കൊല്‍ക്കൊത്ത: ഇന്ത്യയില്‍ ഇതാദ്യമായി മമത ബാനര്‍ജി ഭരിയ്ക്കുന്ന ബംഗാളില്‍ മദ്യം ഓണ്‍ലൈന്‍ വഴി സുഗമമായി വീട്ടിലെത്തുന്ന സംവിധാനം വരുന്നു. ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി ഇത്തരമൊരു പുതിയ സംവിധാനം കൊണ്ടുവരുന്നത്.
എന്നാല്‍ സംവിധാനം ദുരുപയോഗം ചെയ്യുന്നത് വഴി പല സാമൂഹ്യ പ്രശ്നങ്ങളും ഉടലെടുത്തേക്കാമെന്ന പരാതി വ്യാപകമായി ഉയരുന്നു. പല കമ്പനികളും ഓണ്‍ലൈനില്‍ മദ്യം വിതരണം ചെയ്യുന്നുണ്ടെങ്കിലും ഓര്‍ഡര്‍ ചെയ്ത് 10 മിനിറ്റില്‍ മദ്യം നല്‍കുമെന്ന അവകാശവാദം ഇതാദ്യമാണ്. തൃണമൂല്‍ സര്‍ക്കാരിലെ എക്സൈസ് ഡിപാര്‍ട്മെന്റാണ് കമ്പനിയ്ക്ക് അനുമതി നല്‍കിയത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂസി എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഈ നവീന സംവിധാനത്തിന് പിന്നില്‍. ആദ്യം കൊല്‍ക്കൊത്ത നഗരത്തിലാണ് ഈ സംവിധാനം നടപ്പാക്കുക. ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുക. അതിനാല്‍ ഓരോ തവണ നല്കപ്പെടുന്ന ഓര്‍ഡറിന് പിന്നിലെ വ്യക്തിയെയും അവരുടെ ബ്രാന്റിനെയും കുറിച്ചെല്ലാം അപ്പപ്പോള്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടും. ഇത് ഭാവിയില്‍ കുറെക്കൂടി വേഗത്തില്‍ മദ്യം വീട്ടിലെത്തിക്കാന്‍ സഹായിക്കും. അതുപോലെ ഉപഭോക്താക്കളുടെ സ്വഭാവവും അവരുടെ ലൊക്കേഷനും നോക്കി തൊട്ടടുത്ത മദ്യ ഔട്ട്ലെറ്റില് നിന്നും ബ്രാന്റുകള്‍ ശേഖരിച്ചുവെയ്ക്കുക വരെ ചെയ്യാനാവും. ഇത് മദ്യഡെലിവറിയുടെ കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും.
കമ്പനിയുടെ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി നമുക്ക് ഇഷ്ടമുള്ള ബ്രാന്റ് തെരഞ്ഞെടുത്ത് ഓര്‍ഡര്‍ നല്‍കാം. ഉടനെ കമ്പനിയുടെ പ്രതിനിധി തൊട്ടടുത്ത മദ്യ ഔട്ട്ലെറ്റില് നിന്നും മദ്യം വാങ്ങി ഓര്‍ഡര്‍ ചെയ്തയാളുടെ വീട്ടില്‍ എത്തിക്കും.
മദ്യം ഓര്‍ഡര്‍ ചെയ്യുന്ന വ്യക്തി പ്രായപൂര്‍ത്തിയായവരാണോ അല്ലയോ എന്ന കാര്യം അറിയാന്‍ ബുദ്ധിമുട്ടാണ്. ഈ സ്ഥിതിവിശേഷം ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. മദ്യവുമായി ഡെലിവറിക്ക് പോകുന്ന കമ്പനി പ്രതിനിധി വഴിയില്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത വരെ വിമര്‍ശകര്‍ ഉയര്‍ത്തുന്നു. നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് നാട്ടിലും വീട്ടിലും മദ്യമൊഴുകുമെന്നും ഇത് കൂടുതല്‍ മദ്യാസക്തിയിലേക്ക് നയിക്കുമെന്നതുമാണ് പരാതികള്‍.
എന്നാല്‍ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം മറികടക്കുന്ന സംവിധാനമാണ് കമ്പനി ഒരുക്കുന്നതെന്ന് കമ്പനി വക്താക്കള്‍ പറയുന്നു. എന്തായാലും അതീവരഹസ്യമായി ഒരു സ്റ്റാര്‍ട്ടപ്പിന് ഇത്രയേറെ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന ഒരു സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയതിന്റെ പേരില്‍ മമതയ്ക്കെതിരെ വരുംനാളുകളില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: