കോഴിക്കോട്: ശബരിമല വിമാനത്താവള പദ്ധതി സംബന്ധിച്ച്, പ്രധാനമന്ത്രിയോട് പറഞ്ഞത് കള്ളമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതിച്ചു. സംസ്ഥാന ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തിലാണ് ഇത് സമ്മതിക്കുന്ന വിവരങ്ങളുള്ളത്.
വിമാനത്താവള പദ്ധതിക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും തയ്യാറാണെന്നും അനുമതി മാത്രം മതിയെന്നുമാണ് പിണറായി വിജയന് പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തിലും അനുബന്ധ രേഖകളിലും പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ കണ്ടുവച്ചിരിക്കുന്ന ഭൂമി തര്‍ക്കത്തിലുള്ളതും കേസ് നടക്കുന്നതുമാണ്. പ്രധാനമന്ത്രിയില്‍നിന്ന് ഈ വസ്തുത മറച്ചുവച്ചു. വിജിലന്‍സ് അന്വേഷണം നേരിടുന്ന ഇടപാടും ഇ ഡി റെയ്ഡ് നടത്തിയ സ്ഥാപനം ഉള്‍പ്പെട്ട കരാറും മജിസ്ട്രേറ്റ് കോടതിയില്‍ സിവില്‍ കേസ് നടക്കുന്ന ഭൂമിയുമാണ് വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതികള്‍ ലഭിച്ചിരുന്നു.
മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നേരിട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും ഇക്കാര്യത്തില്‍ കത്ത് അയച്ചിരുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നുള്‍പ്പെടെ അന്വേഷണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ മറുപടിയിലാണ് പ്രധാനമന്ത്രിയില്‍നിന്ന് വസ്തുതകള്‍ ഒളിപ്പിച്ചത് സമ്മതിക്കുന്നത്.
ഒക്ടോബര്‍ 31ന് തയ്യാറാക്കി മുഖ്യമന്ത്രി പേരുവച്ച് ഒപ്പിട്ട കത്തില്‍ ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥാവകാശം സംബന്ധിച്ച് കേസുണ്ടെന്ന് വിവരിക്കുന്നു. ‘ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ കേസുണ്ടായിരുന്നു. വിധി എസ്റ്റേറ്റ് ഉടമകള്‍ക്കനുകൂലമായി. സര്‍ക്കാര്‍ സ്പെഷല്‍ ലീവ് പെറ്റീഷന് നല്കി, വിധി റദ്ദാക്കാന്‍ അപേക്ഷിച്ചു.
യോഗ്യമായ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു. അങ്ങനെ പാലാ കോടതിയില്‍ ഹര്‍ജി കൊടുത്തിരിക്കുകയാണ്. കേസ് തീര്‍പ്പായിട്ടില്ല. ഇതിനിടെ അര്‍ഹമായ നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത് ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരമാണ്,’ എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.
എന്നാല്‍, ഈ കത്തിലും വസ്തുതകള്‍ മറച്ചുവച്ചിരിക്കുകയാണ് മുഖ്യമന്ത്രി. വീണ്ടും തെറ്റിദ്ധരിപ്പിക്കലുമുണ്ട്. ചെറുവള്ളി ഭൂമി ഇടപാടില്‍, 2020 ഒക്ടോബര്‍ 16ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ നഷ്ട പരിഹാരം കീഴ്ക്കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. മാത്രമല്ല, ഭൂമി ഏറ്റെടുക്കല്‍ നിയമം സര്‍ക്കാരിന് ഇഷ്ടാനുസരണം വ്യാഖ്യാനിക്കാന്‍ അവകാശമില്ലെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: