കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന് ഭരണത്തെ മതനേതാവായ ഹൈബത്തുള്ള അഖുണ്‍സാദ നയിക്കുമെന്ന് താലിബാന് തീരുമാനിച്ചു. ടോളോ ന്യൂസാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഹൈബത്തുള്ള അഖുണ്‍സാദ താലിബാന്റെ മതനേതാവും പ്രധാന കമാന്‍ഡറുമാണ്. ഇദ്ദേഹം പൊതുവേദികളില്‍ അധികമായി പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കുമറിയില്ല. ഇതുവരെ ഇദ്ദേഹത്തിന്റെ ഒരു ചിത്രം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. അതേ സമയം, ഏറെ കണിശതയും തീവ്രനിലപാടും ഉള്ള നേതാവാണെന്ന് പറയപ്പെടുന്നു.
1990കളില്‍ താലിബാന് സ്ഥാപിതമാകുമ്പോള്‍ മുല്ല ഒമര്‍ താലിബാന്റെ പ്രധാന കമാന്‍ഡറായിരുന്നു. മുല്ല ഒമറിന്റെയും മുല്ല മന്‍സൂറിന്റെയും പിന്‍ഗാമിയായാണ് ഹൈബത്തുള്ള അറിയപ്പെടുന്നത്. 2016ലാണ് താലിബാന്റെ നേതൃപദവിയില്‍ ഇദ്ദേഹം എത്തുന്നത്. പഷ്തൂണ്‍ സമുദായാംഗമാണ്. ഇദ്ദേഹം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ സ്വദേശിയാണ്. 1980കളില്‍ സോവിയറ്റ് റഷ്യക്കെതിരായ അഫ്ഗാനിസ്ഥാന്റെ ചെറുത്തുനില്പില് അഖുണ്‍സാദ പങ്കെടുത്തിരുന്നു.
താലിബാന്റെ സാംസ്കാരിക കമ്മീഷന് അംഗമായ അനാമുള്ള സമംഗനിയാണ് ഹൈബത്തുള്ള അഖുണ്സാദയായിരിക്കും പുതിയ ഭരണത്തലവനെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത മുജാഹിദ്ദീന്‍ മനോഘടനയുള്ള നേതാവാണ് അഖുണ്‍സാദ. താലിബാന്റെ മത പണ്ഡിതന്മാരുടെ കൗണ്‍സിലിന്റെ നേതാവാണ്. അതുകൊണ്ട് തന്നെ താലിബാന് പുറപ്പെടുവിക്കുന്ന ഫത് വാകള്‍ തീരുമാനിക്കുന്നത് അഖുണ്‍സാദയാണ്. താലിബാന് മേധാവിയായിരുന്ന അഖ്താന്‍ മുഹമ്മദ് മൻസൂറിന്റെ വലംകൈയായിരുന്നു അഖുണ്‍സാദ. 2016ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ അഖ്താന്‍ മുഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടപ്പോഴാണ് അഖുണ്‍സാദ താലിബാന്റെ പരമോന്നത നേതാവായത്.
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുതിയ താലിബാന് സര്‍ക്കാരിലെ അംഗങ്ങളെ പ്രഖ്യാപിക്കുമെന്ന് താലിബാന് രാഷ്ട്രീയ ഓഫീസ് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: