പ്രൊഫ. ഡി. അരവിന്ദാക്ഷന്
ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ. ഒരു രാജ്യത്തിന്റെ ശക്തി ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഓരോ രാജ്യത്തെയും ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടത് അവിടുത്തെ സര്‍ക്കാരുകളാണ്. 130 കോടി ജനങ്ങളാണ് ഇപ്പോള്‍ ഭാരതത്തിലുള്ളത്. ഇവരുടെ ആരോഗ്യസംരക്ഷണം വലിയ ഉത്തരവാദിത്വമാണ്. ആ നിലയില്‍ 2014 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന ആരോഗ്യസുരക്ഷാനടപടികള്‍ നിരവധിയാണ്.
സ്വച്ഛ് ഭാരത് മിഷന്
2014 ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കിയ സുപ്രധാന പദ്ധതിയാണ് സ്വച്ഛ്ഭാരത് മിഷന്. ശുദ്ധമായ പരിസരവും ശുദ്ധജലവും ശുദ്ധവായുവും ആരോഗ്യത്തിന്റെ അടിസ്ഥാനഘടകങ്ങളാണ്. ഇവ ഏര്‍പ്പെടുത്താന്‍ വിപുലമായ പരിപാടികള്‍ ആവിഷ്കരിക്കുകയും കേന്ദ്ര ബജറ്റുകളില്‍ മതിയായ തുക വകയിരുത്തുകയും ചെയ്തു. എല്ലാവര്ക്കും വീടെന്ന സ്വപ്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ അതിവേഗം നടപ്പാക്കി. ഒന്നരക്കോടി ആളുകള്‍ക്ക് നാല് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കെട്ടുറപ്പുള്ള വീടുകള്‍ നിര്‍മിച്ച് നല്കി. പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്തപദ്ധതി പ്രകാരം ഒന്‍പത് കോടി വീടുകളില്‍ ആധുനിക രീതിയിലുള്ള ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്കി. എല്ലാ വീടുകള്‍ക്കും വൈദ്യുതി എന്ന പദ്ധതിപ്രകാരം അഞ്ച് കോടി വീടുകള്‍ പുതുതായി വൈദ്യുതീകരിച്ചു. കേന്ദ്ര ജലമിഷന്‍ പദ്ധതിപ്രകാരം നാല് കോടി കുടുംബങ്ങള്‍ക്ക് പൈപ്പുകള്‍ വഴി ശുദ്ധജലമെത്തിച്ചു. എല്ലാവര്ക്കും ശുദ്ധജലമെന്ന ലക്ഷ്യപ്രാപ്തിയിലേക്ക് ജലമിഷന്‍ നീങ്ങികൊണ്ടിരിക്കുന്നു. റോഡുകള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, കളിസ്ഥലങ്ങള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ ശുദ്ധീകരിക്കാന്‍ പ്രത്യേകമായി പദ്ധതികള്‍ ആവിഷ്കരിച്ചു. ഖരമാലിന്യ സംസ്കരണത്തിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംസ്കരണശാലകള്‍ സ്ഥാപിച്ചു.
ആരോഗ്യരംഗത്തെ അടിസ്ഥാനമേഖലാ വികസനങ്ങള്‍
രോഗം വരാതെ നോക്കുകയും വന്നാല്‍ അടിയന്തിരമായി ചികിത്സ ലഭ്യമാക്കുകയുമാണ് ആരോഗ്യരംഗത്തെ സര്‍ക്കാരുകളുടെ പ്രഥമ ഉത്തരവാദിത്വം. അപ്രകാരം ദേശീയ ആരോഗ്യമിഷന്റെ നേതൃത്വത്തില്‍ ഗ്രാമ, ബ്ലോക്ക്, താലൂക്ക്, ജില്ലാ കേന്ദ്രങ്ങളില്‍ പുതിയ ആശുപത്രികള്‍ നിര്‍മിച്ചു. സംസ്ഥാന തലത്തില്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. 2013 ല്‍ 385 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2020 ല്‍ 542 ആയി വര്‍ദ്ധിപ്പിച്ചു. ഇന്ത്യയില്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 1000 ആയി വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ആനുപാതികമായി ഡന്റല്‍ കോളജുകള്‍, നഴ്സിംഗ് കോളജുകള്‍, ആയുര്‍വേദ കോളജുകള്‍, ഫാര്‍മസി കോളജുകള്‍, എന്നിവയുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. മെഡിക്കല്‍, ഡന്റല്‍ സീറ്റുകളുടെ എണ്ണം ഡിഗ്രിതലത്തില്‍ ഏഴ് ലക്ഷമായി ഉയര്‍ത്തി. മെഡിക്കല്‍ പ്രവേശനത്തെ അഴിമതി വിമുക്തമാക്കാന്‍ ദേശീയതലത്തില്‍ ഗുണനിലവാരമുള്ള നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തി. മെഡിക്കല്‍ കൗണ്‍സിലിന്റെ അഴിമതി അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം നടത്തി.
മരുന്നുത്പാദനവും വിതരണവും
ലോകത്തെമ്പാടും വിതരണം ചെയ്യപ്പെടുന്ന മരുന്നുകളില്‍ 40 ശതമാനം വരെ ഗുണ നിലവാരമില്ലാത്തതാണെന്ന് ലോകാരോഗ്യസംഘടനയുടെ പല പഠനങ്ങളും തെളിയിക്കുന്നു. ഗുണനിലവാരമുള്ള മരുന്നുകള്‍ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും അത്യന്താപേക്ഷിതമാണ്. 1990 ല്‍ ഇന്ത്യയില്‍ ഉല്പാദിപ്പിച്ചിരുന്നത് 14000 കോടി രൂപയ്ക്കുള്ള മരുന്നുകള്‍ മാത്രമാണ്. എന്നാല്‍ 2016 ല്‍ ഇത് 4.2 ലക്ഷം കോടിയായി ഉയര്‍ന്നു. 2022 ല്‍ ഇന്ത്യയുടെ മരുന്നുത്പാദനം ആറ് ലക്ഷം കോടിയുടേതാണ്. ലോകത്തില്‍ ആവശ്യമുള്ള മരുന്നുകളില്‍ 20 ശതമാനം ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നു. കൊവിഡ് വാക്സിനുകളില്‍ 60ശതമാന വും എയ്ഡ്സിനുള്ള മരുന്ന് 80 ശതമാനവും ഇന്ത്യയിലാണ് ഉത്പാദിപ്പിക്കുന്നത്. കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്കി. കൊറോണ പ്രതിരോധത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം കൈവരിച്ചു. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന് വന്‍തോതില്‍ ഉത്പാദിപ്പിച്ചത് പൂനൈ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഹൈദരാബാദിലെ ഭാരത് ബയോ ടെക് വികസിപ്പിച്ച കോവാക്സിന് ഇന്ന് ലോകമെമ്പാടും ഉപയോഗിക്കുന്നു. ഇന്ത്യയിലെ 20 പൊതുമേഖലാ മരുന്നു നിര്‍മാണ കമ്പനികളെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ എന്ന കമ്പനിയുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് നല്കി ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ 25 വന്‍കിട പൊതു ഉടമാ കമ്പനികളും (പബ്ലിക് ലിമിറ്റഡ്) 1300 ചെറുകിട-ഇടത്തരം കമ്പനികളും മരുന്നു നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചും പുതിയ കമ്പനികള്‍ ആരംഭിച്ചും ഇപ്പോഴത്തെ ഉത്പാദനം 6 ലക്ഷം കോടി എന്നത് സമീപഭാവിയില്‍ 10 ലക്ഷം കോടിയായി ഉയര്‍ത്താന്‍ കഴിയും.
ജനകീയ ഔഷധ നയം
2008ല്‍ കേന്ദ്രസര്‍ക്കാര്‍ ജനകീയ ഔഷധനയം രൂപീകരിച്ചു. മരുന്നുകള്‍ അവയുടെ അടിസ്ഥാന രാസനാമങ്ങളില്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യണമെന്നാണ് ഈ നയം വ്യക്തമാക്കുന്നത്. ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദേശിക്കുമ്പോള്‍ അടിസ്ഥാനരാസനാമങ്ങളില് നിര്‍ദേശിക്കണമെന്ന് പാര്‍ലമെന്റ് അംഗീകരിച്ച ജനകീയ ഔഷധനയം വ്യക്തമാക്കുന്നു. 2011 ല്‍ ഈ നയത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമ നിര്‍മാണം സുപ്രീംകോടതി ശരിവച്ചതോടെ നടപ്പിലായി. എന്നാല്‍ വൈദ്യശാസ്ത്രരംഗത്തുള്ള ചൂഷണം മൂലം ഈ നയം നടപ്പാക്കുന്നതില്‍ മരുന്ന കമ്പനികളും ഉദ്യോഗസ്ഥരും വിമുഖത കാണിച്ചു. തന്മൂലം 2014 വരെ ജന്‍ ഔഷധിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. എന്നാല്‍ 2014 ല്‍ അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍, പ്രധാനമന്ത്രി ജന്‍ഔഷധി എന്ന് പേര് മാറ്റി രാജ്യത്തെമ്പാടും ജന്‍ഔഷധി സ്റ്റോറുകള്‍ ആരംഭിച്ചു. ഇന്ന് 9000 ജന്‍ഔഷധി സ്റ്റോറുകള്‍ ആണ് ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ആ പദ്ധതിയുടെ പേര് പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന (ജങആഖജ)എന്നാണ്. ഓരോ ജന്‍ഔഷധി സ്റ്റോറുകള്‍ തുടങ്ങുന്നതിനും കേന്ദ്രസര്‍ക്കാര്‍ 2.5 ലക്ഷം രൂപ സഹായധനമായി നല്കുന്നു. മരുന്നുകള്‍ സംഭരിച്ച് നല്കാന് ആജജക (ആൗൃലമൗ ീള ജവമൃാമ ജടഡ െീള കിറശമ) എന്നപേരില്‍ സൊസൈറ്റി രൂപീകരിച്ചു. വിപണിവിലയുടെ 10 ശതമാനം നല്കിയാല് ജന്‍ഔഷധി സ്റ്റോറുകളില്‍ നിന്നും മരുന്നുകള്‍ ലഭിക്കുന്നു.
വൈദ്യശാസ്ത്രരംഗത്തെ ഗവേഷണ കേന്ദ്രങ്ങള്‍
വൈദ്യശാസ്ത്രരംഗത്തെ ഗവേഷണ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, എയിംസുകള്‍, തിരുവനന്തപുരത്തെ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്നിവയ്ക്ക് തുടര്‍ച്ചയായി ബ്ജറ്റുകളില് കൂടുതല്‍ തുക വകയിരുത്തി. വൈദ്യശാസ്ത്രരംഗത്ത് കൂടുതല്‍ സാങ്കേതിക മികവ് കൈവരിക്കാന്‍ ഐഐടികളില്‍ മെഡിക്കല്‍ ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കുവേണ്ടി മെഡിക്കല്‍ കോളജുകള്‍ സ്ഥാപിച്ചു. ബയോടെക്നോളജി, ബയോ മെഡിക്കല്‍, ബയോ ഇന്‍ഫോര്‍മാറ്റിക്സ്, നാനോടെക്നോളജി എന്നിവയില്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്കാന് ഇതുമൂലം സാധിക്കും. രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ വികസിപ്പിക്കാനും രോഗപ്രതിരോധത്തിനും ചികിത്സക്കും മരുന്നുകള്‍ കണ്ടെത്തുന്നതിനും സാധിക്കും.
അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍
ഗര്‍ഭിണികളായ അമ്മമാരെയും കുട്ടികളെയും സംരക്ഷിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും 10 മുതല്‍ 45 വരെ അങ്കണവാടികള്‍ സ്ഥാപിച്ചു. അദ്ധ്യാപകരുടെയും ആയമാരുടെയും ശമ്പളം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. പ്രതിരോധ മരുന്നുകളും പോഷകാഹാരങ്ങളും വിതരണം ചെയ്തു. ഇതിലൂടെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കി.
കൊവിഡ് നിവാരണവും രോഗപ്രതിരോധവും
ദേശീയ ആരോഗ്യമിഷന് അടക്കം നിലവിലുള്ള ആശുപത്രികളെ കമ്പ്യൂട്ടര്‍ ശ്യംഖല വഴി ബന്ധിപ്പിച്ചു. 2020 മാര്‍ച്ചിനു മുമ്പ് കൊവിഡ് പരിശോധന നടത്താന്‍ ഒരു ലബോറട്ടറി മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലക്ഷക്കണക്കിന് ലബോറട്ടറികള്‍ സ്ഥാപിച്ച് പരിശോധന വേഗത്തില്‍ നടത്താന്‍ സൗകര്യം ഒരുക്കി. പരിശോധനാകിറ്റുകള്‍ വ്യാപകമായി ഉത്പാദിപ്പിച്ച് കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി. 17 പ്രതിരോധ മരുന്നുകള്‍ നല്കി രോഗപ്രതിരോധം ഊര്‍ജ്ജിതപ്പെടുത്തി. 28 സംസ്ഥാനങ്ങളിലും ഒന്‍പത് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ലക്ഷം ഓക്സിജന്‍ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചു. മാസ്ക് നിര്‍മാണത്തില്‍ രാജ്യം സ്വയം പര്യാപ്തത നേടി. വെന്റിലേറ്ററുകള്‍ ആവശ്യത്തിന് വിതരണം ചെയ്തു. വാക്സിന് കമ്പനികളെ പ്രോത്സാഹിപ്പിച്ച്
നിര്‍മാണം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. മരുന്ന് ഗവേഷണസ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്കി. ആരോഗ്യരംഗത്തെ അടിസ്ഥാന മേഖലാ വികസനത്തിന് കേന്ദ്രബ്ജറ്റുകളില് ഗണ്യമായ തുക വകയിരുത്തി. എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്കി. പ്രതിവര്‍ഷം 63000 കോടി ചെലവ് വരുന്ന പദ്ധതിയാണിത്. കൊവിഡ് വാക്സിനുകള്‍ വന്‍തോതില്‍ ഉത്പാദിപ്പിച്ച് 180 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. ഈ മഹാമാരിയെ നേരിടാന്‍ ലോകത്തിന്റെ മരുന്ന് നിര്‍മാണ കേന്ദ്രമായി ഭാരതം മാറി.
ആരോഗ്യരക്ഷയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ആരോഗ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം ജനസംഖ്യയുടെ 23 ശതമാനമാണ്. 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തുകൊണ്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന യജ്ഞം ഭാരതം നടത്തി. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും പ്രത്യേക സാമ്പത്തികസഹായങ്ങള്‍ നല്കി. കൊവിഡ് മൂലം മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ സഹായധനം ഉറപ്പാക്കി. മരിച്ചവരുടെ കുട്ടികള്‍ക്ക് സൗജന്യവിദ്യാഭ്യാസവും സംരക്ഷണവും ഉറപ്പുവരുത്തി. പാവപ്പെട്ട കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വര്‍ഷംതോറും 6000 രൂപ നിക്ഷേപിച്ച് ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിന് ആക്കം കൂട്ടി. 60 കോടി ആളുകളുടെ പേരില്‍ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുടങ്ങി. അവര്‍ക്കുള്ള സാമ്പത്തിക സഹായം അക്കൗണ്ടുകളില്‍ ലഭ്യമാക്കി. പ്രസവിക്കുന്ന അമ്മമാരുടെ അക്കൗണ്ടുകളില്‍ 6000 രൂപ നിക്ഷേപിച്ചു. ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിനായി മേക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത്, ഗതിശക്തി തുടങ്ങി നിരവധി വികസന പദ്ധതികള്‍ ആവിഷ്കരിച്ചു.
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൂടുതല്‍ തൊഴിലാളികളെ ഉള്‍പ്പെടുത്തി. അസംഘടിതതൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ഇഎസ്ഐ പരിരക്ഷ ഉറപ്പാക്കി. ഇഎസ്ഐ ക്ലിനിക്കുകളുടെയും ആശുപത്രികളുടെയും നിലവാരവും എണ്ണവും വര്‍ധിപ്പിച്ചു. ഇഎസ്ഐ പരിധിയിലുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സംവരണം ഏര്‍പ്പെടുത്തി.
മെഡിക്കല്‍ ഇന്‍ഷുറന്‍സ്
2014ല്‍ തന്നെ 35 രൂപ നല്കിയാല് രണ്ട് ലക്ഷം രൂപ ചികിത്സാസഹായം ലഭിക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിച്ചു. പിന്നീടത് മൂന്ന് ലക്ഷമായി വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ പൗരന്മാര്ക്കും അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ പ്രോത്സാഹിപ്പിച്ചു. എല്‍ഐസി മെഡിക്കല്‍ ഇന്‍ഷുറന്‍സും മറ്റ് സേവനങ്ങളും വര്‍ദ്ധിപ്പിക്കാന്‍ എല്‍ഐസിയുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് നല്കാന് തീരുമാനിച്ചു. ഇങ്ങനെ ആരോഗ്യസുരക്ഷാരംഗത്ത് കഴിഞ്ഞ ഏഴു വര്‍ഷമായി ഭാരതം വിപ്ലവകരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: