ടോക്യോ:കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ ലോകത്തിന് പ്രതീക്ഷയുടെ വെളിച്ചമേകി ‘മുന്നോട്ട് നീങ്ങാം’ എന്ന സന്ദേശം നല്കി ടോക്യോ ഒളിമ്പിക്സിന് തുടക്കമായി
വെള്ളിയാഴ്ച വൈകുന്നേരം 4.30നാണ് 32-ാം ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ വെടിക്കെട്ടോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം. കൗണ്ട് ഡൗണ്‍ 20ല്‍ നിന്നും പൂജ്യത്തിലെത്തിയതോടെ ഒളിമ്പിക്സിന് തുടക്കമായെന്ന പ്രഖ്യാപനം.
കോവിഡ് മഹാമാരിയ്ക്കിടയില്‍, 70,000 ഇരിപ്പിടങ്ങളുണ്ടെങ്കിലും ഹര്‍ഷാരവം മുഴക്കാന്‍ കാണികളില്ലാത്ത ഒളിമ്പിക് സ്റ്റേഡിയത്തില്‍ വിവിധ രാജ്യങ്ങളിലെ അത്ലറ്റുകള് മാര്‍ച്ച് പാസ്റ്റ് നടത്തി. ഗ്രീസിലെ സംഘമായിരുന്നു ആദ്യമെത്തിയത്.ഇന്ത്യയില്‍ നിന്നുള്ള 20 താരങ്ങള്‍ ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. ബോക്സിങ് താരം മേരികോമും ഹോക്കിതാരം മന്‍പ്രീത് സിങ്ങും പതാകയേന്തി.
ജപ്പാന് ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായിരുന്നു. നര്‍ത്തകിമാര്‍ ചുവപ്പ് റിബ്ബണില് പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പ്രധാനസ്റ്റേഡിയമായ യോഹെയ് തനേഡയില് മെയ് വഴക്കം ഉപയോഗിച്ച് നടത്തിയ ചടുലനൃത്തച്ചുവടുകളോടെ സൂര്യനെ അവതരിപ്പിച്ചത് അവിസ്മരണീയാനുഭവമായി
വര്‍ണ്ണശബളമായ വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ നടന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ കാഴ്ചക്കാരുടെ മനംകവര്‍ന്നു. പിന്നീട് ജപ്പാന്റെ പതാക സ്റ്റേഡിയത്തില്‍ എത്തി. ജപ്പാനീസ് ഗായിക മിസിയ ജപ്പാന്റെ ദേശീയ ഗാനം ആലപിച്ചു.
ഇനി കൂടുതല്‍ ഉയരവും വേഗവും കരുത്തും തേടി 11,000 താരങ്ങള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: