കൊല്ലം: ജില്ലയില്‍ കുറഞ്ഞ വിലയുടെ മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം. കൂടുതല്‍ ആവശ്യമുള്ള 50 രൂപ, 100 രൂപ, 200 രൂപ വിലവരുന്ന മുദ്രപത്രങ്ങളാണ് കിട്ടാനില്ലാത്തത്. വിവിധ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിക്കേണ്ട സാധാരണക്കാര്‍ക്കാണ് ഇത് തിരിച്ചടിയായി.
അതേസമയം, 500, 5,000, 10,000, 20,000, 25,000 രൂപയുടെ മുദ്രപത്രങ്ങള്‍ സുലഭമാണ്. സാധാരണക്കാര്‍ക്ക് പഞ്ചായത്ത്, നഗരസഭകളില്‍നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനായി 200 രൂപയുടെ മുദ്രപത്രമാണ് ആവശ്യമുള്ളത്. ഇത് കിട്ടാതെ വന്നതോടെ 500 രൂപയുടെ മുദ്രപത്രം വാങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. വാടക കരാര്‍ എഴുതുന്നവര്‍ക്കും കുറഞ്ഞ മുദ്രപത്രങ്ങളുടെ ദൗര്‍ലഭ്യം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ചിലയിടങ്ങളില്‍ ഉപയോഗശൂന്യമായി കിടന്ന അഞ്ചു രൂപയുടെയും 10 രൂപയുടെയും മുദ്രപത്രങ്ങള്‍ ജില്ലാ സ്റ്റാമ്പ് ഡിപ്പോ ഓഫിസര്‍മാരെ കൊണ്ട് പുനര്‍മൂല്യനിര്‍ണയം നടത്തി 50 രൂപ, 100 രൂപ എന്നീ വിലയിലുള്ള മുദ്രപത്രമാക്കിയാണ് താല്‍കാലികമായി വിതരണം ചെയ്യുന്നത്. വില്‍പന നടത്തുന്ന സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും സബ് ട്രഷറികളിലേക്കും മുദ്രപത്രം വിതരണം ചെയ്യുന്നത് ജില്ലാ ട്രഷറിയിലുള്ള ജില്ലാ സ്റ്റാമ്പ് ഡിപ്പോയില്‍ നിന്നാണ്.
തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ നിന്നാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് മുദ്രപത്രങ്ങള്‍ എത്തുന്നത്. കൊവിഡ് വ്യാപനത്തോടുകൂടി മഹാരാഷ്‌ട്രയിലെ നാസിക് സെക്യൂരിറ്റി പ്രസില്‍നിന്ന് മുദ്രപത്രങ്ങള്‍ ആവശ്യത്തിന് കിട്ടാത്തതാണ് ക്ഷാമം രൂക്ഷമാകാന്‍ കാരണം.
















