കലയ്ക്ക് ജാതിയും മതവുമില്ല. മന്‍സിയയ്ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ വേദിയില്‍ പരിപാടി അവതരിപ്പിക്കാനില്ലെന്ന് നര്‍ത്തകി അഞ്ജു അരവിന്ദ്. കൂടല്‍മാണിക്യം നൃത്തോല്‍ത്സവത്തില്‍ മന്സിയയ്ക്കൊപ്പം അഞ്ജുവിന്റെ ഭരതനാട്യവും ഉണ്ടായിരുന്നു. ഇവരോടും ഹിന്ദുവാണെന്ന് എഴുതി ഒപ്പിട്ടു നല്കാന് ആവശ്യപ്പെട്ടതോടെ പരിപാടിയില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഞ്ജു ഇക്കാര്യം അറിയിച്ചത്.
കലാകാരി എന്ന നിലയില്‍ കലയ്ക്ക് ജാതിയും മതവുമില്ലെന്ന് ബോധ്യമുണ്ട്. കൂടല്‍മാണിക്യം കമ്മിറ്റിയുടെ നിബന്ധനകളില്‍ പറയുന്ന പോലെ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് നിയമം നിലനില്‍ക്കെ അപേക്ഷ പരിഗണിച്ച് നോട്ടീസ് അടിച്ചിറക്കിയ ശേഷം ഒഴിവാക്കിയ രീതിയോട് യോജിക്കാനാവില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ നൃത്തോത്സവങ്ങളിലൊന്നും ഈ നിബന്ധനകളുണ്ടായിരുന്നില്ല.
കൂടാതെ ഇത്തവണ നൃത്തോല്ത്സവത്തിന് പ്രമുഖ കലാകാര്‍ ഉള്‍പ്പെടെ നിരവധി കലാകാരെ തെരഞ്ഞെടുത്തതിന് ശേഷം ‘അവരുടേതായ’ കാരണങ്ങള്‍ പറഞ്ഞു അവസരങ്ങള്‍ നിഷേധിച്ചതായും ആരോപണങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെ മികവ് കൊണ്ടുതന്നെയാണ് ഇത്തവണ അപേക്ഷ അയച്ചതും അവസരം ലഭിച്ചപ്പോള്‍ പക്കമേളക്കാര്‍ക്ക് ഉള്ള പ്രതിഫലം പോലും സംഘാടകര്‍ നല്‍കില്ല എന്നറിഞ്ഞിട്ടും നൃത്തപരിപാടി ചെയ്യാന്‍ ആഗ്രഹിച്ചതും. എന്നാല്‍ നിബന്ധനകള്‍ വെച്ച് വെച്ച്, ഞാന്‍ ഹിന്ദു ആണ് എന്ന് എഴുതി ഒപ്പിട്ടുകൊടുക്കേണ്ട വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അഞ്ജു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: