കുന്നത്തൂര്‍: വികസനവും മുന്നേറ്റവും കൊട്ടിഘോഷിച്ച് എല്‍ഡിഎഫ് നടത്തുന്ന മേഖലാജാഥ ഇന്ന് കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ എത്തുമ്പോള്‍ സ്വീകരണമൊരുക്കുന്നത് വികസനമുരടിപ്പിന്റെ പ്രതീകമായ സ്ഥലത്ത്. സ്ഥലം എംഎല്‍എയുടെ പിടിപ്പുകേടില്‍ അനാഥമായിക്കിടക്കുന്ന ശാസ്താംകോട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് വികസനമുന്നേറ്റ ജാഥയ്ക്ക് വേദിയൊരുക്കി എല്‍ഡിഎഫ് സ്വയം അപഹാസ്യരാകുന്നത്.
സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പൊള്ളത്തരങ്ങള്‍ നേതാക്കള്‍ വാരി വിതറുമ്പോള്‍ 20 വര്‍ഷം തുടര്‍ച്ചയായി എംഎല്‍എയായിട്ടും കുന്നത്തൂരിനെ 50 വര്‍ഷം പിന്നിലോട്ട് നടത്തിച്ച കോവൂര്‍ കുഞ്ഞുമോനും വേദിയിലുണ്ടാകും എന്നതാണ് ഏറ്റവും കൗതുകകരം. കോടികള്‍ തുലച്ച ശാസ്താംകോട്ടയിലെ കെഎസ്ആര്‍ടിസി സബ്ഡിപ്പോയില്‍ കെട്ടിപ്പൊക്കിയ സ്വീകരണ വേദിയിലിരുന്ന് എന്ത് വികസന നേട്ടങ്ങളാണ് നേതാക്കള്‍ പറയുകയെന്നത് കാതോര്‍ക്കുകയാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരും.
2006ല്‍ ഓപ്പറേറ്റിങ്ങ് സെന്ററായിരുന്ന ഇവിടം സബ് ഡിപ്പോയാക്കുമെന്നത് മന്ത്രിയുടെ വാഗ്ദാനം മാത്രമായി നിന്നു. ഒടുവില്‍ ഓപ്പറേറ്റിങ് സെന്റര്‍ പോലും പ്രവര്‍ത്തിപ്പിക്കാനാകാതെ വന്നതോടെ കച്ചവട സ്ഥാപനങ്ങളിലെ സാധനങ്ങള്‍ സൂക്ഷിക്കാനും സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഉപയോഗിച്ചുവരികയാണിവിടം. ഈ സ്ഥലത്താണ് ഭരണമുന്നണിയുടെ ജാഥയ്ക്ക് വേദിയൊരുക്കിയത്.
കുന്നത്തൂരില്‍ ഡിപ്പോ തുടങ്ങാനായി ശാസ്താംകോട്ടയിലെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്ന ഭാഗം ഒഴിപ്പിച്ചു കെഎസ്ആര്‍ടിസിക്ക് നല്‍കുകയായിരുന്നു. ഡിപ്പോയുടെ പ്രവര്‍ത്തനത്തിന് ഗാരേജ് നിര്‍മിക്കുന്നതിന് താലൂക്കിലെ പഞ്ചായത്തുകളുടെ ഫണ്ടുകള്‍ ചെലവിട്ട് ഒരേക്കറിലധികം സ്ഥലം വാങ്ങി നല്‍കിയെങ്കിലും അധികാരികള്‍ കനിയാതെ വന്നതോടെ ശാസ്താംകോട്ടയിലെ ഡിപ്പോ എന്നത് കുന്നത്തൂരുകാരുടെ സ്വപ്നമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: