ന്യൂദല്‍ഹി: ക്രിപ്റ്റോ കറന്‍സിക്കു പിന്നിലെ സാങ്കേതിക വിദ്യയുടെ പ്രത്യേകത കാരണം ഒരുരാജ്യത്തിനു തനിയെ വെല്ലുവിളി നേരിടാന്‍ സാധ്യമല്ലെന്നും അതിനാല്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സാമ്പത്തികഫോറം സംഘടിപ്പിച്ച ദാവോസ് അജന്‍ഡ എന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിപ്റ്റോ കറന്‍സി സംബന്ധിച്ച് മൂന്നാംതവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യാന്തരവേദികളില്‍ പ്രതികരിക്കുന്നത്. ക്രിപ്റ്റോകറന്‍സി ജനാധിപത്യത്തെ ശാക്തീകരിക്കാന്‍ ഉതകണം, അല്ലാതെ തുരങ്കം വയ്ക്കാനല്ലെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. നവംബറില്‍ ഓസ്ട്രേലിയയില്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച ചടങ്ങിലും മോദി ക്രിപ്റ്റോകറന്‍സിയെ പരാമര്‍ശിച്ചിരുന്നു.
ഇന്ത്യ ഇന്നു വിവിധ രാജ്യങ്ങളിലേക്ക് സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരെ അയക്കുന്നതായും വ്യവസായസൗഹൃദമായ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും പറ്റിയസമയം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ക്രമത്തിലെ മാറ്റത്തിനൊപ്പം, വിതരണ ശൃംഖലയിലെ തടസ്സവും, പണപ്പെരുപ്പം, കാലാവസ്ഥാ വ്യതിയാനം, എന്നിവയുള്‍പ്പെടെയുള്ള വെല്ലുവിളികള്‍ എല്ലാ രാജ്യങ്ങളിലും വര്‍ദ്ധിച്ച് വരികയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകക്രമത്തില്‍ ബഹുമുഖ സംഘടനകളുടെ പ്രസക്തിയെക്കുറിച്ചും ഉയര്‍ന്നുവരുന്ന പുതിയ വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം ഈ വേളയില്‍ സംസാരിച്ചു.
‘മിഷന് ലൈഫ്’ ഒരു ആഗോള ബഹുജന പ്രസ്ഥാനമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ ശതമാനം 2070-ാടെ കുറയ്ക്കാനുള്ള പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ ഇന്ത്യയെ “കാര്‍ബണ്‍ എമിറ്റര്‍ നെറ്റ് സീറോ” ആക്കാനുള്ള ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: