സദ്ഗുരു ജഗ്ഗി വാസുദേവ്
പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും, ഒരു പ്രത്യേക കമ്പനമുണ്ട്. ഏതാണ് നമ്മെ ആത്മീയദിശയിലേക്ക് കൊണ്ടുപോകുന്നത്, ഏതാണ് കൊണ്ടു പോവാത്തത് എന്ന് നമ്മള്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ശിവന് പ്രിയപ്പെട്ട പുഷ്പം, വിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പം എന്നെല്ലാം നിങ്ങള്‍ കേട്ടിട്ടുണ്ടാവും. ശിവനായാലും വിഷ്ണുവായാലും ആ ഗുണത്തോട് ഏറ്റവും കൂടുതല്‍ അടുക്കാന്‍ സഹായിക്കുന്ന പ്രത്യേക കമ്പനത്തെ അവര്‍ തിരിച്ചറിയുകയാണ്.
അത്തരം വസ്തുക്കളെ സ്പര്‍ശിക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ, നിങ്ങളില്‍ അത് ഒരു നിശ്ചിത സ്വാധീനം ചെലുത്തും. രുദ്രാക്ഷം ഇത്തരത്തില്‍ വളരെ സവിശേഷമായ കമ്പനമുള്ള വസ്തുക്കളിലൊന്നാണ്. രുദ്രാക്ഷം ധരിക്കുമ്പോള്‍ അത് നിങ്ങളുടെ ഓറയെ ശുദ്ധീകരിക്കുന്നു. ഓരോ ശരീരത്തിനും ചുറ്റും, ഓരോ വസ്തുവിനും ചുറ്റും പ്രകാശത്തിന്റെയും ഊര്‍ജ്ജത്തിന്റെയും ഒരു പ്രത്യേക വലയമുണ്ട്. അതിനെയാണ് ഓറാ എന്ന് വിളിക്കുന്നത്.
എല്ലാ ഭൗതിക നിര്‍ജീവ വസ്തുക്കള്‍ക്കും അതിന്റേതായ ഒരു പ്രഭാവലയമുണ്ട്. രുദ്രാക്ഷം നിങ്ങളുടെ ഓറയെ ശുദ്ധീകരിക്കുന്നു. ഓറയുടെ നിറം കടും കറുപ്പ് മുതല്‍ ശുദ്ധ വെള്ള വരെ ആകാം. വിശുദ്ധരുടെയും മുനിമാരുടെയും ചിത്രങ്ങളില്‍ അവരുടെ തലയ്‌ക്ക് ചുറ്റും ഒരു വെളുത്ത പ്രകാശവലയം (ഓറ) കാണാം. രുദ്രാക്ഷം ധരിക്കുകയാണെങ്കില്‍ നാളെ നിങ്ങളുടെ തലയ്‌ക്ക് പിറകില്‍ ഒരു പ്രകാശ വലയമുണ്ടാകും എന്നല്ല അതിനര്‍ഥം. നിങ്ങള്‍ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍, പ്രത്യേകിച്ച്,യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ഓറയെ അത് ബാധിച്ചേക്കും. യാത്രയ്‌ക്ക് ശേഷം വളരെയധികം തളര്‍ച്ച അനുഭവപ്പെടുന്നത് അതുകൊണ്ടാണ്. ഓടുന്ന വണ്ടിയില്‍ വെറുതെ ഇരിക്കുകയാണെങ്കിലും 10മണിക്കൂറിനുശേഷം നിങ്ങള്‍ വളരെ ക്ഷീണിതനാവും. ഒന്നും ചെയ്തിട്ടില്ലെങ്കിലും നിങ്ങളുടെ ഊര്‍ജ്ജത്തെ അത് ബാധിക്കുന്നുണ്ട്. സ്വാഭാവികമായി ചലിക്കാന്‍ രൂപപ്പെടുത്തിയതിനേക്കാള്‍ വേഗത്തില്‍ ശരീരം നീങ്ങുന്നതു കൊണ്ടാണത്. ഏറ്റവുമാദ്യം അത് ബാധിക്കുന്നത് നിങ്ങളുടെ ഓറയെയാണ്. എന്നാല്‍ രുദ്രാക്ഷം ധരിക്കുകയാണെങ്കില്‍ അത് ഒരു പ്രത്യേക കവചം നിങ്ങള്‍ക്ക് ചുറ്റുമുണ്ടാക്കുന്നു. ഓറയ്‌ക്ക് നിശ്ചിത സ്ഥിരത നല്‍കുന്നു. അതിനാല്‍,യാത്ര,അല്ലെങ്കില്‍,ചലനം നിങ്ങളെ ബാധിക്കുന്നില്ല.
രുദ്രാക്ഷം പല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട.് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തെ കുറയ്‌ക്കുന്നു, ഞരമ്പുകളെ ശാന്തമാക്കുന്നു. രക്തസമ്മര്‍ദ്ദം,ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്‌ക്ക് ഡോക്ടര്‍മാര്‍ ഇപ്പോള്‍ രുദ്രാക്ഷം അണിയാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. രുദ്രാക്ഷത്തിന് ശരീരപ്രകൃതിയെ തന്നെ ശാന്തമാക്കുന്ന സവിശേഷമായ കമ്പനമുണ്ട്.
എല്ലാ മനുഷ്യനും, എല്ലാ സൃഷ്ടി തന്നെയും,ഏതെങ്കിലും വിധത്തില്‍ കൃപയ്‌ക്കു പാത്രീഭവിക്കുന്നുണ്ട്. രുദ്രാക്ഷം ഈ സാധ്യതയെ അല്പം കൂടി വര്‍ദ്ധിപ്പിക്കുന്നു. രുദ്രാക്ഷത്തിന്റെ സഹായമില്ലാതെ കൃപയ്‌ക്ക് പ്രാപ്തമാവില്ല എന്നല്ല. എന്നാല്‍ രുദ്രാക്ഷം അതിന് വലിയൊരളവില്‍ സഹായകമാണ്.
















