ലഖ്നൗ: യുപിയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലുലു മാളില്‍ നിസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ നടപടിയുമായി യോഗി സര്‍ക്കാര്‍. ലുലു ഗ്രൂപ്പ് അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരം പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
പ്രതിഷേധത്തിന്റെ ഭാഗമായി രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ശ്രമിച്ച മൂന്ന് പേരെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സമാജ് പാര്‍ട്ടിക്കാരായ ഇവരെ മാളിന്റെ പ്രവേശന കവാടത്തില്‍ തടഞ്ഞുവച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാള്‍ പരിസരത്ത് ഒരു തരത്തിലുള്ള പ്രകോപനങ്ങളും പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് ലഖ്നൗ സൗത്ത് എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു. സുന്ദര കാണ്ഡം പാരായണം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തിഡ്ഡുണ്ട്. സെക്ഷന്‍ 144 ലംഘിച്ചതിന് ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
നിസ്കരിച്ചവര്‍ക്കെതിരെ നിയമനടപടി വേണമെന്ന് ലുലു ഗ്രൂപ്പ് ആവശ്യപ്പെട്ടതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്. മാളില്‍ അതിക്രമിച്ച് കയറി നിസ്കരിച്ചവര്‍ക്കെതിരെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസിലാണ് ലുലുമാള്‍ അധികൃതര്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലുലു മാളില്‍ നമസ്കരിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മാളിന്റെ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സിബ്തൈന്‍ ഹുസൈന് നല്കിയ പരാതിയിലാണ് പോലീസ് നടപടി. അനുവാദമില്ലാതെ ചിലര്‍ മാളിലെത്തി കറയി നിസ്കരിച്ചുവെന്നാണ് ലുലു നല്കിയ പരാതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസിന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈമാറുമെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാളിലെ ജീവനക്കാരനോ തൊഴിലാളിയോ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് പറഞ്ഞു. മാളില്‍ മതപരമായ ഒരു ചടങ്ങുകളും പ്രാര്‍ഥനകളും അനുവദിക്കില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിനും മാളില്‍ ചടങ്ങുകളും പ്രാര്‍ഥനകളും നടത്താന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച അറിയിപ്പ് മാളിനുള്ളില്‍ പ്രദര്‍ശിപ്പിക്കും. മുസ്ലീം വിശ്വാസികള്‍ നിസ്കരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെയാണ് ലുലു ഗ്രൂപ്പ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
ഇത്തരം പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ മാളിലെ ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായി മാള്‍ ജനറല്‍ മാനേജര്‍ സമീര്‍ വര്‍മ അറിയിച്ചു. ഈ മാസം 10നാണ് ലക്നൗവില്‍ ലുലു മാള്‍ ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: