ന്യൂദല്‍ഹി: ഭാരതത്തിലടക്കം ലോകമെമ്പാടുമുള്ള നിരവധി വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ പെട്ടെന്ന് ‘അണ്ടർ റിവ്യൂ’ എന്ന സന്ദേശത്തോടെ തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഉപയോക്താക്കൾക്ക് ആപ്പിലെ സേവനങ്ങൾ ലഭ്യമാകാതായത്. കമ്പനിയുടെ സേവന നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് അക്കൗണ്ട് നിരീക്ഷണത്തിലാക്കിയതെന്നും, 24 മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കുമെന്നുമാണ് ആപ്പിൽ കാണിച്ചിരുന്ന സന്ദേശം.
മുൻകൂട്ടി യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായതോടെ ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി. വ്യാജ സന്ദേശങ്ങളും ദുരുപയോഗവും തടയുന്നതിനുള്ള വാട്‌സ്ആപ്പിന്റെ ഓട്ടോമേറ്റഡ് സുരക്ഷാ സംവിധാനത്തിലുണ്ടായ പിഴവാകാം ഇതെന്നാണ് സൂചന. സുരക്ഷ ഉറപ്പാക്കുന്നതിനിടയിൽ ചിലപ്പോൾ ഇത്തരം തെറ്റുകൾ സംഭവിക്കാറുണ്ടെന്നും, ബാധിക്കപ്പെട്ട അക്കൗണ്ടുകൾ എത്രയും വേഗം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നും വാട്‌സ്ആപ്പ് വക്താവ് അറിയിച്ചു.
















