കോഴിക്കോട് : മതാധ്യക്ഷന്മാര് പാലിക്കുന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെന്ന് സമസ്ത. വിട്ടുവീഴ്ചയുടെയും മനുഷ്യസ്നേഹത്തിന്റെയും പാഠങ്ങള്‍ ലോകത്തിനു പകര്ന്നുനല്കാന് ബാധ്യതപ്പെട്ടവരാണ് മതനേതൃത്വങ്ങള്‍. ഇവര്‍ വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കേണ്ടതുണ്ടെന്നും മുസ്ലിം ജമാഅത്ത് അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
ബിഷപ്പിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദവും ഇനിയും തുടരുരുത്. അത് സമൂഹത്തില്‍ ശേഷിക്കുന്ന നന്മകളെ കൂടി കെടുത്തിക്കളയും. ആ പ്രസ്താവനയുടെ പേരില്‍ ക്രൈസ്തവ സമുദായത്തെയൊന്നാകെ അധിക്ഷേപിക്കുന്നത് അപലപനീയമാണെന്നും മുസ്ലിം ജമാഅത്ത് അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും സ്നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മത രാഷട്രീയ നേതാക്കളില്‍ നിന്ന് വേണ്ടതെന്ന് കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
ഭിന്നിപ്പുകളുടെയും അകറ്റിനിര്‍ത്തലുകളുടെയും ഭാഷ ജനങ്ങളില്‍ ആഴമേറിയ മുറിവുകള്‍ ഉണ്ടാക്കും. തലമുറകളോളം അതിന്റെ നീറ്റല്‍ നിലനില്ക്കും. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ല. വിവിധ മതവിഭാഗങ്ങള്‍ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങള്‍ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാന്‍ ആരും തുനിയരുത്.
കേരളത്തില്‍ മുസ്ലിം ക്രൈസ്തവ സമുദായങ്ങളില്‍ നിലനില്‍ക്കുന്ന സൗഹൃദത്തെ കളങ്കപ്പെടുത്തുന്ന നീക്കങ്ങള്‍ ഉണ്ടായിക്കൂടാത്തതാണ്. പാലാ രൂപതയുടെ ബിഷപ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ തികച്ചും അനുചിതമായിപ്പോയി. അതൊഴിവാക്കാമായിരുന്നു. നാക്കുപിഴകളെ പോലും വര്‍ഗീയധ്രുവീകരണത്തിനായി ദുരുപയോഗിക്കപ്പെടുന്ന കാലത്ത് കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാകാന്‍ മതസമൂഹങ്ങള്‍ക്കും സമുദായനേതാക്കള്‍ക്കും കഴിയേണ്ടതാണെന്നും ജമാ അത്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: