ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ ഒരിക്കല്‍കൂടി അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞത്തിന് ഉപയോഗിക്കുന്ന കോവിന്‍ പ്ലാറ്റ്‌ഫോമിനാണ് ഇത്തവണ ശശി തരൂരിന്റെ അംഗീകാരം. ഒരാള്‍ക്ക് കുത്തിവയ്‌പിനായി തനിക്കോ, കുടുംബാംഗങ്ങള്‍ക്കോ സ്ലോട്ട് ബുക്ക് ചെയ്യാനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഈ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നു.
ഇതാദ്യമായല്ല ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നത്. “അര്‍ഹിക്കുമ്പോള്‍ ഞാന്‍ എല്ലായ്‌പ്പോഴും കേന്ദ്രസര്‍ക്കാരിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്. കോവിനെ നിരീക്ഷിക്കുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയട്ടെ, അവര്‍ ചില മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
‘ഡൗണ്‍ലോഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്’ എന്നൊരു വാട്‌സ് ആപ്പ് സന്ദേശം 90131 51515-ലേക്ക് അയയ്‌ക്കുക. ഒടിപി സ്വീകരിച്ച് തിരികെ വാട്‌സ് ആപ്പില്‍തന്നെ നിങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടുക. ലളിതമായും വേഗത്തിലും’- ട്വീറ്റില്‍ ശശി തരൂര്‍ പറഞ്ഞു. വിദേശയാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാനും കോവിന്‍ വഴി കഴിയും. വ്യക്തിവിവരങ്ങള്‍ എഡിറ്റ് ചെയ്യാനും പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.















