ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ഒരിക്കലും മുറുമുറുപ്പ് പ്രകടിപ്പിക്കരുത്. പരീക്ഷണങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും അതീതമായി ഒരു ജീവിതവുമില്ല. ശാന്തതയോടും ധൈര്യത്തോടും അവയെ നേരിടാന്‍ നിങ്ങള്‍ പഠിച്ചാല്‍, ജീവിതത്തിലെ പരീക്ഷണങ്ങളും കഷ്ടപ്പാടുകളും നിങ്ങളുടെ ആന്തരികചേതനയെ പുഷ്ടിപ്പെടുത്തും. നിങ്ങള്‍ ഈശ്വരനുവേണ്ടിയാണ് ജീവിക്കുന്നതെന്നും എല്ലാ കഷ്ടപ്പാടുകളും ഈശ്വരനുവേണ്ടിയാണെന്നും, അവയെല്ലാം നമ്മളെ ഈശ്വരനിലേക്കു അടുപ്പിക്കുമെന്നും നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍, നിങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധമായ ആനന്ദത്തിന്റെ അലകള്‍ ഉയരും. വിഷമഘട്ടങ്ങളില്‍ മാത്രമേ മനുഷ്യന്‍ ഈശ്വരനെ സ്മരിക്കുകയുള്ളു എന്ന് കുന്തീദേവി വിചാരിച്ചു. അതുകൊണ്ട് പാണ്ഡവമാതാവായ കുന്തീദേവി ശ്രീകൃഷ്ണനോടു തുടര്‍ച്ചയായി കഷ്ടപ്പാടുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ തന്ന് അനുഗ്രഹിക്കുവാനായി പ്രാര്‍ത്ഥിച്ചു. ഭൂമിയിലെ ദുഃഖങ്ങള്‍ക്കതീതമായി സമചിത്തതയോടെ വര്‍ത്തിക്കാനുള്ള ഒരു വീരഹൃദയം കുന്തിക്കുണ്ടായിരുന്നു. എന്നാല്‍ നിങ്ങള്‍ കുന്തിയെ അനുകരിക്കേണ്ടതില്ല. പ്രാരാബ്ധംമൂലം വന്നുചേരുന്ന കഷ്ടപ്പാടുകള്‍ പോലും അഭിമുഖീകരിക്കാന്‍ ശക്തിയില്ലാത്ത നിങ്ങള്‍ക്ക്, പിന്നെ എങ്ങനെയാണ് ഈശ്വരനോടു കഷ്ടപ്പാടുകള്‍ നല്‍കാന്‍ പ്രാര്‍ത്ഥിക്കാനാവുക. ആദ്യം ജീവിതത്തില്‍ പ്രാരാബ്ധങ്ങളുടെ കൂരമ്പുകളെ അഭിമുഖീകരിക്കുവാനും ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ അചഞ്ചലരായി വര്‍ത്തിക്കുവാനുമുള്ള ശക്തി വളര്‍ത്തിയെടുക്കുക. താന്‍ ആത്മാവാണെന്നബോധത്തില്‍ അടിയുറച്ചുനിന്നുകൊണ്ട്, പ്രകൃതിക്കും ലൗകികസംഭവങ്ങളില്‍നിന്നും നിങ്ങളുടെ മനസ്സിനെ ഉയര്‍ത്തിനിര്‍ത്തുക
















