വൈത്തിരി: പൂക്കോട് എന്‍ ഊര് പൈതൃക പദ്ധതിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗോത്ര ജനതയുടെ ജീവിത ശൈലികളും കലകളും അന്യം നിന്നു പോകാതെ സംരക്ഷിക്കുവാന്‍ 1980ലെ സൊസൈറ്റി ആക്ട് അടിസ്ഥാനപ്പെടുത്തി രൂപം നല്കപ്പെട്ടതാണി പദ്ധതി.
വയനാട് ജില്ലാ കളക്ടര്‍ ചെയര്‍മാനായും സബ് കളക്ടര്‍ പ്രസിഡണ്ടായും ഊരുമൂപ്പന്മാര് അടങ്ങിയ ഭരണസമിതിക്കാണ് അതിന്റെ നടത്തിപ്പ് അവകാശം. വനവാസി ജനവിഭാഗങ്ങള്‍ ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ സംഭരിച്ച് അവരെ സഹായിക്കുക എന്ന കര്‍മ്മം കഴിഞ്ഞ പത്തു വര്‍ഷമായി മറ്റു പ്രശ്നങ്ങളില്ലാതെ നടന്നു വരുന്നു. എന്നാല്‍ ഇവിടേക്കുള്ള ജീവനക്കാരുടെ പത്ത് ഒഴിവിലേക്ക് കഴിഞ്ഞ വര്‍ഷം ഇരുന്നൂറ്റിമുപ്പത് വനവാസികളായിട്ടുളള അപേക്ഷകരില്‍ നിന്നും യോഗ്യരായവരെ സബ് കളക്ടര്‍ അഭിമുഖം നടത്തി തിരഞ്ഞടുത്തതാണെങ്കിലും ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു പ്രധാന നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് അവരില്‍ ആരെയും നിയമിച്ചില്ല. ഇപ്പോള്‍ കുടുംബശ്രീ മുഖാന്തിരം ഒഴിവു നികത്താനുള്ള നീക്കം നടത്തുകയുമാണ്.
തങ്ങളുടെ ആളുകളെ പദ്ധതിയില്‍ തിരുകികയറ്റി സ്ഥാപനത്തെ ഉപയോഗിച്ച് വനവാസികളെ കൊള്ളയടിക്കുകയാണ് സിപിഎം ഇതിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രീയക്കാരെ ഭയന്ന് സബ് കളക്ടറും ഇതിന് ഒത്താശ ചെയ്യുകയാണ്. നാട്ടിലെ എല്ലാ പൊതു സ്ഥാപനങ്ങളും നശിപ്പിച്ച രാഷ്ട്രീയ ഇടപെടല്‍ വയനാടന്‍ ഗോത്രവര്‍ഗ്ഗ ജനതയുടെ ഈ ആശാകേന്ദ്രത്തെയും വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയാണ്. വനവാസി സമൂഹത്തിന്റെ അവകാശങ്ങളില്‍ കൈകടത്തി അവരെ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ഇത്തരം നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്വലിയാത്ത പക്ഷം ആ സമൂഹത്തിനെ തന്നെ മുന്‍ നിര്‍ത്തി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കുവാന് ബിജെപി തയ്യാറാകുമെന്നും പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എം. സുബീഷ് പറഞ്ഞു
ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല, എം.പി. സുകുമാരന്‍, റിഷികുമാര്‍ വൈത്തിരി, കൃഷ്ണന് വൈത്തിരി, ജയന്ത് കുമാര്‍ കെ, അല്ലി റാണി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: