തൃശ്ശൂര്‍: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തില്‍ നിന്ന് കലാകാരിയെ വിലക്കിയ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിനെതിരെ ഹിന്ദു ഐക്യവേദി. കലയെ സ്നേഹിച്ചതിന്റെ പേരില്‍ സ്വന്തം മതത്തില്‍ നിന്ന് ബഹിഷ്കരണം നേരിട്ട സമര്‍പ്പിതയായ ഒരു കലാകാരിയാണ് മന്‍സിയ ശ്യാം. കാന്‍സര്‍ ബാധിതയായി മരിച്ച ഉമ്മയുടെ ഖബറടക്കം പോലും പള്ളിയില്‍ നടത്താന്‍ മതനേതൃത്വം അവരെ അനുവദിച്ചില്ല. അതുല്യയായ ആ കലാകാരിക്ക് മതത്തിന്റെ പേരില്‍ നൃത്തോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയ ദേവസ്വം നടപടി ഹിന്ദു സമൂഹത്തിനാകെ അപമാനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് വി ബാബു.
ക്ഷേത്രങ്ങള്‍ മതേതര സ്ഥാപനങ്ങളല്ല. എന്നാല്‍ കലോപാസകരെ മതമോ രാഷ്ട്രീയമോ നോക്കാതെ നമ്മുടെ ക്ഷേത്രങ്ങളില്‍ സ്വീകരിച്ചിട്ടുണ്ട്. യേശുദാസിനും കലാമണ്ഡലം ഹൈദരാലിക്കും വേദിയൊരുക്കിയ ക്ഷേത്രാങ്കണങ്ങളില്‍ ഒരു ഹിന്ദുവിനെ വിവാഹം ചെയ്ത് കലയെ മാത്രം ഉപാസിക്കുന്ന മാന്‍സിയക്ക് ഇടത് മതേതരര്‍ ഭരിക്കുന്ന കൂടല്‍മാണിക്യം ദേവസ്വം വിലക്കേര്‍പ്പെടുത്തിയതും മതം മാറിയോ എന്ന് ചോദിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം.
അറിഞ്ഞിടത്തോളം മതം മാത്രമല്ല , സഖാക്കള്‍ക്ക് പരിപാടി നടത്താറുള്ളവരുടെ ജാതിയും പ്രശ്നമാണത്രെ! അവിശ്വാസികള്‍ക്ക് ക്ഷേത്രം ഭരിക്കാമെങ്കില്‍ അഹിന്ദുവിന് കലോപാസനയും നടത്താം. മാന്‍സിയ സ്വയം ഒരു സഖാവായിരിന്നിട്ടും ഈ അവഹേളനത്തിനിരയായി. ഈയടുത്ത കാലത്താണ് ഒരു വിഖ്യാത തെയ്യം കലാകാരനെ കണ്ണൂരില്‍ സി പി എം ഭരണസമിതി മകന്റെ മിശ്രവിവാഹം ചൂണ്ടിക്കാട്ടി ബഹിഷ്കരിച്ചത്.
ഇടത് ഭരണസമിതിയുടെ കാലത്താണ് ജാതിവിവേചനത്തിന്റെ പേരില്‍ ചേരാനല്ലൂരില്‍ ഒരു ജീവനക്കാരന് രാജിവച്ചത്. ഗുരുവായൂരില്‍ ഒരു പട്ടികജാതിക്കാരനായ പഞ്ചവാദ്യം കലാകാരനെ മാറ്റി നിര്‍ത്തിയതും ഒരു ഹിന്ദുത്വ സംഘടനകളുമല്ലെന്ന് ഓര്‍ക്കുക. പാചകക്കാരെല്ലാം ബ്രാഹ്മണരായിരിക്കണമെന്ന തിട്ടൂരമിറക്കിയതും സിപിഎം ഭരണ സമിതിയായിരുന്നു. ഭരതനാട്യത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി നൃത്തരംഗത്തില്‍ മുഴുകിയിരിക്കുന്ന മാന്‍സിയക്ക് അവസരം നിഷേധിച്ച ദേവസ്വം നടപടി തികച്ചും അപലപനീയമാണെന്ന് ആര് വി. ബാബു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: