ചെട്ടികുളങ്ങര: ശിവരാത്രി നാള്‍ മുതല്‍ ഓണാട്ടുകരയെ ആകെ ഭക്തി സാന്ദ്രമാക്കിയിരുന്ന കുത്തിയോട്ടപ്പാട്ടും ചുവടും രേവതി നാളായ നാളെ സമാപിക്കും. ഭക്തിനിര്‍ഭരമായ കുത്തിയോട്ട പൊലിവ് നടക്കും. കുത്തിയോട്ട ഭവനങ്ങളിലെത്തുന്ന ആബാലവൃദ്ധം ജനങ്ങളും ദേവിക്കുമുന്നില്‍ കാണിക്കയിട്ട് ആത്മസമര്‍പ്പണം നടത്തുന്ന ചടങ്ങാണിത്. അശ്വതി നാളായ ഞായറാഴ്ച ചുവടും പാട്ടും ഉണ്ടാകില്ല. ഭരണി നാളിലെ കുത്തിയോട്ട ഘോഷയാത്രക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ അന്നു നടക്കും.
ശിവരാത്രി നാള്‍ മുതല്‍ രേവതി നാള്‍ വരെ നീളുന്ന കുത്തിയോട്ട ചടങ്ങുകളിലെ ഏറ്റവും പ്രാധാന്യമുള്ള ആചാരമാണ് പൊലിവ്. പതിവുപോലെ പാട്ടും ചുവടുവെപ്പും തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ ആശാന്‍മാര്‍ പൊലിവ് പാട്ട് പാടും.
കലികാലദോഷങ്ങളെ അതിജീവിക്കുവാന്‍ ദേവിക്കുമുന്‍പില്‍ കാണിക്കയര്‍പ്പിക്കുവാന്‍ കുത്തിയോട്ടപ്പാട്ടിന്റെ വരികളിലൂടെ അഹ്വാനം ചെയ്യുന്ന വേളയില്‍ ആദ്യം ഗൃഹനാഥനും തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളും കാണിക്കയര്‍പ്പിക്കും. അതിനു ശേഷം ഭക്തജനങ്ങളുടെ ഊഴമാണ്. ദേവിക്കു മുന്നില്‍ പട്ടിട്ട് അലങ്കരിച്ച ഓട്ടുരുളിയില്‍ യഥാശക്തി പണവും വസ്ത്രവും വെറ്റ പാക്കും സമര്‍പ്പിച്ച് ദേവിയെ വന്ദിക്കുന്നതോടെ പൊലിവ് സമാപിക്കുകയും പതിവ് പാട്ടും ചുവടും തുടരുകയും ചെയ്യും. കുടുംബാംഗങ്ങള്‍ പൊലിക്കുമ്പോള്‍ അവരുടെ പേരും നാളും ചേര്‍ത്ത് ഈണത്തില്‍ പാടുന്ന പതിവുമുണ്ട്.
അശ്വതി നാളില്‍ പാട്ടും ചുവടുവെപ്പും പതിവില്ല. ഭരണി നാളിലേക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ അന്നു നടക്കും. കരകളില്‍പ്പെട്ട ഭവനങ്ങളില്‍ കുത്തിയോട്ടം നടക്കുമ്പോള്‍ രേവതി നാള്‍ ഉച്ചക്ക് കുത്തിയോട്ട സദ്യയും പതിവുണ്ട്. കരയില്‍പ്പെട്ട മുഴുവന്‍ ജനങ്ങളെയും നേരില്‍ ക്ഷണിച്ചു വരുത്തി വിഭവസമൃദ്ധമായ സദ്യ നല്‍കുന്ന ചടങ്ങാണിത്. കരയിലെ കെട്ടുകാഴ്ചക്കു മുന്നില്‍ നിന്നും കരനാഥന്‍മാര്‍ കുത്തിയോട്ട പാട്ടുപാടി ഘോഷയാത്രയായി എത്തുന്നതോടെ സദ്യയാരംഭിക്കും. ജാതി മത ഭേദമില്ലാതെ എല്ലാവരും സദ്യയില്‍ പങ്കെടുക്കും.
















