തിരുവനന്തപുരം: ‘മൃദുഭാവേ..ദൃഢ കൃത്യേ…’ എന്ന ആപ്തവാക്യത്തിന് പുല്ലുവിലപോലും നല്‍കാതെ കേരള പോലീസ്. പുറത്തു വരുന്നത് ഗുണ്ടാ വിളയാട്ടത്തേക്കാള് ക്രൂരമായ പോലീസ് അതിക്രമങ്ങള്‍. സംസ്ഥാന പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദ്ദേശവും സര്‍ക്കുലറുകളും കാറ്റില്‍ പറത്തിയാണ് പോലീസിന്റെ അതിക്രമങ്ങള്‍. തെളിയുന്നത് പോലീസിന്റെ മൃഗഭാവം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ പോലീസ് ക്രൂരതകള്‍ ആരംഭിച്ചിരുന്നു. യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതും ഫിനാന്‍സ് ഉടമയെ മര്‍ദ്ദിച്ചുകൊന്നതും അടക്കം സംഭവങ്ങളുണ്ടായി. അന്നെല്ലാം ഒറ്റപ്പെട്ട സംഭവം എന്നുപറഞ്ഞ് ആഭ്യന്തര വകുപ്പ് നിസാരവത്കരിച്ചു. എന്നാല്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് പോലീസിന്റെ കൂടുതല്‍ മോശം പെരുമാറ്റം കേരളം കണ്ടു. കണ്ണൂരില്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് വഴിയാത്രക്കാരെ കൊണ്ട് ഏത്തമിടീച്ചു. തിരുവനന്തപുരം കിളിമാനൂര്‍ നഗരൂരില്‍ മരുന്ന് വാങ്ങാന്‍പോയ ഹൃദ്രോഗിയായ ആളുടെ വാഹനം പിടിച്ചുവെച്ച ശേഷം കിലോമീറ്ററുകളോളം നടത്തിച്ചു. ഇയാള്‍ കുഴഞ്ഞുവീണു മരിച്ചു. പുല്ലരിയാന്‍പോയ ആളെയും റേഷന്‍ വാങ്ങാന്‍ എത്തിയ ആളെയും പോലീസ് തല്ലിച്ചതച്ചു.
കണ്ണൂര്‍ ചക്കരക്കല്ലില്‍ മാധ്യമ പ്രവര്ത്തകന് മര്‍ദ്ദനം, തിരുവന്തപുരത്ത് പത്ര ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം എന്നവയും അരങ്ങേറി. വണ്ടിപ്പെരിയാറില്‍ കടം വാങ്ങിയ പണവുമായി കുഞ്ഞിനു മരുന്നു വാങ്ങാന്‍ പോയ യുവാവിനെക്കൊണ്ട് കൈയിലുള്ള പണം പിഴയായി അടപ്പിച്ചു. സമൂഹ അടുക്കളയിലേക്ക് സാധനവുമായി പോയ സാമൂഹ്യ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. അങ്ങനെ നീളുന്നു പോലീസിന്റെ വിവാദ നടപടികള്‍. ഇതിലൊന്നും ആരോപണ വിധേയരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ നടപടികളുണ്ടായില്ല. ആളുകളെ എടാ പോടാവിളിയും അസഭ്യവര്‍ഷവും തുടര്‍ന്നു. ആരെയും ‘എടാ..പോടാ’ എന്നു വിളിക്കരുതെന്ന് അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബഹ്റ സര്‍ക്കുലര്‍ ഇറക്കി എങ്കിലും പുല്ലുവിലപോലും നല്‍കിയില്ല. കൊല്ലത്ത് ബാങ്കില്‍ ക്യൂ നിന്ന വയോധികനെ അധിക്ഷേപിക്കുന്നത് തടഞ്ഞ പെണ്‍കുട്ടിയെ പോലീസ് അപമാനിച്ചത് ഡിജിപിയുടെ സര്‍ക്കുലറിന് പിന്നാലെയാണ്.
ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ആറ് വയസ്സുകാരിയെയും അച്ഛനെയും മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതും കേരളം കണ്ടു. നെയ്യാറ്റിന്‍കരയില്‍ വാഹനപരിശോധനയ്ക്കിടെ കുട്ടിയെ കാറിനുള്ളില്‍ പൂട്ടിയിട്ട് പെറ്റി അടപ്പിച്ചസംഭവവും ഏറെ ചര്‍ച്ചയായി. പോലീസ് ഇടപെടല്‍ ഉണ്ടാകാതെ വന്നതോടെ സംസ്ഥാനത്തുടനീളം ഗുണ്ടാ വിളയാട്ടവും അക്രമങ്ങളും പെരുകി. ഇതിനെല്ലാം ഉപരിയായാണ് പോലീസ് വീണ്ടും അക്രമം അഴിച്ചുവിട്ടത്. കോവളത്ത് മദ്യവുമായി എത്തിയ വിദേശിയെ പോലീസ് അവഹേളിച്ചു. സംഭവത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോലീസിനെതിരെ രംഗത്തെത്തി. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട്ടില്‍ പ്രതിയെ പിടിക്കാനെത്തിയ പോലീസ് സഹോദരന്റെ വീട്ടില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു. 15 വയസുള്ള കുട്ടിയുടെ ചെകിട് അടിച്ചുപൊട്ടിച്ചു. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാറുണ്ടായി.
പുതുവത്സരത്തിന് ആലപ്പുഴ പുന്നപ്രയില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെയും പോലീസ് മര്‍ദ്ദിച്ചു. ഐ ഫോണ്‍ തല്ലിപ്പൊട്ടിച്ചു. ഏറ്റവും ഒടുവിലായാണ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ ട്രെയിനില്‍ പോലീസ് ബൂട്ടിട്ട് ചവുട്ടിയത്. പോലീസ് മാന്യമായി പെരുമാറണമെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഡിജിപി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിര്‍ദ്ദേശിച്ചത്. പോലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് പരാതി ഉയര്‍ന്നാല്‍ ജില്ലാ പോലീസ് മേധാവിമാര്‍ അന്വേഷിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: