ന്യൂഡല്‍ഹി : ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണ്ണമെഡൽ നേടിയ നീരജ് ചോപ്രയ്‌ക്ക് രണ്ട് കോടി പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ് ഉടമ ബൈജു രവീന്ദ്രന്‍.
ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയ്‌ക്ക് വ്യക്തിഗത ഇനങ്ങളില്‍ മെഡലുകൾ സമ്മാനിച്ച മറ്റ് ആറ് താരങ്ങൾക്ക് ഒരു കോടി രൂപ വീതവുമാണ് ബൈജൂസ് ആപ്പ് പ്രഖ്യാപിച്ചത്. കായിക താരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത് .
നീരജ് ചോപ്രയ്‌ക്ക് 2 കോടി രൂപയും മീരാഭായ് ചാനു, രവി കുമാർ ദഹിയ, ലവ്ലിന ബോർഗോഹെയ്ൻ, പിവി സിന്ധു, ബജ്‌റംഗ് പുനിയ എന്നിവർക്ക് ഓരോ കോടി വീതവും പ്രഖ്യാപിച്ചതായും കമ്പനി പ്രസ്താവനയിൽ പറഞ്ഞു .
രാഷ്‌ട്ര വികസനത്തിന് കായികമേഖലയ്‌ക്ക് അതുല്യമായ പങ്കാണുള്ളത് . അതുകൊണ്ട് തന്നെ നമ്മുടെ ഒളിംപിക് നായകന്മാരെ പ്രശംസിക്കേണ്ട സമയമാണിത്. നാല് വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ല ഓരോ ദിവസവും ഇപ്പോള്‍ ലഭിക്കുന്ന ആദരവ് അവര്‍ അര്‍ഹിക്കുന്നു . ടോക്കിയോയില്‍ ചരിത്രനേട്ടം കൈവരിച്ച താരങ്ങള്‍ക്ക് അവരുടെ പരിശ്രമത്തിനും ത്യാഗങ്ങള്‍ക്കും പാരിതോഷികം നല്‍കുകയാണ് ഞങ്ങള്‍.- ബൈജൂസ് ആപ്പ് പ്രസ്താവനയിൽ പറയുന്നു.
ഈ ചെറിയ ആദരവ് അവരുടെ ജൈത്രയാത്രയില്‍ കൂടുതല്‍ നേട്ടങ്ങള്‍ നേടിയെടുക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുവതലമുറയെ വലിയ സ്വപ്നങ്ങള്‍ കാണാനും ഇത് പ്രേരിപ്പിക്കും. നിരവധി ചാംപ്യന്‍മാരെ വളര്‍ത്തിയെടുക്കുന്നതിന് ഇന്ത്യയ്‌ക്ക് വലിയ സാധ്യതകളുണ്ട്. ഇതുപോലെയുള്ള വിജയങ്ങള്‍ ആഘോഷിക്കുന്നത് വളരെ പ്രധാനമാണ്. കായികമേഖലയെ ഇഷ്ടപ്പെടുന്ന രാജ്യത്തില്‍ നിന്നും കായികരാജ്യമായി വളരണം. ഞങ്ങളില്‍ അഭിമാനം നിറച്ചതില്‍ നിങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും ബൈജൂസ് ആപ്പ് പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: