ബ്രഹ്മചാരി സുധീര്‍ ചൈതന്യ
ഭീമരൂപധരീ അസുര സംഹാരേ രാമചന്ദ്ര കേ കാജ് സംവാരേ
(അര്‍ഥം: അങ്ങ് ഭീമാകാരം പൂണ്ട്, അസുരന്മാരെ സംഹരിച്ച് ശ്രീരാമന്റെ ദൗത്യം നിര്‍വഹിച്ചു.)
സൂക്ഷ്മരൂപം സ്വീകരിക്കാന്‍ മാത്രമല്ല, ഭീമാകാരനാകാനും ഹനുമാന് കഴിയും. നിഷേധാത്മകതയ്‌ക്കെതിരെ, തെറ്റുകള്‍ക്കെതിരെ ചെറുതാകാതെ അദ്ദേഹം ഭീമാകാരം പൂണ്ടു. നമ്മളില്‍ പലരും തെറ്റാണെന്നറിഞ്ഞിട്ടു കൂടി, ചെറിയ സുഖങ്ങള്‍ക്കായി തെറ്റിന്റെ പിറകേ പോകാറുണ്ട്. തെറ്റാണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ ദാക്ഷിണ്യമില്ലാതെ നമ്മള്‍ അതിനെതിരെ ഭീമരൂപം കൈക്കൊള്ളണം. രാമോ വിഗ്രഹവാന്‍ ധര്‍മഃ എന്നതിന് അര്‍ഥം രാമന്‍ ധര്‍മത്തിന്റെ മൂര്‍ത്തിമദ്ഭാവമാകുന്നു എന്നാണ്. അതുകൊണ്ടു തന്നെ രാമന്റെ ദൗത്യങ്ങള്‍ ധാര്‍മികമായി വളരെ ഉയരത്തിലായിരിക്കും. അതിനാല്‍ രാമനുവേണ്ടി ഹനുമാന്‍ ചെയ്ത കര്‍മങ്ങളെല്ലാം ധര്‍മാധിഷ്ഠിതമായിരുന്നു.
സ്വാര്‍ഥതയ്‌ക്ക് കീഴ്‌പ്പെടാതെ നിസ്സാര കാര്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ ധര്‍മം ഇതാണെന്ന വ്യക്തതയോടെ ഞാന്‍ ചെയ്യേണ്ടത് ധര്‍മം മാത്രമാണെന്ന ബോധ്യത്തോടെ ധര്‍മം മാത്രമായതിനാല്‍ ഞാന്‍ ഇത് ചെയ്യുമെന്ന ഉറപ്പോടെ വ്യക്തി താല്‍പര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഹനുമാന്‍ തന്റെ ദൗത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. അത് നമുക്കെല്ലാവര്‍ക്കും വലിയൊരു മാതൃകയാണ്.
















