പുത്തൂര്‍: വികസന വഴികളില്‍ കാലഹരണപ്പെട്ടവരായി മാറുകയാണ് പവിത്രേശ്വരം പഞ്ചായത്തിലെ മാറനാട് കിഴക്ക് ആറാം വാര്‍ഡിലെ അംബേദ്കര്‍ കോളനി നിവാസികള്‍.
കാലാകാലങ്ങളായി മാറി മാറി ഭരിച്ച ഭരണ കര്‍ത്താക്കള്‍ ഇവിടുത്തുകാരെ വെറും വോട്ടുബാങ്കുകളായി മാത്രം കരുതുന്നതിന്റെ നേര് ദൃശ്യങ്ങളാണ് കോളനിയിലെമ്പാടും ഇപ്പോഴും കാണാന്‍ കഴിയുന്നത്. 200ലധികം ജനങ്ങള്‍ വസിക്കുന്ന ഇവിടെ 86 കുടുംബങ്ങളാണ് ഉള്ളത്.
അംബേദ്കര്‍ കോളനിയില്‍ കെട്ടുറപ്പില്ലാത്ത വീടുകള്‍ നിരവധിയാണ്. ഏതും നിമിഷവും നിലം പതിക്കാറായ വീടുകള്‍. ശൗചാലങ്ങള്‍ പലയിടത്തുമില്ല. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കഴിയേണ്ടി വരുന്നവര്‍. ഇത്തരത്തില്‍ പിന്നാക്ക മേഖലയുടെ ദയനീയ കാഴ്ചകള്‍ ഇവിടെ വിവരണത്തിന് അതീതമാണ്. വീടെന്ന സ്വപ്നം നെഞ്ചേറ്റി നടക്കുന്നവര്‍ ഏറെപ്പേരുണ്ടിവിടെ.
കോളനിയിലെ പലരും ഇപ്പോള്‍ താമസിക്കുന്നത് ടാര്‍പ്പോളിനും മറ്റും കൊണ്ടുണ്ടാക്കിയെ ചെറിയ ഷെഡ്ഡുകളിലാണ്. ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന ഇവിടുത്തെ ഇത്തരത്തിലുള്ള വീടുകള്‍ക്ക് യാതൊരു സുരക്ഷയും ഇല്ല. സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും അര്‍ഹതയുള്ള ഇവിടുത്തുകാര്‍ക്ക് ഇപ്പോഴും നിഷേധിക്കപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: