ഗായത്രിയുടെ 24 ശക്തിധാരകള്‍
ഭ്രമം, അഥവാ തെറ്റായ ധാരണ, ആണ് മായ. ഭ്രമമില്ലായ്മയ്ക്കാണ് മഹാമായ എന്നു പറയുന്നത്. മായ പദാര്‍ത്ഥപരവും ജ്ഞാനപരവുമാണ്. മാനവശക്തി പരിമിതമാകയാല്‍ അവന് ‘സമഗ്ര’ത്തെ ദര്ശിക്കാനാവുന്നില്ല. അതിനാല്‍ തന്റെ പരിധിയില്പ്പെട്ടതിനെ മാത്രം സര്‍വസ്വമായി കരുതുന്നു. കിണറാണ് സമഗ്രവിശ്വം എന്നു മണ്ഡൂകം വിശ്വസിക്കുന്നു. അതിന്റെ സാഹചര്യത്തില്‍ അതേ സാധിക്കുകയുമുള്ളൂ. എന്നാല്‍ അതിന് കിണറ്റില്‍നിന്ന് പുറത്തുവരുവാനും ആകാശത്തില്‍ പറക്കുവാനും ബ്രഹ്മാണ്ഡവിഹായസ്സില് വിചരിക്കുവാനും ഉള്ള അവസരം ലഭിച്ചാല്‍, താന്‍ കിണറിനെ പൂര്ണബ്രഹ്മമായി കരുതിയത് തെറ്റാണെന്നും മുമ്പ് സത്യമെന്നു തോന്നിയത് കേവലം ഭ്രമമായിരുന്നെന്നും ബോദ്ധ്യപ്പെടും.
ജീവി മായാബന്ധനങ്ങളാല് ബന്ധിക്കപ്പെട്ടിരിക്കുന്നു. അതായത് സങ്കുചിതത്വത്തിന്റെ പരിധിയില്‍ ഒതുക്കിനിര്ത്തപ്പെട്ടിരിക്കുന്നു. ആഗ്രഹങ്ങളും, ചിന്തകളും പ്രവര്‍ത്തനങ്ങളും ഈ മായാവലയത്തില്‍ കുടങ്ങിയിരിക്കുന്നതിനാല് അവയുടെ നിലവാരവും അവാഞ്ചനീയമാണ്. ഇത്, തന്നില്‍ത്തന്നെയുള്ള സുഗന്ധസ്രോതസ്സിനെ തേടിയലയുന്ന കസ്തൂരിമാനെപ്പോലെ, നമ്മുടെ സ്വന്തം ശക്തിയുടെയും കഴിവിന്റെയും സമ്പത്തിന്റെയും വൃഥാവ്യയമാണ്. ജിജ്ഞാസുക്കളും മുമുക്ഷുക്കളും ഈ മായാജാലത്തില്നിന്നും മോചനം നേടുന്നതില്‍ വ്യാപൃതരായി കഴിയുന്നു. ജീവിതം സഫലമാക്കുന്ന ഉപലബ്ധിയാണ് ആത്മജ്ഞാനം. ഇതുതന്നെയാണ് മഹാമായ എന്ന പേരില്‍ അറിയപ്പെടുന്നത്. മായയാല്‍ ബന്ധിക്കപ്പെട്ടവര്‍ക്ക് ദുഃഖവും മഹാമായയില്‍ ശരണം തേടിവര്ക്ക് പരമശാന്തിയുടെ സൗഭാഗ്യവും ലഭിക്കുന്നു. ശ്രേയസ്കരമായ മാര്‍ഗം അവര്‍ക്കു നേരില്‍ കാണാന്‍ കഴിയുന്നു. ഉയര്‍ന്നുപൊങ്ങുന്ന ആത്മബലത്തോടെ ആ മാര്‍ഗത്തിലൂടെ വിചരിക്കുക സുഗമവും സുസാദ്ധ്യവുമാണ്.
തന്റെ അസ്തിത്വം ശരീരമാണ് എന്നുള്ള ആത്മാവിന്റെ ധാരണ ഒന്നാംകിടയിലെ ഭ്രമമാണ്. ഇതിന്റെ ലഹരിക്കധീനനായി മനുഷ്യന് വിഷയവാസനയുടെയും വ്യാമോഹങ്ങളുടേയും, അഹങ്കാരത്തിന്റെയും വിലയില്ലാത്ത വേലകളില്‍ കുരുങ്ങി, തനിക്കുലഭിച്ച മനുഷ്യജന്മമാകുന്ന സുവര്‍ണാവസരം മൃഗീയമായ പ്രയോജനങ്ങള്‍ക്കുവേണ്ടി പാഴാക്കുന്നു. അവസാനം യാതൊന്നും നേടാന്‍ കഴിയാതെ വെറുംകയ്യോടെ മടങ്ങേണ്ടിവരുന്നുവെന്നു മാത്രമല്ല, പാപത്തിന്റെ ഭാണ്ഡം തലയിലേറ്റിക്കൊണ്ടു പോകുക, 84 ലക്ഷം യോനികളിലൂടെ പ്രായാണം ചെയ്തശേഷം വിലപിക്കുക, ജീവിതം മുഴവന്‍ പാപത്തിന്റെയും താപത്തിന്റെയും ദുഃഖം താങ്ങുക എന്നിങ്ങനെയുള്ള ദുര്ഗതികളെല്ലാം സഹിക്കേണ്ടിവരികയും ചെയ്യുന്നു. മായയുടെ മോഹത്തില്‍ ഭ്രമിച്ചു അതിന്റെ കുരുക്കില്പ്പെട്ടതിന്റെ പരിണതിയാണിതെല്ലാം. ഈ മഹാവിപത്തില്‍നിന്നും രക്ഷിക്കുന്നത് മഹാമായ മാത്രമാണ്.
ഗായത്രിക്ക് മഹാമായ എന്നും പറയുന്നു. സാധനമൂലം അതിന്റെ അനുഗ്രഹം സാധകന്റെ അന്തരാത്മാവിലേയ്ക്കു പ്രവഹിക്കുകയും മായയില്നിന്നും മുക്തിനേടിയ സ്ഥിതിയില്‍ എത്തുകയും ചെയ്യുന്നു. ഇതാണ് ദിവ്യദൃഷ്ടി ജ്ഞാനചക്ഷുവിന്റെ ഉന്മീലനം എന്നു പറയുന്നതും ഇതുതന്നെയാണ്. ഈ അവസ്ഥയിലാണ് ജീവിതരഹസ്യങ്ങള്‍ വരിഞ്ഞുകെട്ടിയിരിക്കുന്ന ബന്ധങ്ങളെല്ലാം പഴുത്ത ഇലകളെന്നപോലെ താനേ അറ്റുപോകുന്നത്. ആത്മാവ് ജാഗൃതമായിത്തീരുന്നതിനാല് സകലതും പുതിയ ദൃഷ്ടികോണിലൂടെ വീക്ഷിക്കുവാ
നും ചിന്തിക്കുവാനും സാധിക്കുന്നു. രാത്രിയിലെ സ്വപ്നത്തിനുശേഷം പ്രഭാതത്തില്‍ ഉണരുമ്പോള്‍ സ്ഥിതി ആകെ മാറുന്നതുപോലെ, മഹാമായയുടെ അനുഗ്രഹം സംജാതമാകുന്നതോടെ ജാഗൃതിയിലേയ്ക്കുള്ള പ്രവേശനകവാടം തുറക്കുകയും ഇച്ഛയുടേയും നിര്‍ണയത്തിന്റെയും അനുഭൂതിയുടേയും സ്വരൂപം ഊര്ദ്ധോന്മുഖമായിത്തീരുകയും ചെയ്യുന്നു. ഈ അവസ്ഥ ദേവതുല്യമായ സ്വര്‍ഗീയാനന്ദവും ബന്ധനമുക്തിയില് നിന്നുളവാകുന്ന ബ്രഹ്മാനുഭൂതിയുടെ രസാസ്വാദനവും അനവരതം ലഭിക്കത്തക്ക യോഗ്യത പ്രദാനം ചെയ്യുന്നു. പരമാത്മാവിന്റെ പക്കല്‍വരെ എത്തിക്കുന്ന സാക്ഷാല്‍ ദേവമാതാവാണ് മഹാമായ എന്നു പറയപ്പെടുന്നു. ദേവത്വമാണ് അതിന്റെ അനുഗ്രഹം. ഗായത്രീഉപാസന ഒരു നിലയിലെത്തുമ്പോള്‍ മഹാമായയുടെ രൂപത്തില്‍ സാധകനെ എല്ലാവിധത്തിലും കൃതകൃത്യനാക്കുന്നതായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: