കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകന്റെ പെരുമാറ്റത്തില്‍ ഹൈക്കോടതി ജഡ്ജി അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് അഭിഭാഷകനെ മറ്റൊരു കോടതിയിലേക്ക് മാറ്റി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളിലെ ജാമ്യഹര്‍ജി ഉള്‍പ്പെടെ പരിഗണിക്കുന്ന ജസ്റ്റിസ് പി. ഗോപിനാഥന്റെ സിംഗിള്‍ ബെഞ്ചിലെ ഗവണ്‍മെന്റ് പ്ലീഡര്‍ സി.എന്‍. പ്രഭാകരനെയാണ് ജഡ്ജി അതൃപ്തി രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്. പ്രോസിക്യൂഷന്റെ വാദം തള്ളി ഒരു പ്രതിക്ക് സിംഗിള്‍ബെഞ്ച് ഇടക്കാല ജാമ്യം നല്‍കാന്‍ തീരുമാനിച്ചതോടെ സി.എന്‍. പ്രഭാകരന്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. കോടതി തടഞ്ഞെങ്കിലും അഡ്വ. പ്രഭാകരന്‍ തുടര്‍ന്നു.
പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാകുമെന്ന് സിംഗിള്‍ബെഞ്ച് മുന്നറിയിപ്പു നല്‍കിയിട്ടും അദ്ദേഹം വാദം തുടര്‍ന്നു. ഇതോടെ ജസ്റ്റിസ് പി. ഗോപിനാഥ് സിറ്റിങ് നിര്‍ത്തി ചേംബറിലേക്ക് മടങ്ങി. പിന്നീട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജിയെ ചേംബറിലേക്ക് വിളിച്ചു വരുത്തി സര്‍ക്കാര്‍ അഭിഭാഷകന്റെ പെരുമാറ്റത്തില്‍ ജഡ്ജി അതൃപ്തി രേഖപ്പെടുത്തി. തുടര്‍ന്ന് അഡ്വ. പ്രഭാകരനെ ജാമ്യ ഹര്‍ജികള്‍ പരിഗണിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് കഴിഞ്ഞ ദിവസം തന്നെ മാറ്റി പ്രശ്‌നം അവസാനിപ്പിച്ചു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്റെ സഹോദരനാണ് അഡ്വ. പ്രഭാകരന്‍.
















