ഇസ്ലാമാബാദ്: ഇസ്ലാം മതത്തോടും വിശുദ്ധ ഗ്രന്ഥത്തോടും അനാദരം കാട്ടിയെന്നാരോപിച്ച് പ്രമുഖ ഫാഷന്‍ മോഡല്‍ അജ്മല്‍ ഹഖീഖിയെ അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഫാഷന്‍ ഷോകള്‍, യുട്യൂബ് വിഡിയോകള്‍ എന്നിവയിലൂടെ പ്രസിദ്ധനായ ഹഖീഖി വിലങ്ങണിഞ്ഞുനില്‍ക്കുന്ന ചിത്രം താലിബാന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ഖുറാനിലെ വചനങ്ങള്‍ ഹാസ്യാത്മകമായ സ്വരത്തില്‍ ഗുലാം സഖി എന്ന സഹപ്രവര്ത്തകന് ചൊല്ലിയിരുന്നു. ഇതുകേട്ട് ഹഖിഖി പൊട്ടിച്ചിരിക്കുകയും ചെയ്തു. സഹപ്രവര്‍ത്തകന്റെ ഹാസ്യരൂപേണയുള്ള ഖുറാന് പാരായണവും ഹഖിഖിയുടെ പൊട്ടിച്ചിരിയും സംഭവിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവര്‍ക്കുമെതിരെ നടപടിയെടുത്തത്. അറസ്റ്റിലായ സാഖിക്കും മറ്റു രണ്ടു പേര്‍ക്കുമൊപ്പം ഹഖീഖി മാപ്പുപറയുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഹഖിഖിയെയും സഹപ്രവര്‍ത്തകരെയും ഉടന്‍ മോചിപ്പിക്കണമെന്നും താലിബാനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: