വല്ലഭ സമ്പ്രദായത്തിന്റെ വനമാലയില്‍ പ്രതിഷ്ഠിതമായ ധന്യനാമധേയമാണ് ഗോവിന്ദ് സ്വാമി. ധ്യാനത്തിന്റെ അപരിമേയമായ മുഹൂര്‍ത്തങ്ങളില്‍ ചിത്തത്തിലുദിച്ച അക്ഷരാത്മികയും നാവിലുണര്‍ന്ന നാരായണ നാമധാരയുമാണ് ഗോവിന്ദ് സ്വാമിയെ യോഗാത്മകമായ സിദ്ധിയിലേക്ക് ഉയര്‍ത്തിയത്.
വ്രജഭൂമിയിലുള്പ്പെടുന്ന ഭരത്പൂരിലെ ആന്ത്രി ഗ്രാമത്തില്‍ ഭൂജാതനായ ഗോവിന്ദ് സ്വാമിയുടെ സൂക്ഷ്മമായ ജീവിതപഥരേഖകള് കണ്ടെടുത്തിട്ടില്ല. സ്വാമിയുടെ രചനകളിലും ആത്മകഥയുടെ വ്യക്തമായ സൂചനകളില്ലെങ്കിലും ‘ഭക്തമാല്’ എന്ന ഗ്രന്ഥത്തിലും സ്വാമിയുടെ ചില പദങ്ങളിലും കാണുന്ന ജീവിത ചിത്രങ്ങളാണ് ആ ആത്മീയ കഥാപര്‍വം അനാവരണം ചെയ്യുന്നത്. ബാല്യകാലങ്ങളില്‍ തീര്‍ഥയാത്രാ സംഘങ്ങളിലെ സംന്യാസിമാരും ആത്മീയാനുയായികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഗോവിന്ദ് സ്വാമിയിലെ ആത്മാന്വേഷകന് ഉണര്‍ന്നത്. സംസ്കൃതഭാഷയിലും വേദപുരാണാദികളിലും അദ്ദേഹം അസാധാരണമായ ജ്ഞാനം നേടി. കീര്‍ത്തനങ്ങളും അതിന്റെ വശ്യമായ ആലാപനരീതികളുമായി സമൂഹമനസ്സിലാണ് സ്വാമി സ്ഥാനം നേടിയത്. സംഗീതഗുരുവായി അനേകം പേര് അദ്ദേഹത്തെ അംഗീകരിച്ചു. ഇതിനിടയില്‍ ഏകാന്തധ്യാനത്തിന് സ്വാമിജി ഏറെ സമയം കണ്ടെത്തിയിരുന്നു. സമീപത്തെ പര്വതസാനുവിലുള്ള ഒരു ഉപവനമായിരുന്നു ധ്യാനസ്ഥാനം. ഇന്നും ‘ഗോവിന്ദ് സ്വാമിയുടെ ഉപവനം’ എന്നാണ് അറിയപ്പെടുന്നത്. ധ്യാനത്തിന്റെ ധന്യതയാണ് ഗോവിന്ദസ്വാമിയുടെ ആത്മീയസ്വത്വം രൂപപ്പെടുത്തിയിരുന്നത്.
ഗോവിന്ദ് സ്വാമിയുടെ കീര്‍ത്തനങ്ങള്‍ വിവിധദേശങ്ങളിലെ ആരാധനാലയങ്ങളില്‍ ഭക്തജനങ്ങള്‍ ആലപിക്കാറുണ്ടായിരുന്നു. വല്ലഭാചാര്യയുടെ ഗോവര്ധന് ആശ്രമത്തിലെത്തിയ ഒരു ഗായകസംഘം സന്ധ്യാവേളയില്‍ ആ പ്രാര്‍ഥനാഗീതം ആലപിക്കാന്തുടങ്ങി. ഇതുകേട്ട് രോമാഞ്ചമണിഞ്ഞ വല്ലഭാചാര്യയുടെ പുത്രനും പരമാചാര്യനുമായ വിഠല്നാഥ്ജിക്ക് ഗോവിന്ദ്സ്വാമിയെ കാണണമെന്ന് അതിയായ മോഹമുദിച്ചു. സ്വാമിയും വിഠല്നാഥ്ജിയെ ദര്‍ശിക്കാനുള്ള അവസരം പാര്‍ത്ത് കഴിയുകയായിരുന്നു. അനുയായികളോടൊപ്പം ഗോകുലത്തിലെത്തിയ ഗോവിന്ദ്സ്വാമി പ്രഥമദര്‍ശനത്തില്‍ത്തന്നെ വിഠല്നാഥജിയെ ആത്മഗുരുവായി സ്വീകരിച്ചു. ഭാഗവതത്തിന്റെ അഗാധമായ യോഗത്തിരകളില് നിന്ന് ആത്മസായൂജ്യം നേടുകയായിരുന്നു സ്വാമിജി. യമുനയിലെ കൊച്ചോളങ്ങളുമായി സദാ സല്ലപിച്ച് സ്വാമിജി നേടിയത് നദിയുടെ ആത്മീയ പ്രത്യക്ഷങ്ങളാണ്. സ്വന്തം ശരീരസ്പര്‍ശം കൊണ്ട് യമുന മലിനപ്പെട്ടുകൂടാ എന്ന സങ്കല്പ്പത്തിലാവണം സ്വാമിജി ഒരിക്കലും യമുനാസ്നാനത്തിന് മുതിര്‍ന്നില്ല. ഗോകുലവാസം വെടിഞ്ഞ് ഗോവര്‍ധനത്തിലെത്തിയ സ്വാമിജി ശ്രീനാഥ്ജി മന്ദിരത്തിലെ സേവകനും സോപാനഗായകനുമായി. വിഠല്നാഥ്ജിക്കും സൂര്ദാസിനുമൊപ്പമുള്ള ആ മഹിത ജീവിതം വൈരാഗ്യത്തിന്റെയും നിര്മമത്വത്തിന്റെയും വിശുദ്ധി പര്‍വമായിരുന്നു. വിവിധങ്ങളായ അപൂര്‍വരാഗങ്ങളില്‍ സംഗീതത്തിന്റെ സാന്ദ്രസുഭഗമായ ലയവീചികളാണ്സ്വാമിജിയുടെ നാദധാരയായി പ്രവഹിച്ചത്. ഗോവിന്ദ്സ്വാമിയുടെ അറുപത്തിയഞ്ച് പദങ്ങള്‍ ‘രാഗകല്പദ്രുമത്തിലെ’ സംഗീതജ്ഞാനയമുനയാണ്. ‘രാഗരത്നാകര’ത്തില്‍ ഉള്‍പ്പെടുന്നത് സ്വാമിയുടെ പത്തുപദങ്ങളാണ്. അസാധാരണമായ അനുഭൂതിയുടെ മുരളീഗാനമാണത്. പുഷ്ടി ഭക്തിധാരയുടെ മഹാഗ്രന്ഥശേഖരത്തില് സംഗ്രഹിച്ച ഇരുനൂറു പദങ്ങള്‍ ആത്മാനന്ദത്തിന്റെ പരമപദത്തിലേക്കുള്ള നാദസഞ്ചാരമാണ്. രാമാകൃഷ്ണന്മാരുടെ ഉപവനലീലയും ബാലഗോപലീലയും ആധാരമാക്കിയ യോഗസത്തായ കാവ്യങ്ങള്‍ ഭക്തിമന്ദാരങ്ങളുടെ ശ്രുതി മേളനമാണ്.
യൗഗികാനുഭൂതികളെ നാദയോഗവും അക്ഷരാത്മികയുമായി പരിവര്‍ത്തനം ചെയ്ത ഗോവിന്ദ് സ്വാമിജി വിഷ്ണുപദം പ്രാപിക്കുന്നത് 1642 ലാണ്. ഭക്തിയുടെ ആത്മാനുസന്ധാനത്തില്‍ വിരാഗിയുടെ വിമലവിഭൂതിയാണ് സ്വാമിജി വിരിയിച്ചത്. ആ കൃഷ്ണായന ജീവിതത്തിന്റെ കാന്തി ഭാരതീയ പൈതൃക സമസ്യകള്‍ക്ക് പരഭാഗശോഭയേകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: