ബെയ്ജിംഗ്: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതിന്റെ സൂചന നല്കി അമേരിക്കയിലേക്കുള്ള ഭൗമധാതുക്കളുടെ കയറ്റുമതി നിരോധിച്ചകൊണ്ട് ചൈന.
സങ്കീര്‍ണ്ണമായ ആയുധങ്ങളും എഫ്-35 യുദ്ധജെറ്റുകളും നിര്‍മ്മിക്കുന്നതിലെ അവിഭാജ്യഘടകമാണ് അപൂര്‍വ്വ ഭൗമധാതുക്കള്‍ (റെയര്‍ എര്‍ത്ത് മിനറല്‍സ്). ‘ ചൈന അപൂര്‍വ്വ ഭൗമധാതുക്കളുടെ കയറ്റുമതി നിരോധിക്കുക വഴി എഫ്-35 യുദ്ധജെറ്റുകളുടെ നിര്‍മ്മാണത്തില്‍ യുഎസ് തിരിച്ചടി നേരിടുന്നുണ്ടോ എന്ന് ചൈനീസ് സര്‍ക്കാര്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമെന്ന് ചൈന സര്‍ക്കാരിന്റെ ഒരു ഉപദേശകന് പറഞ്ഞു.
അപൂര്‍വ്വ ഭൗമധാതുക്കളില് പ്രധാനമായും 17 ധാതുക്കളാണ് പ്രതിരോധ വ്യവസായരംഗത്ത് മിസൈലുകളും ആയുധങ്ങളും ഹൈപ്പര്‍ സോണിക് ആയുധങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. സെല്‍ഫോണ്‍ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു.
യെട്ടെര്ബ്രിയം, പ്രേസിയോഡിമിയം എന്നിവ അടങ്ങിയവയാണ് അപൂര്‍വ്വ ഭൗമധാതുക്കള്‍. ചൈനയാണ് ഈ രംഗത്തെ കുത്തകരാജ്യം. അമേരിക്കക്ക് ആവശ്യമായ അപൂര്‍വ്വ ഭൗമ ധാതുക്കളില്‍ 80 ശതമാനം എത്തുന്നതും ചൈനയില്‍ നിന്നാണ്. ചൈനയാണ് ലോകത്തിലെ ലിതിയം അയേണ്‍ ബാറ്ററികളില്‍ മൂന്നില്‍ രണ്ട് ഭാഗവും ഉല്പാദിപ്പിക്കുന്നത്. ആഫ്രിക്കയില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള അപൂര്‍വ്വ ധാതുക്കളും ലോഹങ്ങലും ലഭിക്കാനുള്ള പ്രധാന വിതരണ ശൃംഖലകളും ചൈനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനെതിരെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖനന വ്യവസായരംഗത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഒരു അപൂര്‍വ്വ എക്സിക്യൂട്ടീവ് ഉത്തരവ് ഒപ്പിട്ടിരുന്നു. അപൂര്‍വ്വ ഭൗമധാതുക്കളുടെ രംഗത്ത് ചൈനയുടെ ആധിപത്യം തകര്ക്കാനൊരുങ്ങിക്കൊണ്ടായിരുന്നു ഈ നിക്കം. അമേരിക്കയുടെ പ്രതിരോധാവശ്യത്തിനുള്ള അപൂര്‍വ്വ ഭൗമധാതുക്കള്‍ ആഭ്യന്തരമായി തന്നെ ഖനനം ചെയ്തെടുക്കാന്‍ ഉദ്ദേശിച്ചായിരുന്നൂ ഈ നീക്കം. ഇപ്പോള്‍ പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ചൈനയുടെ ഈ നീക്കത്തോട് എങ്ങിനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുയാണ് ലോകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: