കൊച്ചി: ലൗ ജിഹാദ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി അഭിപ്രായം മാറ്റിപ്പറഞ്ഞത് ഇടതു മുന്നണിയില്‍ ജോസിന്റെ ‘അടവുനയം’ മാത്രമാണെന്ന് വിശകലനം ചെയ്ത് ക്രിസ്ത്യന്‍ സഭയുടെ വിലയിരുത്തല്‍. ലൗ ജിഹാദ് മതപരമായ വിഷയം മാത്രമല്ല, അത് ഭീകര പ്രവര്‍ത്തനമാണെന്നാണ് സിറോ മലബാര്‍ സഭയുടെ സിനഡ് അഭിപ്രായപ്പെട്ടത്. മാത്രമല്ല, ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പിണറായി സര്‍ക്കാര്‍ കാണിക്കുന്ന മതവിവേചനത്തിലും സിനഡ് പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി 10 മുതല്‍ 15 വരെ സിറോ മലബാര്‍ സഭയില്‍ നടന്ന സിനഡ് ചര്‍ച്ച ചെയ്ത വിവിധ വിഷയങ്ങളില്‍ പ്രധാനമായിരുന്നു ലൗ ജിഹാദും കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിലെ പക്ഷപാതിത്ത്വവും.
ലൗ ജിഹാദ് ചര്‍ച്ചയായി എന്ന് സിനഡ് വിവരങ്ങള്‍ വാര്‍ത്തയായി പുറത്തുവന്നപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നു. അതേ തുടര്‍ന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോള്‍ ലൗ ജിഹാദ് എന്ന പ്രയോഗത്തിന് പകരം ‘മതാന്തര പ്രണയ വിവാഹം’ എന്ന പേര് ഉപയോഗിക്കുകയായിരുന്നു.
സിറോ മലബാര്‍ സഭയുടെ പരമാധികാരി കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇറക്കിയ സിനഡ് അനന്തര സര്‍ക്കുലറില്‍ ലൗ ജിഹാദിനെക്കുറിച്ച് പറയുന്നതിങ്ങനെ: ‘മത സൗഹാര്‍ദത്തേയും സാമൂഹിക സമാധാനത്തേയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദേശ്യപരമായ മതാന്തര പ്രണയങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നത് ആശങ്കാ ജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നുവെന്നത് വസ്തുതയാണ്. കേരളത്തില്‍നിന്ന് ഐഎസ് ഭീകര സംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്, ഇത് സമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായോ ഭീകരപ്രവര്‍ത്തനമായോ മനസിലാക്കി നടപടി എടുക്കണമെന്നാണ്,” സിനഡ് ആവശ്യപ്പെടുന്നത്.
ക്രിസ്തീയ സഭയുടെ, രൂപതാധ്യക്ഷന്മാര് ചേര്‍ന്നിരുന്ന് കൈക്കൊണ്ട ഈ നിലപാടാണ് ജോസ് കെ. മാണി ആദ്യം പങ്കുവച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി വിരട്ടിയപ്പോള്‍ ഇടതുമുന്നണിയുടെ നിലപാടാണ് എന്റേതെന്ന് പറഞ്ഞുവെന്നത് ഇടതു മുന്നണിയില്‍ ജോസിന്റെ അടവുനയം മാത്രമാണെന്നാണ് സഭാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും മത ന്യൂനപക്ഷങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന സഹായങ്ങള്‍ 80 ശതമാനം ഒരു മതവിഭാഗത്തിന് മാത്രം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയോടു സിനഡ് പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: