ങില്‍നിന്നു വ്യത്യസ്തമാണ് സര്‍ക്കാര്‍ ഗ്രാന്റുകളുടെ അടിസ്ഥാനത്തില്‍ കിഫ്ബി എടുക്കുന്ന വായ്പകള്‍. ഇങ്ങനെയെടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാരിന്റെ അനുവദനീയ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണു ശാഠ്യം. ഈ തുക കുറച്ചുള്ള വായ്പയേ ഈ വര്‍ഷം കടമെടുക്കാന്‍ അനുവദിക്കൂവെന്ന് ഇണ്ടാസും ഇറക്കിയിട്ടുണ്ടെന്നും ഐസക്ക് ന്യായീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: