തിരുവനന്തപുരം : ദീര്‍ഘകാലത്തിനുശേഷം ഒരു വനിതയെ രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചത് സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനസമ്മിതി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി. ഇതോടൊപ്പം പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവ് ഇല്ലാതാക്കി ഒരു വലിയ പൊട്ടിത്തെറി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ജെബി മേത്തറിനെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കന്നത്. ലീലാ ദാമോദരമേനോനുശേഷം ആദ്യമായാണ് കോണ്‍ഗ്രസിലെ ഒരു വനിത കേരളത്തില്‍നിന്ന് രാജ്യസഭയിലെത്തുന്നത്.
നിയമസഭയില്‍ കോണ്‍ഗ്രസിന് വനിതാപ്രാതിനിധ്യമില്ല. കോണ്‍ഗ്രസ് എം.പി.മാരില്‍ മുസ്ലിം പ്രാതിനിധ്യവുമില്ല. ഈ സാഹചര്യം വനിതയെ രാജ്യസഭയിലേക്ക് പരിഗണിക്കുന്നതിനുള്ള നിലമൊരുക്കി. പരമ്പരാഗതമായി എ ഗ്രൂപ്പിനൊപ്പമാണ് മേത്തര്‍ കുടുംബം. ഈ പശ്ചാത്തലമുള്ളപ്പോള്ത്തന്നെ വി.ഡി. സതീശനുമായി ജെബി മേത്തര്‍ നല്ലബന്ധത്തിലാണ്. മഹിളാകോണ്‍ഗ്രസ് അധ്യക്ഷയായി ജെബിയെ നിയോഗിച്ചതിനുപിന്നിലും കോണ്‍ഗ്രസിലെ പുതുനേതൃത്വത്തിന് വലിയപങ്കുണ്ടായിരുന്നു.
ജെബിയെ കൂടാതെ ഐ ഗ്രൂപ്പ് എം. ലിജു, ഷാനിമോള്‍ ഉസ്മാന് എന്നിവരെയും എ ഗ്രൂപ്പ് ജെയ്സണ്‍ ജോസഫിനെയും സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, നിയമസഭയിലേക്ക് മത്സരിച്ചുതോറ്റതും ലഭിച്ച അവസരങ്ങളും മറ്റും ഓരോരുത്തര്‍ക്കും തടസ്സംസൃഷ്ടിച്ചു. ലിജുവിനായി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടും സീറ്റുലഭിക്കാതെ പോയത് കെപിസിസി പ്രസിഡന്റിനും ക്ഷീണമായിട്ടുണ്ട്.
അതേസമയം ജെബിക്ക് സീറ്റ് നല്‍കിയതില്‍ കെ. വി. തോമസിന്റെ മകന് ഉയര്‍ത്തിയ വിമര്‍ശനത്തിന് തനിക്ക് ഇത്രയും സ്ഥാനം താങ്ങാന്‍ ആവുമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് അവര്‍ മറുപടി നല്കി. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചു. അതില്‍ അസഹിഷ്ണുത വേണ്ടെന്നും ജെബി മേത്തര്‍ മറുപടി നല്കി. കൂടാതെ ദിലീപിനൊപ്പമുള്ള സെല്‍ഫിയെ കുറിച്ചും ജെബി മേത്തര്‍ വിശദീകരിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട പരിപാടിക്ക് ദിലീപ് എത്തിയതായിരുന്നു. സെല്‍ഫി എടുത്തത് സാധാരണ നടപടിയാണ്. അതില്‍ ദുഖമില്ല. കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. രാഷ്ട്രീയ രംഗത്തുള്ളവരും പല കേസുകളില്‍ പ്രതികള്‍ ആകാറുണ്ട്, അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും ജെബി മേത്തര്‍ പറഞ്ഞു. പി ടി തോമസിനൊപ്പം നടിക്ക് വേണ്ടി പൊതു പരിപാടിയില്‍ പങ്കെടുത്ത ആളാണ് താന്‍. അതിഥികളെ തീരുമാനിക്കുന്നത് താന്‍ അല്ലെന്നും ജെബി പ്രതികരിച്ചു.
നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് എന്ന തലക്കെട്ടോടെയാണ് ബിജു തോമസ് ജെബിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തര്‍ അടക്കമുള്ളവര്‍ നിലവില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായ മറ്റ് നേതാക്കള്‍ ഇല്ലാത്തതാണെന്നും ബിജു തോമസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: