കൊല്‍ക്കത്ത: ബാറ്റിങ്ങിന്റേയും ബോളര്‍മാരുടേയും മികവില്‍ ന്യൂസിലാന്റിനെതിരെയുള്ള മൂന്നാം ടി20യും സ്വന്തമാക്കി ഇന്ത്യ. ചേസിങ്ങിനായി ഇറങ്ങിയ ന്യൂസിലാന്റിനെ പതിനാറ് പന്ത് ശേഷിക്കെ 111 രണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ടീം 73 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ഇതോടെ പരമ്പര 3 പൂജ്യത്തിന് ഇന്ത്യ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്റിനായി ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ 36 പന്തില്‍ 51 റണ്‍സ് നേടി. ടിം സെയ്ഫ് 17, ഫര്‍ഗുസണ്‍ 14എന്നിവരുടെ പ്രകടനം ഒഴിച്ചാല്‍ പിന്നാലെ വന്ന ആര്‍ക്കും രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍ രണ്ടുവിക്കറ്റും വീഴ്ത്തി. ചാഹല്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 184 റണ്‍സ് എടുത്തു. രോഹിത് ശര്‍മ്മ 31 പന്തില്‍ 56 റണ്‍സ് നേടി. അഞ്ചു ഫോറും മൂന്ന് സിക്സറും അടിച്ചു. ഇഷാന് കിഷന് (29), ശ്രേയസ് അയ്യര്‍ (25), വെങ്കിടേഷ് അയ്യര്‍ (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ദീപക് ചഹാര്‍ എട്ട് പന്തില്‍ രണ്ട് ഫോറും ഒരു സിക്സറും സഹിതം 21 റണ്‍സുമായി പുറത്താകാതെ നിന്നു.
ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ക്യാപറ്റന് രോഹിത് ശര്‍മ്മയും ഇഷാന് കിഷനും ഉജ്ജ്വല തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 6.2 ഓവറില്‍ 71 റണ്‍സ് വാരിക്കൂട്ടി. 21 പന്തില്‍ ആറു ബൗണ്ടറികളുടെ മികവില്‍ 29 റണ്‍സ് എടുത്ത ഇഷാന് കിഷന് മിച്ചല്‍ സാന്റര്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് വന്നത്പോലെ തിരിച്ചുപോയി. നാലു പന്ത് നേരിട്ട സൂര്യകുമാര്‍ റണ്‍സ് എടുക്കും മുമ്പേ സാന്ററിന് കീഴടങ്ങി. ഋഷഭ് പന്തും പിടിച്ചുനില്‍ക്കാനായില്ല. നാലു റണ്‍സ് നേടിയ ഋഷഭ് പന്തും സാന്ററിന് മുന്നില്‍ മുട്ടുമടക്കി. നീഷാം ക്യാച്ചെടുത്തു.
ന്യൂസിലന്‍ഡിനായി സ്പിന്നര്‍ മിച്ചല്‍ സാന്റര്‍ നാല് ഓവറില്‍ 27 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബോള്‍ട്ട്, ആദം മില്‍നെ, ലോക്കി ഫെര്ഗൂസന്, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ എടുത്തു.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍ കെ.എല്‍. രാഹുല്‍, സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ക്ക പകരം ഇഷാന് കിഷനും യുസ്വേന്ദ്ര ചഹലും അവസരം നല്കി. ടിം സൗത്തിക്ക് പകരം മിച്ചല്‍ സാന്ററാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. സൗത്തിക് പകരം ലോക്കി ഫെര്ഗുസന് ടീമിലിടം നേടി.
പുതിയ പരിശീലകന് രാഹുല്‍ ദ്രാവിഡിന്റെയും പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും ശിക്ഷണത്തില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജയ്പ്പൂരിലെ ആദ്യ ടി 20 മത്സരത്തിലും റാഞ്ചിയിലെ രണ്ടാം ടി 20 മത്സരത്തിലും ഇന്ത്യ ആധികാരിക വിജയം തന്നെ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: