കുടമാളൂര്‍ രാധാകൃഷ്ണന്
തിരുവാര്‍പ്പ്: തോരാമഴയെത്തിയതോടെ കര്‍ഷകര്‍ തോരാത്ത കണ്ണീര് മഴയിലുമായി. തിരുവാര്‍പ്പ് ജെ ബി ബ്ലോക്കിലെ 70 ഓളം വരുന്ന കര്‍ഷക കുടുംബങ്ങളുടെ കണ്ണീരാണ് തോരാതെ നിറഞ്ഞൊഴുകുന്നത്. ഇവിടുത്തെ 9000 പാടശേഖരത്തിലെ 200 ഏക്കറിലെ കൊയ്ത്ത് കഴിഞ്ഞിട്ട് 20 ലധികം ദിവസങ്ങളായി.
കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് ഏറ്റെടുക്കാമെന്ന് സമ്മതിച്ചവര് എത്താത്തതുമൂലം പാടശേഖരത്തു തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. നിലവില്‍ ഈ നെല്ല് വെള്ളം കയറി നശിക്കുന്ന അവസ്ഥയാണെന്ന് കര്‍ഷകര്‍ കണ്ണീരോടെ പറയുന്നു. 25 ടണ്ണിലധികം നെല്ലാണ് ഇങ്ങനെ നശിക്കുവാന്‍ സാദ്ധ്യതയേറുന്നത്. പണയം വച്ചും കടം വാങ്ങിയുമാണ് കര്‍ഷകര്‍ നെല്‍കൃഷി ചെയ്തത്. സപ്ലൈക്കോ നെല്ല് എടുക്കാമെന്ന് സമ്മതിച്ചിരുന്നതായും കര്‍ഷകര്‍ പറയുന്നു.
സപ്ലൈകോ നെല്ല് എടുക്കാന്‍ താമസിച്ചപ്പോള്‍ വിവരം പഞ്ചായത്ത് അംഗത്തെയും, ജില്ലാ കളക്ടറെയും കര്‍ഷകര്‍ അറിയിച്ചു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതിനിടയില്‍ ഒരു ലോഡ് നെല്ല് കയറിപ്പോകുകയും ചെയ്തു. കര്‍ഷകര്‍ അതുകണ്ട് സന്തോഷിച്ചെങ്കിലും ഇത് അവരെ ചതിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ഈ ലോഡിന്റെ കൂടെ ഗുണനിലവാരമുള്ള നെല്ലിനൊപ്പം രണ്ടാംതരം നെല്ലു കൂടി കയറ്റി വിടുകയായിരുന്നു.
ചുമട്ടുതൊഴിലാളികളെ സ്വാധീനിച്ച് കരാറുകാരനാണ് ഇങ്ങനെ ചെയ്യിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ ഇവിടെ നിന്നും നെല്ലു കയറിപ്പോകുമെന്ന പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. ഗുണ നിലവാരമില്ലാത്ത നെല്ലാണ് ഇവിടുത്തേതന്ന് വരുത്തി നെല്ലിനു വില കുറയ്ക്കാനുള്ള അടവായിരുന്നു ഇതിന് പിന്നിലെന്ന് കര്‍ഷകര്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇൗ ചതിയാണ് കര്‍ഷകരെ ഏറെ വേദനിപ്പിക്കുന്നത്. തങ്ങളുടെ വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും ഫലം പാഴായിപ്പോകുന്നതാണ് തിരുവാര്‍പ്പിലെ കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇനിയും നെല്ലെടുക്കാന്‍ അധികൃതര്‍ താമസിച്ചാല്‍ മുഴുവന്‍ നെല്ലും വെള്ളത്തിനടിയിലാകുമെന്നും, അടിയന്തര നടപടികള്‍ വേണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: