കൊച്ചി: നിരന്തരമായ കടല്‍ക്ഷോഭം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം തീരപ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മത്സ്യഗ്രാമം പദ്ധതിയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പദ്ധതികളുടെ കരട് റിപ്പോര്‍ട്ട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. മാതൃക മത്സ്യഗ്രാമം പദ്ധതി നടപ്പിത്തിന്റെ ചുമതല സര്‍ക്കാര്‍ കുഫോസിനാണ് നല്കിയിക്കുന്നത്.
കുഫോസിന്റെ പുതുവെപ്പ് കാമ്പസ് സന്ദര്‍ശിച്ച സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ കരട് റിപ്പോര്‍ട്ട് കൈമാറി. കുഫോസില്‍ പലതവണ നടന്ന വിദഗ്ദരുടെ കുടിയോലോചനകളില് ഉരുതിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്ക് ഒപ്പം ചെല്ലാനത്തെ ജനങ്ങളുടെ തദ്ദേശിയ വിജ്ഞാനവും സമന്വയിപ്പിച്ചുകൊണ്ടാണ് കരട് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. റിജി ജോണ്‍ പറഞ്ഞു. ഇതിന് വേണ്ടി കുഫോസ് സംഘം ചെല്ലാനത്ത് ഫീല്‍ഡ് സര്‍വേ നടത്തിയിരുന്നു.
സാധ്യമായിടത്തെല്ലാം കണ്ടല്‍കാടുകളുടെ ജൈവഭിത്തി തീര്‍ക്കുക. കടലെടുത്തുപോയ ബീച്ച് പുനസ്ഥാപിക്കാന്‍ പോര്‍ട്ട് ട്രസ്റ്റ് നടത്തുന്ന ഡ്രഡ്ജിങ്ങിലൂടെ ലഭിക്കുന്ന മണ്ണ് ഉപയോഗപ്പെടുത്തുക, കരയിലേക്ക് എത്തുന്ന വെള്ളം ഒഴിഞ്ഞുപോകാന്‍ ഉണ്ടായിരുന്ന നൂറോളം കനാലുകള്‍ പുനസ്ഥാപിക്കുക, കൃഷിയും കാലിവളര്‍ത്തലും തിരിച്ചുകൊണ്ടുവരാന്‍ ഉതകുന്ന നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് കരട് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍. പൂര്‍ണമായി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും.
കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ, കുഫോസ് രജിസ് ട്രാര്‍ ഡോ.ബി.മനോജ് കുമാര്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ സി.എ. ലത, ചെല്ലാനം പദ്ധിതിയുടെ കുഫോസ് നോഡല്‍ ഓഫിസര്‍ ഡോ.കെ. ദിനേഷ് എന്നിവര്‍ റിപ്പോര്‍ട്ട് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: