ന്യൂദല്‍ഹി:സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെ ജീവനെടുത്ത അപകടത്തില്‍പ്പെട്ടത് റഷ്യൻ നിർമ്മിത എംഐ 17 വി5 ഹെലികോപ്ടര്‍. വളരെ അധികം സുരക്ഷാ സംവിധാനങ്ങളുള്ള എംഐ 17 വി5 ഹെലികോപ്ടര്‍ തകര്‍ന്ന വാര്‍ത്ത പ്രതിരോധ വിദഗ്ധര്‍ക്ക് വിശ്വസിക്കാനാവുന്നില്ല .
പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ ആണ് എം ഐ 17 വി5. അപകടത്തിന് പിന്നില്‍ അസ്വാഭാവികതയുണ്ടോ എന്ന ആശങ്ക അപകടവാര്‍ത്തയെ ചൂഴ്ന്ന് നില്‍ക്കുന്നു. പ്രതികൂല കാലാവസ്ഥയില്‍ പോലും പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്ററില്‍ ആധുനിക എവിയോണിക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും ഭൗമമേഖലയിലും പറപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സജ്ജമാക്കിയ സാങ്കേതികവിദ്യയുടെ പിന്‍ബലം ഈ ഹെലികോപ്റ്ററിനുണ്ട്. സുരക്ഷയ്‌ക്ക് കേള്‍വികേട്ടതിനാല്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള സവിശേഷവ്യക്തികള്‍ക്ക് പറക്കാന്‍ പ്രത്യേകം ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റ് കൂടിയാണിത്.
2013 ജൂണ്‍ 25 മുതല്‍ ഇതുവരെയുള്ള എട്ടു വര്‍ഷത്തെ കാലയളവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ റഷ്യന്‍ നിര്‍മ്മിത ആറു ഹെലികോപ്റ്ററുകളാണ് ആകെ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. 2013 ജൂണ്‍ 25ന് ആണ് ഇതേ വിഭാഗത്തിലുള്ള ആദ്യ അപകടം സംഭവിച്ചത്.ജമ്മുകശ്മീരില്‍ ഫിബ്രവരി 2019ന് ഉണ്ടായ അപകടമാണ് ഇതില്‍ പ്രധാനപ്പെട്ടത്. പുല്‍വാമ തീവ്രവാദ ആക്രമണത്തിന് പകരം വീട്ടാന്‍ പാകിസ്ഥാന്റെ ബാലക്കോട്ട് വ്യോമാക്രമണവേളയിലാണ് എം ഐ 17 വി5 തകര്‍ന്നുവീണത്. അന്ന് എം ഐ 17 വി5 തകര്‍ന്ന് വീണത് ഇന്ത്യയുടെ തന്നെ മിസൈൽ തട്ടിയത് മൂലമാണെന്നും വിശദീകരണമുണ്ടായി.
റഷ്യൻ ഹെലികോപ്ടഴ്സിന്റെ ഒരു ഉപകമ്പനിയായ കസാൻ ഹെലികോപ്ടഴ്സാണ് എംഐ വിഭാഗത്തിൽപ്പെട്ട മിലിട്ടറി ട്രാൻസ്‌പോർട്ട് കോപ്ടറുകള്‍ നിര്‍മ്മിക്കുന്നത്. എത്ര ചൂടുള്ള കാലാവസ്ഥയാണെങ്കിലും വളരെ ഉയരത്തിൽ സഞ്ചരിക്കാനാകും. മിന്നലാക്രമണം നടത്തുന്ന ഘട്ടങ്ങളിൽ പോലും ഉപയോഗിച്ച ഹെലികോപ്ടറുകളിൽ ഒന്നാണ് എംഐ 17 വി5.
ഇന്ത്യൻ വ്യോമസേന വർഷങ്ങളായി സൈനികരേയും ആയുധങ്ങളും മറ്റ് ചരക്കുകളും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ഹെലികോപ്റ്ററാണ് എംഐ 17 വി5 വിമാനങ്ങള്‍. ഒന്നുകില്‍ കാര്‍ഗോ കാബിനിലോ അല്ലെങ്കില്‍ കെട്ടിയിട്ടോ ചരക്കുകള്‍ കൊണ്ടുപോകാം. സൈന്യത്തിന്റെ പട്രോളിംഗ് ആവശ്യത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്. 2008ലാണ് ഇന്ത്യൻ എയർഫോഴ്‌സ് റഷ്യൻ നിര്‍മ്മിതമാ. 80 എംഐ ചോപ്പറുകൾക്കായുള്ള കരാറിൽ ഏർപ്പെടുന്നത്. 130 കോടി ഡോളർ മുടക്കിയായിരുന്നു കരാർ. ഇന്ത്യൻ എയർഫോഴ്‌സിൽ ആകെ 150 എംഐ 17വി 5 ഹെലികോപ്ടറുകളാണുള്ളത്.
ശത്രുസങ്കേതങ്ങള്‍ പരിശോധിക്കാനുള്ള നിരീക്ഷണപ്പറക്കലിനും തന്ത്രപരമായ വ്യോമാക്രണത്തിന് ശത്രുമേഖലയില്‍ സേനയെ ഇറക്കിവിടാനും കഴിവുണ്ട്. സൂലൂര്‍ എയര്‍ബേസിലാണ് ഈ ഹെലികോപ്റ്ററുകള്‍ സാധാരണ പ്രവര്‍ത്തിപ്പിക്കുന്നത്. 13000 കിലോഗ്രാം വരെ ചുമക്കാന്‍ ശേഷിയുള്ള ഹെലികോപ്റ്ററിന്റെ പരമാവധി വേഗത 250 കിലോമീറ്ററാണ്.
ഇന്ത്യ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയത് 80ഓളം എം ഐ-17 ഹെലികോപ്റ്ററുകളാണ്. ഇതിന് പുറമെ ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്നത് ഈയിടെ ബോയിംഗില്‍ നിന്നും വാങ്ങിയ ചിനൂക് ഹെലികോപ്റ്ററുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: